തിരുവനന്തപുരം: വര്‍ക്കല സ്‌കൂളില്‍ ദീപാവലി ആഘോഷിച്ചതിനു കബടി സംസ്ഥാന താരത്തെ പോലീസ് ക്രൂരമായി നിലത്തിട്ടു ചവിട്ടി. ഇതിന്‍റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. അടുത്ത ആഴ്ച ദേശിയ സ്‌കൂള്‍ മീറ്റില്‍ പങ്കെടുക്കാനിരിക്കുന്ന കേരളത്തിന്റെ താരമാണ് ക്രൂരമായി മര്‍ദ്ദിക്കപ്പെട്ടത്. വിവരമറിഞ്ഞ് സ്റ്റേഷനിലെത്തിയ കുട്ടിയുടെ പിതാവിനെ പോലീസ് അസഭ്യം പറഞ്ഞു. പടക്കം പൊട്ടിച്ച കുറ്റത്തിനു വിദ്യാര്‍ത്ഥിയുടെ രക്ഷിതാവ് പ്രിന്‍സിപ്പാളിനോട് ക്ഷമ പറഞ്ഞ് പ്രശ്നം തീര്‍ന്നപ്പോഴായിരുന്നു പോലീസ് സ്കൂളിലേക്ക് വന്നത്.
മര്‍ദ്ദിക്കരുതെന്ന് വിദ്യാര്‍ത്ഥി കരഞ്ഞു പറഞ്ഞിട്ടും പോലീസ് കേട്ടില്ല. തുടര്‍ന്ന് മുഖത്തടിയേറ്റ വിദ്യാര്‍ത്ഥി നിലത്തു വീഴുകയായിരുന്നുവെന്ന് സംഭവം കണ്ടുനിന്നിരുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ പറഞ്ഞു. സ്‌കൂളില്‍ പടക്കം പൊട്ടിച്ചതിനായിരുന്നു മര്‍ദനം. നവംബര്‍ ഏഴിന് ദേശീയ മീറ്റില്‍ പങ്കെടുക്കാനിരിക്കുന്ന താരമാണ് വിദ്യാര്‍ഥി. മര്‍ദ്ദനത്തേതുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴിക്കും തന്നെ മര്‍ദിച്ചെന്ന് വിദ്യാര്‍ഥി പറഞ്ഞു. അതേസമയം പ്രിന്‍സിപ്പല്‍ ആവശ്യപ്പെട്ടതു പ്രകാരമാണ് സ്‌കൂളിലെത്തിയതെന്നാണ് പോലീസിന്റെ വിശദീകരണം.
സ്‌കൂളിന്റെ നടയില്‍ വച്ച് വര്‍ക്കല എസ് ഐയുടെ നേതൃത്വത്തില്‍ ആറുപോലീസുകാര്‍ ചേര്‍ന്നാണ് സുധീഷ് എന്ന വിദ്യാര്‍ഥിയെ തിരഞ്ഞു പിടിച്ച് നിലത്തിട്ടു ചവിട്ടിയത്. സ്‌കൂളുകളില്‍ പോലീസ് കടന്ന് ലാത്തി വീശരുതെന്ന് നിയമം നിലനില്‍ക്കെയാണ് പോലീസിന്റെ അക്രമം. പോലീസിനു ലാത്തി വീശാന്‍ മാത്രമുള്ള ഒരു സാഹചര്യവും സ്‌കൂളില്‍ ഇല്ലായിരുന്നു. സ്‌കൂള്‍ സമയം തുടങ്ങുന്നതിനു മുന്‍പ് പടക്കം പൊട്ടിച്ചുവെന്നതായിരുന്ന പരാതി. ഇന്നലെ സ്‌കൂളില്‍ കലോത്സവമായിരുന്നു. എന്നാല്‍ കുട്ടികള്‍ രാവിലെയായിരുന്നു പടക്കം പൊട്ടിച്ചിരുന്നത്. പിന്നീട് പ്രിന്‍സിപ്പിള്‍ കുട്ടികളോട് ഇതു നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും നിര്‍ത്താത്തതുകൊണ്ടാണ് പോലീസിനെ വിളിച്ചതെന്ന് പോലീസ് തന്നെ പറയുന്നു.














