കോട്ടയം: ശബരിമല വിശ്വാസികള്‍ക്കെതിരെ പിണറായി സര്‍ക്കാരിനൊപ്പം ചേര്‍ന്ന് വനിത മതില്‍ നിര്‍മ്മിച്ചവര്‍ സ്വന്തം വിശ്വാസ സംരക്ഷണത്തിനായി തെരുവില്‍ വിശ്വാസച്ചങ്ങല തീര്‍ക്കുന്നു. തങ്ങളുടെ വിശ്വാസവും പാരമ്പര്യവും കാത്തുസൂക്ഷിക്കാനും പള്ളികളും സെമിത്തേരികളും സംരക്ഷിക്കാനുമായി യാക്കോബായ സഭയാണ് വിശ്വാസച്ചങ്ങല തീര്‍ക്കുമെന്ന് അറിയിച്ചിരിക്കുന്നത്. കോട്ടയത്ത് ഞായറാഴ്ച മൂന്നിനാണ് മണര്‍കാട് പള്ളിയില്‍നിന്ന് കോട്ടയത്തേക്ക് വിശ്വാസച്ചങ്ങല തീര്‍ക്കുന്നത്.
സ്ത്രീകളും കുട്ടികളുമടക്കം അര ലക്ഷത്തിലേറെ വിശ്വാസികള്‍ ചങ്ങലയില്‍ കണ്ണികളാകുമെന്നാണ് സഭാ നേതൃത്വം അറിയിച്ചിരിക്കുന്നത്. മണര്‍കാട് മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ നേതൃത്വത്തില്‍ കോട്ടയം ഭദ്രാസനത്തിലെ എല്ലാ പള്ളികളെയും ഉള്‍പ്പെടുത്തിയാണ് പരിപാടി.
മണര്‍കാട് പള്ളിയിലെ പ്രധാന മദ്ബഹയില്‍നിന്ന് തുടങ്ങുന്ന വിശ്വാസച്ചങ്ങല പത്ത് കിലോമീറ്റര്‍ പിന്നിട്ട് കോട്ടയം തിരുനക്കരയിലെ ഗാന്ധി സ്‌ക്വയറില്‍ അവസാനിക്കും. മണര്‍കാട് പള്ളിയിലെ 16 കരകളിലെ മുഴുവന്‍ ഇടവകാംഗങ്ങളും കോട്ടയം ഭദ്രാസനത്തിലെ മറ്റ് 48 യാക്കോബായ പള്ളികളിലെയും ക്‌നാനായ, സിംഹാസന പള്ളികളിലെയും ഇടവകാംഗങ്ങളും ചങ്ങലയില്‍ അണിനിരക്കും. മണര്‍കാട് പള്ളിക്കവല, മണര്‍കാട് കവല, വടവാതൂര്‍, കളത്തിപ്പടി, കഞ്ഞിക്കുഴി, കോട്ടയം എന്നിവിടങ്ങളില്‍ ഞായറാഴ്ച ഐക്യദാര്‍ഢ്യ യോഗങ്ങള്‍ നടക്കും. വിവിധ മതസാംസ്‌കാരികസാമൂഹിക നേതാക്കള്‍ വിവിധ യോഗങ്ങളില്‍ പ്രസംഗിക്കും. ശബരിമലയിലെ വിശ്വാസത്തെ തകര്‍ക്കാനായി കഴിഞ്ഞ ജനുവരി ഒന്നിന് നടന്ന വനിതാ മതിലിന് എല്ലാവിധ പിന്തുണയും യാക്കോബായ സഭ നല്‍കിയിരുന്നു. അന്ന് ഒരു ലക്ഷം പേരെയാണ് ശബരിമലക്കെതിരെ യാക്കോബായ സഭ തെരുവില്‍ അണിനിരത്തിയത്. സുന്നഹദോസാണ് ഇതിന് അനുമതി നല്‍കിയിരുന്നത്.
















