തിരുവനന്തപുരം: വാളയാറില്‍ സഹോദരിമാര്‍ ലൈംഗികപീഡനത്തിന് ഇരയായി മരണപ്പെട്ട സംഭവത്തില്‍ പ്രതിഷേധത്തിന്റെ ഭാഗമായി ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത് യുഡിഎഫ്. നവംബര്‍ അഞ്ചിന് പാലക്കാട് ജില്ലയിലാവും യുഡിഎഫ് ഹര്‍ത്താല്‍ ആചരിക്കുക. ഇന്ന് ചേര്‍ന്ന യുഡിഎഫ് യോഗത്തിലാണ് ഇക്കാര്യം സംബന്ധിച്ച തീരുമാനം നേതൃത്വം എടുത്തത്. അതേസമയം, മന്ത്രി എ.കെ ബാലന്റെ വസതിയിലേക്ക് എബിവിപി നടത്തിയ മാര്‍ച്ചിനു നേരെ പോലീസ് അതിക്രമം അഴിച്ചുവിട്ടു. എബിവിപി സംസ്ഥാന സെക്രട്ടറി വി. മനുപ്രസാദ് ഉള്‍പ്പടെയുള്ള പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. നിരവധി പേര്‍ക്ക് പരിക്കേറ്റു.
സ്‌റ്റേഷനില്‍ എത്തിച്ച എബിവിപി പ്രവര്‍ത്തകരോട് പോലീസ് വളരെ മോശമായാണ് പെരുമാറിയത്. യാതൊരു വിധ മാനുഷിക പരിഗണനയും ഇവര്‍ക്ക് ലഭിച്ചില്ല. വാളയാര്‍ കേസില്‍ ഉന്നതതല അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് നിയമ മന്ത്രി എ.കെ ബാലന്റെ വസതിയിലേ്ക്ക് എബിവിപി മാര്‍ച്ച് നടത്തിയത്. വാളയാര്‍ വിഷയത്തില്‍ പാലക്കാട് എസ്പി ഓഫീസിലേയ്‌ക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായിരുന്നു. മാര്‍ച്ച് പോലീസ് തടഞ്ഞതിനെ തുര്‍ന്നാണ് സ്ഥലത്ത് സംഘര്‍ഷം ഉണ്ടായത്. പാലക്കാട് വാളയാറിലെ സഹോദരിമാരുടെ ദുരൂഹ മരണത്തില്‍ പുനരന്വേഷണം വേണമെന്ന് ബിജെപിയും ആവശ്യപ്പെട്ടിരുന്നു.
പോലീസും പ്രോസിക്യൂഷനും ചേര്‍ന്ന് കേസ് അട്ടിമറിച്ചതിനാലാണ് പ്രതികളെ കോടതി വെറുതെ വിട്ടതെന്നാണ് ആരോപണം. സിപിഎം, കോണ്‍ഗ്രസ്സ് നേതാക്കള്‍ പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ ഒത്താശ ചെയ്‌തെന്നും ബിജെപി സംസ്ഥാന സെക്രട്ടറി സി. കൃഷ്ണകുമാര്‍ ആരോപിച്ചിരുന്നു.















