തിരുവനന്തപുരം: മസാല ബോണ്ട് വഴി കിഫ്ബിക്കായി സമാഹരിച്ച 2,150 കോടി രൂപയില്‍ 150 ശതമാനത്തോളം അഞ്ചു വര്‍ഷം കഴിയുമ്പോള്‍ മുതലും പലിശയും ചേര്‍ത്ത് തിരിച്ചു നല്‍കേണ്ടിവരുമെന്ന് മന്ത്രി ടി.എം. തോമസ് ഐസക് നിയമസഭയെ അറിയിച്ചു.
മാര്‍ച്ച് 29നാണ് പണം കിഫ്ബിയുടെ അക്കൗണ്ടിലെത്തിയത്. അഞ്ചു വര്‍ഷം കഴിയുമ്പോള്‍ തിരിച്ചു നല്‍കേണ്ട തുക 3,195 കോടി രൂപ വരും. മുതലും പലിശയും ചേര്‍ത്ത് 48.60 ശതമാനം അധിക തുക. ബോണ്ടുവഴി സമാഹരിച്ച തുക യൂണിയന്‍ ബാങ്ക്, എച്ച്ഡിഎഫ്സി, ഐസിഐസിഐ, ആക്‌സിസ് ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, കോട്ടക് മഹീന്ദ്ര, വിജയ ബാങ്ക്, എസ്ബിഐ എന്നിവിടങ്ങളില്‍ നിക്ഷേപിച്ചിട്ടുണ്ട്. കുറവ് തുക എസ്ബിഐയിലും കൂടുതല്‍ തുക എച്ച്ഡിഎഫ്സി, ഐസിഐസിഐ, യൂണിന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവിടങ്ങളിലുമാണ്. മസാല ബോണ്ട് വഴി സമാഹരിച്ച തുകയുടെ വിനിയോഗം സംബന്ധിച്ച വിവരങ്ങള്‍ എല്ലാ മാസവും റിസര്‍വ് ബാങ്കിന് നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ അടിസ്ഥാന സൗകര്യവികസനത്തിനായി ധനസമാഹരണം നടത്തുന്നതിന് സര്‍ക്കാര്‍ രൂപം കൊടുത്ത ധനകാര്യസ്ഥാപനമാണ് കിഫ്ബി. സംസ്ഥാന റവന്യൂ ബജറ്റിന് പുറത്തുനിന്ന് ധനസമാഹരണം നടത്തുകയാണ് കിഫ്ബിയുടെ ലക്ഷ്യം. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ആക്റ്റ് പ്രകാരമാണ് കിഫ്ബിയ്‌ക്ക് രൂപം നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രിയാണ് കിഫ്ബി ചെയര്‍മാന്‍. ധനമന്ത്രി വൈസ് ചെയര്‍മാനും.
















