വാഷിങ്ടണ്‍ : ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടു. സിറിയയില്‍ യുഎസ് സൈന്യം നടത്തിയ തെരച്ചിലിനിടെയാണ് ബാഗ്ദാദി കൊല്ലപ്പെട്ടത്.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എന്തോ വലുത് അല്‍പ്പം മുമ്പ് സംഭവിച്ചതായി ട്വീറ്റ് ചെയ്തിരുന്നു. അതിനു പിന്നാലെയാണ് ബാഗ്ദാദി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല. എന്നാല്‍ ട്രംപ് ഉടന്‍ തന്നെ പ്രധാനപ്പെട്ട പ്രസ്താവന നടത്തുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.
സിറിയ വടക്ക് പടിഞ്ഞാറന്‍ ഇദ്‌ലിബ് പ്രവിശ്യയില്‍ യുഎസ് സൈന്യം നടത്തിയ ഏറ്റുമുട്ടലിലാണ് ബാഗ്ദാദി കൊല്ലപ്പെട്ടത്. ഇതുസംബന്ധിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
സിറിയയില്‍ നിന്നും യുഎസ് സൈന്യത്തെ പിന്‍വലിച്ച ട്രംപിന്റെ നടപടിക്കെതിരെ യുഎസില്‍ ഡെമോക്രാറ്റിക്, റിപ്പബ്ലിക്കന്‍ പ്രവര്‍ത്തകര്‍ രംഗത്ത് എത്തിയിരുന്നു. അതിനിടയിലാണ് ഐഎസ് തലവനെ കൊലപ്പെടുത്തിയ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.
അതേസമയം ആക്രമണത്തില്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായാണ് സൈന്യം വ്യക്തമാക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നും സ്ഥിരീകരണം പിന്നീടുണ്ടാകുമെന്നും ന്യൂസ് വീക്കും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇതോടെ ലോകത്തിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ താക്കീത് കൂടിയാണ് യുഎസ് നല്‍കിയിരിക്കുന്നത്. മുമ്പ് അല്‍ഖ്വയ്ദ ഭീകരന്‍ ഒസാമ ബിന്‍ ലാദനെ വധിച്ചതും യുഎസ് സൈന്യം ആയിരുന്നു. ബഗ്ദാദിയെ പിടികൂടാനോ കൊലപ്പെടുത്താനോ സഹായിക്കുന്നവര്‍ക്ക് ഒരു കോടി ഡോളര്‍ (60 കോടി രൂപ) പ്രതിഫലം നല്‍കുമെന്ന് യുഎസ് വിദേശകാര്യവകുപ്പ് 2011-ല്‍ പ്രഖ്യാപിച്ചിരുന്നു.
















