സാന്ഗിയാഗോ: രാത്രിയില്‍ ഒരു പിസയോ സാന്‍ഡ് വിച്ചോ കഴിക്കാന്‍ ആഗ്രഹമുള്ളപ്പോള്‍ അതു പറന്ന് നിങ്ങളുടെ അടുത്തേക്ക് വരുന്നത് സ്വപ്നം കണ്ടിട്ടുണ്ടോ. എന്നാല്‍, ഇനി അതു സ്വപ്നമല്ല, ഭക്ഷണം പറന്നെത്തും നിങ്ങളുടെ അടുത്തേക്ക്. ഓണ്‍ലൈന്‍ ഭക്ഷണ ശൃംഖല ദിനംപ്രതി ജനപ്രീതിയില്‍ വന്‍ മുന്നേറ്റമുണ്ടാക്കുന്നതിനിടെ അതിനൂതന പരീക്ഷണത്തിന് ഒരുങ്ങുകയാണ് ഈ മേഖലയിലെ പ്രമുഖരായ യൂബര്‍ ഈറ്റസ്. ഡ്രോണ്‍ വഴി ഭക്ഷണം വിതരണം ചെയ്യുന്നതിനുള്ള എല്ലാ പരീക്ഷണങ്ങളും പൂര്‍ത്തിയാക്കി കഴിഞ്ഞു യൂബര്‍ ഈറ്റ്സ്. ആകാശമാര്‍ഗം ഭക്ഷണം എത്തിക്കുന്ന പുതിയ സാങ്കേതിക വിദ്യയെ ഡെട്രോയിറ്റിലെ ഫോര്‍ബ്സ് അണ്ടര്‍ 30 ഉച്ചകോടിയില്‍ കമ്പനി പരിചയപ്പെടുത്തി. പുതിയ യൂബര്‍ ഈറ്റ്സ് ഡെലിവറി ഡ്രോണ്‍ ഡിസൈന്‍ ഇന്നലെയാണു യൂബര്‍ എലിവേറ്റ് മേധാവി എറിക് ആലിസണ് വെളിപ്പെടുത്തിയത്. അടുത്ത വേനല്‍ക്കാലത്ത് സാന്‍ ഡീഗോയില്‍ ഡ്രോണ്‍ വഴി ഭക്ഷണം വിതരണം ചെയ്യുന്നത് ആരംഭിക്കുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.
പരമാവധി രണ്ടു പേര്‍ക്ക് കഴിക്കാവുന്ന ഭക്ഷണമാണ് ആദ്യഘട്ടത്തില്‍ ഡ്രോണ്‍ വഴി എത്തിക്കാനാവുക. ആറ് റോട്ടറുകള്‍ ഉള്‍ക്കൊള്ളുന്ന ഡ്രോണാണ് ഇതിനായി ഉപയോഗിക്കുന്നത്. ഭക്ഷണം ലോഡ് ചെയ്യാനും അണ്‍ലോഡ് ചെയ്യാനും എട്ടു മിനിറ്റടക്കം 12 മൈല്‍ ദൂരമോ അല്ലെങ്കില്‍ 18 മിനിറ്റ് പറക്കലോ മാത്രമേ പ്രാരംഭ ഘട്ടില്‍ ഡ്രോണുകള്‍ക്ക് ചെയ്യാനാകൂ. റസ്റ്റോറന്റുകളില്‍ നിന്ന് ഡ്രോണ്‍ ഭക്ഷണം ശേഖരിക്കുയും ജിപിഎസ് വഴി ബന്ധപ്പെട്ട ഡ്രൈവറുടെ അടുത്തേക്ക് ഭക്ഷണം എത്തിക്കുകയുമാണ് ആദ്യം ചെയ്യുക. പിന്നീട് അന്തിമഘട്ടത്തില്‍ ഉപഭോക്താവിന് ഭക്ഷണം എത്തിക്കുന്നതും ഡ്രോണ്‍ തന്നെയാകും. കാറുകളുടെ മുകളില്‍ ഡ്രോണ്‍ ലാന്‍ഡ് ചെയ്യുന്ന സാങ്കേതിക വിദ്യയും പരീക്ഷണഘട്ടത്തിലാണ്. ജൂണ്‍ മാസത്തിലാണ് അന്തിമഘട്ടം ഡ്രോണ്‍ പരീക്ഷണം യൂബര്‍ നടത്തിയത്. സാന്‍ ഡിയാഗോയിലെ യൂണിവേഴ്സിറ്റിക്കു സമീപത്തെ മക്ഡോണാള്‍ഡ്സ് റസ്റ്ററന്റ് കേന്ദ്രീകരിച്ചു നടത്തിയ പരീക്ഷണം വിജയമാണെന്നും കമ്പനി.
എന്നാല്‍, ഈ വര്‍ഷം ഒക്റ്റോബറിലാണ് ഡ്രോണ്‍ വഴി ഭക്ഷണ വിതരണത്തിന് ബന്ധപ്പെട്ട അധികൃതരില്‍ നിന്നു യൂബറിന് അനുമതി ലഭിച്ചത്. ആശുപത്രികള്‍ കേന്ദ്രീകരിച്ചുള്ള ഭക്ഷണ വിതരണത്തിനാണ് ആദ്യഘട്ടത്തില്‍ ഡ്രോണ്‍ ഉപയോഗിക്കുക. മാസങ്ങള്‍ക്കുള്ളില്‍ ഡ്രോണ്‍ വഴി സാധനങ്ങളുടെ വിതരണം ആരംഭിക്കുമെന്ന് പ്രമുഖ ഇ കോമേഴ്സ് ഗ്രൂപ്പായ ആമസോണിന്റെ പ്രഖ്യാപനത്തിനു പിന്നാലെയാണു യൂബറിന്റെ വെളിപ്പെടുത്തലും. അതേസമയം, അതിസങ്കീര്‍ണമായ സാങ്കേതിക വിദ്യയാണ് ഡ്രോണ്‍ വഴിയുള്ള ഭക്ഷണവിതരണത്തിന് വേണ്ടിവരുന്നത്. ആകാശത്തുള്ള എല്ലാ തടസങ്ങളേയും തിരിച്ചറിയാന്‍ ഡ്രോണിനാകണം. ഉയര്‍ന്ന മരങ്ങള്‍, പോസ്റ്റുകള്‍, വയറുകള്‍, പക്ഷികള്‍ തുടങ്ങി എല്ലാത്തിനേയും തിരിച്ചറിഞ്ഞ് വേണം ഡ്രോണിന് ലക്ഷ്യസ്ഥാനത്ത് എത്താന്‍. അതിനാല്‍ ഓരോദിവസവും പുതിയ പരീക്ഷണങ്ങള്‍ നടന്നുവരികയാണെന്നും യൂബര്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: