മൂന്നാം അദ്ധ്യായം മൂന്നാം പാദം
ഇതിലെ അവസാന അധികരണമായ യഥാശ്രയ ഭാവാധികരണം തുടരുന്നു.
സൂത്രം ഗുണസാധാരണ്യ ശ്രുതേശ്ച
എല്ലാറ്റിനും ആശ്രയമായ ഓങ്കാരത്തിന്റെ ഗുണങ്ങള്‍ പൊതുവായി സാധാരണയായിട്ടുള്ളവയാണെന്ന് ശ്രുതിയില്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളതിനാല്‍ സമുച്ചയത്തിന് വിരോധമില്ല.
ഓങ്കാരത്തിന്റെ വര്‍ണനം വിദ്യാഗുണമായും വിദ്യാശ്രയമായും മൂന്ന് വേദങ്ങളിലും സമാനമായി കാണാം. അങ്ങനെയെങ്കില്‍ അതിനെ ആശ്രയിക്കുന്ന വിദ്യകളും ഒരുമിച്ച് ചേര്‍ക്കാമെന്ന് പൂര്‍വപക്ഷം പറയുന്നു. ഉദ്ഗീഥം മുതലായ ഉപാസനകള്‍ എല്ലാ അവയവങ്ങളോടും കൂടി പ്രയോഗിക്കണമെന്ന് എല്ലായിടത്തും തുല്യമായി പറഞ്ഞിട്ടുണ്ട്. ആശ്രയങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്നവയായതിനാല്‍ ജ്ഞാനാംഗങ്ങള്ക്ക് കര്‍മ്മങ്ങളോട് സമുച്ചയം വന്നു ചേരുന്നതിന് ശ്രുതിയുടെ സമ്മതമുണ്ടെന്നും ഇവര്‍ വാദിക്കുന്നു.
സൂത്രം ന വാ തത് സഹഭാവാശ്രുതേഃ
അങ്ങനെ സഹഭാവത്തെ നിര്‍ദ്ദേശിക്കുന്ന ശ്രുതിയില്ലാത്തതിനാല് അങ്ങനെയുള്ള സമുച്ചയം പാടില്ല.
കഴിഞ്ഞ 4 സൂത്രങ്ങളില്‍ പറഞ്ഞ പൂര്വപക്ഷത്തിന്റേതായ സമുച്ചയവാദത്തെ നിരാകരിക്കുകയാണ് അടുത്ത രണ്ട് സൂത്രങ്ങള്‍ കൊണ്ട് ചെയ്യുന്നത്.
കര്‍മ്മാംഗങ്ങളെ കര്‍മ്മം ആശ്രയിക്കുന്നതുപോലെ ഉപാസനകള്‍ കര്‍മ്മങ്ങളെ ആശ്രയിക്കണമെന്നില്ല. ശ്രുതി അങ്ങനെ പറയുന്നില്ല. ഉപാസനകളുടെ അംഗങ്ങളെ യജ്ഞ കര്‍മ്മങ്ങളുമായി സമുച്ചയിക്കാന്‍ ശ്രുതി നിര്‍ദ്ദേശിക്കുന്നില്ല.
അതിനാല്‍ കര്‍മ്മങ്ങളെ കര്‍മ്മങ്ങളോട് സമുച്ചയിക്കും പോലെ ഉപാസനകളെ കര്‍മ്മങ്ങളോട് സമുച്ചയിക്കാനാവില്ല.
കര്‍മ്മങ്ങള്‍ പലര്‍ക്കും വേണ്ടി ചെയ്യുന്നവയാണ്. എന്നാല്‍ ഉപാസന ഉപാസകന് വേണ്ടി മാത്രമാണ്. കര്‍മ്മങ്ങളുടെ ഫലം ആദ്ധ്യാത്മികമാണ കണമെന്നില്ല. എന്നാല്‍ ഉപാസനയുടെ ഫലം ഉപാസകനെ പരമപുരുഷാര്‍ത്ഥ പ്രാപ്തിയെ നേടിത്തരും. അതിനാല്‍ വിദ്യാംഗങ്ങളെ കര്മ്മാംഗങ്ങളോട് സമുച്ചയിക്കാനാവില്ല.
സൂത്രം ദര്‍ശനാച്ച
ശ്രുതിയില്‍ പറഞ്ഞിട്ടുള്ളതിനാല്‍.
ജ്ഞാനാംഗങള്ക്ക് സമുച്ചയമില്ലെന്ന് ശ്രുതിയും വ്യക്തമാക്കുന്നു.
ഛാന്ദോഗ്യത്തില്‍ ‘ഏവം വിദ്ധവൈ ബ്രഹ്മ യജ്ഞം യജമാനം സര്‍വാംശ്ച ഋത്വി ജോ/ഭിരക്ഷതി ‘ ഇതറിയുന്ന ബ്രഹ്മന്‍ അഥവാ പുരോഹിതന് യജ്ഞത്തേയും യജമാനനേയും എല്ലാ ഋത്വിക്കുകളേയും രക്ഷിക്കുന്നു.
എല്ലാ ജ്ഞാനാംഗങ്ങളേയും കൂട്ടിച്ചേര്‍ക്കാമെന്ന് വന്നാല്‍ എല്ലാം എല്ലാവര്ക്കും അറിയാമെന്ന് വരും.അപ്പോള്‍ പുരോഹിതന് മറ്റുള്ളവരെ രക്ഷിക്കമെന്ന് പറയുന്നതിന് അര്‍ത്ഥമില്ലാതെ വരും.
എല്ലാ വിദ്യകളെയും ഒരു പോലെ കാണുന്നയാള്‍ എല്ലാം അറിയുന്നയാള്‍ എന്നാണ് ന്യായം.അങ്ങനെയുള്ളയാള്‍ക്ക് മറ്റൊരാളെ രക്ഷിക്കേണ്ട കാര്യമില്ല. അതിനാല്‍
ഉപാസനകളെ സംബന്ധിച്ചിടത്തോളം എല്ലാം ഒന്നായിട്ടോ അയാളുടെ ഇഷ്ടപ്രകാരം പ്രത്യേകമായോ അനുഷ്ഠിക്കാം ഇന്നപോലെ ആകണമെന്ന് നിര്‍ബന്ധമില്ല.
ഇതോടെ മൂന്നാം പാദം കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: