ന്യൂദല്‍ഹി: ഹരിയാനയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ലോഖിത് പാര്‍ട്ടി നേതാവ് ഗോപാല്‍ കാണ്ഡെയുടെ പിന്തുണ ബിജെപി സ്വീകരിക്കാത്തതിനെ പ്രകീര്‍ത്തിച്ച് പാര്‍ട്ടി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. വിഷയത്തില്‍ കോണ്‍ഗ്രസിനെ വെല്ലുവിളിച്ചും സ്വാമി രംഗത്തെത്തി. ഒരു യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണമുയര്‍ന്ന് നേതാവിന്റെ പിന്തുണ വേണ്ടെന്ന് വയ്‌ക്കാന്‍ ബിജെപി ആര്‍ജവം കാട്ടി. സ്വന്തം ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ട് കേസ് നേരിടുന്ന ശശി തരൂര്‍ എംപിയെ ഒഴിവാക്കാന്‍ കോണ്‍ഗ്രസ് ധൈര്യം കാട്ടുമോ എന്നു സുബ്രഹ്മണ്യം സ്വാമി. കാണ്ഡെയെക്കാള്‍ ഗുരുതര ആരോപണം നേരിടുന്ന നേതാവാണ് തരൂര്‍. കാണ്ഡെയുടെ പിന്തുണ ബിജെപി തേടുമെന്ന് റിപ്പോര്‍ട്ട് വന്നപ്പോള്‍ അതിനെ എതിര്‍ത്ത് രംഗത്തു വന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തരൂരിന്റെ വിഷയത്തില്‍ എന്താണ് നിലപാടെന്നും സ്വാമി. ഭാര്യയുടെ അസ്വാഭാവിക മരണത്തിലേക്ക് നയിച്ചു എന്ന ഗുരുതര കുറ്റമാണ് തരൂരിന് മേലുള്ളത്. തരൂരിനെ പൊതുജനാഭിപ്രായം സ്വീകരിച്ച് പുറത്താക്കാന്‍ കോണ്‍ഗ്രസ് തയാറുണ്ടോ. ഹരിയാനയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബിജെപി ആരുടേയും പിന്തുണ തേടുമെന്ന മനീഷ് തീവാരിയുടെ ആരോപണത്തിന് മറുപടി നല്‍കുകയായിരുന്നു സ്വാമി.
കാണ്ഡെയുടെ പിന്തുണ സ്വീകരിക്കില്ലെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദും ബിജെപി നേതാവ് അനില്‍ വിജും വ്യക്തമാക്കിയിരുന്നു. . 90 അംഗ ഹരിയാന നിയമസഭയില്‍ 10 സീറ്റുകള്‍ നേടിയ ദുഷ്യന്ത് ചൗട്ടാലയുടെ പുതിയ രാഷ്‌ട്രീയ പാര്‍ട്ടിയായ ജന്‍നായക് ജനതാ പാര്‍ട്ടിയുമായി (ജെജെപി) ചേര്‍ന്നാണ് ഹരിയാനയില്‍ സര്‍ക്കാര്‍ രൂപീകരിച്ചത്. ഗോപാല്‍ കാണ്ഡെയെ സര്‍ക്കാറില്‍ ഉള്‍പ്പെടുത്തുന്നതു പോട്ടെ അദ്ദേഹത്തിന്റെ പിന്തുണ പോലും പാര്‍ട്ടി സ്വീകരിക്കില്ലെന്നും ബിജെപി ലെജിസ്ലേറ്റീവ് പാര്‍ട്ടി യോഗത്തിന് മുമ്പ് വിജ് പറഞ്ഞു. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ 40 സീറ്റുകള്‍ നേടിയ പാര്‍ട്ടി നേരത്തെ സ്വതന്ത്രരുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിച്ചിരുന്നു. വ്യക്തിത്വമുള്ള ആളുകളുമായി മാത്രമേ സഖ്യമുണ്ടാകാവൂവെന്ന് നേതാവായ ഉമാ ഭാരതി വ്യക്തമാക്കി. ഗോപാല്‍ കാണ്ഡെ നിരപരാധിയാണോ കുറ്റവാളിയാണോ എന്നത് തെളിവുകളുടെ അടിസ്ഥാനത്തില്‍ നിയമപ്രകാരം തീരുമാനിക്കപ്പെടുമെന്നും ഭാരതി ട്വീറ്റിലുടെ പറഞ്ഞു. 2012 ല്‍ തന്റെ വിമാന കമ്പനിയില്‍ ജോലി ചെയ്തിരുന്ന എയര്‍ ഹോസ്റ്റസിന്റെ ആത്മഹത്യയ്‌ക്ക് പിന്നില്‍ കാണ്ഡെയാണെന്നാണ് ആരോപണം. ഏതാനും മാസങ്ങള്‍ക്ക് ശേഷം പെണ്‍കുട്ടിയുടെ അമ്മയും ആത്മഹത്യ ചെയ്തു.അതു വന്‍ വിവാദമാവുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് കാണ്ഡെയുടെ പിന്തുണ സ്വീകരിക്കാന്‍ ബിജെപി മുതിരാഞ്ഞത്.
















