വാഷിംഗ്ടണ്‍: ഐ എസ് തലവന്‍ ബാഗ്ദാദിയുടെ താവളത്തിലേക്ക് അമേരിക്കന്‍ കമാന്‍ഡോകള്‍ പ്രവേശിക്കുന്ന ആകാശദൃശ്യം പുറത്തുവിട്ട് പെന്റഗണ്‍. ഐഎസ് മേധാവി അബുബക്കര്‍ അല്‍ ബാഗ്ദാദിയെ കൊലപ്പെടുത്തിയ യുഎസ് സ്‌പെഷ്യല്‍ ഫോഴ്‌സ് റെയ്ഡിന്റെ വീഡിയോയും ഫോട്ടോകളും ഇന്നലെയാണ് പെന്റഗണ്‍ പുറത്തുവിട്ടത്. പ്രതിരോധ വകുപ്പ് പങ്കുവച്ച ചിത്രങ്ങളില്‍ ബാഗ്ദാദി കഴിഞ്ഞിരുന്ന വടക്ക്-പടിഞ്ഞാറന്‍ സിറിയയില്‍ യുഎസ് സൈനികര്‍ എത്തുന്നതിന്റെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫൂട്ടേജാണ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് ട്വീറ്ററില്‍ പങ്കുവച്ചത്. ബാഗ്ദാദിയുടെ ഒളിത്താവളത്തിന്റെ മതില്‍ വരെ കമാന്‍ഡോകള്‍ എത്തുന്ന ദൃശ്യങ്ങളാണ് ഇതിലുള്ളത്.
മരണത്തിന് തൊട്ടുമുമ്പ് ബാഗ്ദാദി തുരങ്കത്തിനകത്തേക്ക് കുട്ടികളെയും കൊണ്ട് നുഴഞ്ഞുകയറി. പിന്നീട് തുരങ്കത്തില്‍നിന്ന് വെടിയൊച്ചകള്‍ കേട്ടു. അതിന് ശേഷമാണ് പൊട്ടിത്തെറി ഉണ്ടായതെന്നും കൊല്ലപ്പെട്ട കുട്ടികള്‍ക്ക് 12 വയസില്‍ താഴെ മാത്രമേ പ്രായമുണ്ടാകയുള്ളുവെന്ന് ദൗത്യത്തിനു നേതൃത്വം നല്‍കിയ ജനറല്‍ കെന്നത്ത് മക്കെന്‍സി പറഞ്ഞു. ബാഗ്ദാദിയും രണ്ട് കുട്ടികളും നാല് സ്ത്രീകളും ഒരു പുരുഷനുമടക്കം എട്ടുപേരാണ് കൊല്ലപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. കൊല്ലപ്പെടുന്നതിന് മുമ്പ് സ്ത്രീകള്‍ ചാവേര്‍ ബോംബാകുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. കൊല്ലപ്പെട്ടവരുടെ മൃതദേഹം കടലില്‍ അടക്കിയെന്നും മക്കെന്‍സി വ്യക്തമാക്കി. 2004ല്‍ ഇറാഖി ജയിലില്‍നിന്ന് ശേഖരിച്ച ബാഗ്ദാദിയുടെ ഡിഎന്‍എയുമായി ഒത്തുനോക്കിയാണ് കൊല്ലപ്പെട്ടത് അയാള്‍ തന്നെയാണെന്ന് സ്ഥിരീകരിച്ചത്.
















