എടക്കാട് ബറ്റാലിയന് 06 ചിത്രം കണ്ടവരാരും അതിലെ എടക്കാട് ബോയ്സ് എന്ന ഗ്യാങിനെ മറക്കാന്‍ ഇടയില്ല. ആ ഗ്യാങില്‍ ഉള്‍പ്പെട്ട നങ്കു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയനായ ശങ്കര്‍ ഇന്ദുചൂഡന്റെ വിശേഷങ്ങളിലേക്ക്…
ഒരു പട്ടാളക്കാരന്റെ ജീവിതം പ്രമേയമാക്കിയുള്ള എടക്കാട് ബറ്റാലിയന് 06 ന്റെ ഭാഗമായതിനെക്കുറിച്ച്?
തിരക്കഥയാണ് എടക്കാട് ബറ്റാലിയനിലേക്ക് ആകര്‍ഷിച്ച പ്രധാന ഘടകം. പി. ബാലചന്ദ്രന് തിരക്കഥ രചിച്ച ചിത്രങ്ങള്‍ എല്ലാം തന്നെ ഏറെ ഇഷ്ടമായിരുന്നു. പവിത്രം, കമ്മട്ടിപ്പാടം ഈ ചിത്രങ്ങളൊക്കെ നല്ല നിലവാരത്തിലുള്ളവയായിരുന്നു. അദ്ദേഹം തിരക്കഥ നിര്‍വഹിച്ച എടക്കാട് ബറ്റാലിയനും ശ്രദ്ധേയമാകുമെന്നൊരു പ്രതീക്ഷയുണ്ടായിരുന്നു. സ്വപ്നേഷ് കെ. നായര്‍ എന്ന പുതുമുഖ സംവിധായകന് ഒരുക്കുന്ന ചിത്രം. ടൊവിനോ തോമസ് നായകനാകുന്ന ചിത്രം എന്ന നിലയില്‍ പ്രേക്ഷകരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാവും. അതുകൊണ്ടെല്ലാം തന്നെ ചിത്രത്തിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്.
മനുഷ്യന് എന്ന നിലയില്‍ എല്ലാവരിലും നന്മയും തിന്മയുമുണ്ട്. ചിത്രത്തില്‍ എന്റെ കഥാപാത്രം ഇന്നത്തെ യുവതലമുറയുടെ പ്രതിനിധിയാണ്. ടൊവിനോ അവതരിപ്പിക്കുന്ന ഷഫീഖ് മുഹമ്മദ് എന്ന പട്ടാളക്കാരന്റെ ജീവിതത്തില്‍ എടക്കാട് ബോയ്സ് ഉണ്ടാക്കുന്ന സംഘര്‍ഷഭരിതമായ നിമിഷങ്ങളും ഒരു പട്ടാളക്കാരന് സമൂഹത്തില്‍ നടത്തുന്ന ഇടപെടലുകളും സ്വാധീനവുമെല്ലാം ആണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.
യുവനടന്മാരില് ശ്രദ്ധേയനായ ടൊവിനോ തോമസിനൊപ്പമുള്ള അഭിനയത്തെക്കുറിച്ച്?
ടൊവിനോയ്ക്കൊപ്പം ആദ്യമായാണ് അഭിനയിക്കുന്നത്. കോമ്പിനേഷന്‍ സീനുകള്‍ മികവുറ്റതാക്കാന്‍ അദ്ദേഹം ഒരുപാട് സഹായിച്ചിരുന്നു. മൂത്ത സഹോദരനോടെന്നപോലെ ഇടപെടാനുള്ള സ്വാതന്ത്ര്യം നല്‍കിയിരുന്നു. ടൊവിനോ വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വ്യക്തിയാണ്. മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന നടനും. അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ സാധിച്ചതും സന്തോഷം നല്കുന്നു.
കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ എന്താണ് മാനദണ്ഡം?
നമുക്ക് കിട്ടുന്ന കഥാപാത്രങ്ങള്‍ നെഗറ്റീവ് എന്നോ പോസിറ്റീവ് എന്നോ നോക്കിയല്ല തിരഞ്ഞെടുക്കുന്നത്. അഭിനയസാധ്യത മാത്രമാണ് നടന് എന്ന നിലയില്‍ പരിഗണിക്കുന്നത്. നല്ല രീതിയില്‍ അഭിനയിച്ച് ഫലിപ്പിക്കുക എന്നതിനാണ് പ്രാധാന്യം. മികച്ച അഭിനേതാവ് എന്ന വിശ്വാസം നേടിയെടുക്കുകയാണ് വേണ്ടത്. റേഞ്ച് ഉള്ള നടന് ആണെന്ന് പ്രേക്ഷക അഭിപ്രായം നേടാന്‍ സാധിക്കണം. എല്ലാത്തിനും അതിന്റേതായ സമയം ഉണ്ടെന്നാണ് വിശ്വസിക്കുന്നത്. നായകനായും അഭിനയിക്കണം എന്നാണ് ആഗ്രഹം. തേടിവരുന്ന കഥാപാത്രങ്ങളെ മികവുറ്റതാക്കുക. ഉള്ളിലുള്ള കലയെ പരമാവധി പൂര്‍ണ്ണതയിലെത്തിക്കണം. എല്ലാ വേഷവും കൈകാര്യം ചെയ്യണമെങ്കില്‍ പലവഴികളിലൂടെ സഞ്ചരിക്കണം എന്നാണ് കരുതുന്നത്.
സിനിമ കൂടാതെയുള്ള ഇഷ്ടങ്ങള്‍?
അഭിനയത്തിന് പുറമെ, യാത്ര ചെയ്യാനും യാത്രാ വിവരണങ്ങള്‍ എഴുതാനുമാണ് ഇഷ്ടം. ചിലതൊക്കെ മാഗസിനുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പല നാടുകളിലും പോയി അവിടുത്തെ കാര്യങ്ങള്‍ അറിയാനും ആ പ്രദേശത്തെ സംസ്കാരം മനസ്സിലാക്കാനും ആളുകളുമായി ഇടപഴകാനും ശ്രമിക്കാറുണ്ട്. എഴുതാന്‍ വേണ്ടിയല്ല യാത്ര ചെയ്യുന്നത്. യാത്രക്ക് ശേഷം എഴുത്ത് സ്വാഭാവികമായി സംഭവിക്കുന്നതാണ്. ഹിമാലയം, നേപ്പാള്‍, ടിബറ്റ് തുടങ്ങി മലനിരകളോടാണ് പ്രിയം. അച്ഛന് ഇന്ദുചൂഡന് ഫോറസ്റ്റ് ഓഫീസറായിരുന്നതുകൊണ്ട് കുട്ടിക്കാലം തൊട്ടേ നിരവധി കാടുകളിലൂടെയും മറ്റും യാത്ര ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. വരാണാസി യാത്രയ്ക്കിടയിലാണ് എടക്കാട് ബറ്റാലിയനിലേക്കുള്ള ക്ഷണം ലഭിക്കുന്നത്. മോഡലിങ്ങും സന്തോഷം നല്കുന്നു. പരസ്യചിത്രങ്ങളില്‍ അഭിനയിക്കാറുണ്ട്.
നിയമ വിദ്യാര്‍ത്ഥി എങ്ങനെയാണ് സിനിമയിലെത്തിയത്?
സിനിമ ചെറുപ്പം തൊട്ടേ ആഗ്രഹിച്ച മേഖലയാണ്. കുട്ടിക്കാലം മുതല്‍ ധാരാളം സിനിമകള്‍ കാണുമായിരുന്നു. സിനിമയിലേക്ക് എത്തിപ്പെടാന്‍ സാധിക്കുമോ എന്നൊന്നും അന്ന് അറിയില്ലായിരുന്നു. ഉള്ളില്‍ പക്ഷേ തീവ്രമായ ആഗ്രഹം ഉണ്ടായിരുന്നു. ആദ്യ സിനിമയായ ‘രക്ഷാധികാരി ബൈജു ഒപ്പി’ലേക്ക് ഓഡിഷന് വഴിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. രഞ്ജന്‍ പ്രമോദായിരുന്നു ചിത്രത്തിന്റെ സംവിധായകന്. അതില്‍ ഹരി കുമ്പളം എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ആ വേഷവും ശ്രദ്ധ നേടി. എല്‍എല്‍ബി മൂന്നാം വര്‍ഷം പഠിക്കുമ്പോഴാണ് അതിലേക്ക് ക്ഷണം കിട്ടിയത്. പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ പിന്നെയും അവസരങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ ക്ലാസുകള്‍ നഷ്ടപ്പെടുമെന്നതിനാല്‍ പലതും ഉപേക്ഷിക്കേണ്ടി വന്നു. നല്ല ടീമിനൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കുമ്പോള്‍ അത് പ്രയോജനപ്പെടുത്തുക എന്ന നിലപാടാണ് സ്വീകരിച്ചത്. എല്‍എല്‍ബി പൂര്‍ത്തിയാക്കി ആദ്യമായി ചെയ്തത് എടക്കാട് ബറ്റാലിയന് 06 ആണ്. ആറാമത്തെ ചിത്രമാണ് ഇത്. സിനിമയുമായി ബന്ധപ്പെട്ട എല്ലാ നിമിഷങ്ങളും ഓര്‍മ്മയില്‍ സൂക്ഷിക്കുന്നവയാണ്.
സ്കൂള്‍- കോളേജ് കാലഘട്ടത്തെക്കുറിച്ച്?
മലപ്പുറം നിലമ്പൂര്‍ പിവിഎസ് സ്കൂളിലായിരുന്നു എല്‍കെജി- യുകെജി പഠനം. തുടര്‍ന്ന് തൃശൂര്‍ പൂച്ചട്ടി ഭാരതീയ വിദ്യാഭവനില്‍. മൂന്നാം ക്ലാസുതൊട്ട് പ്ലസ് ടു വരെ എളമക്കര ഭാരതീയ വിദ്യാഭവനിലായിരുന്നു. അവിടെ പഠിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. ഡെറാഡൂണ്‍ യൂണിവേഴ്സിറ്റി ഓഫ് പെട്രോളിയം ആന്‍ഡ് എനര്‍ജി സ്റ്റഡീസിലായിരുന്നു നിയമ പഠനം. സിനിമയിലേക്കുള്ള കടന്നുവരവ് സംഭവിച്ചത് കോളേജ് പഠനകാലയളവിലാണ്. ഒരു കലാകാരനെന്ന നിലയില്‍ എന്നെ പരുവപ്പെടുത്തിയെടുത്തതില്‍ സ്കൂള്‍-കോളേജ് കാലഘട്ടത്തിന് നിര്‍ണായക പങ്കുണ്ട്.
നടനായപ്പോള്‍ കുടുംബത്തിന്റെ പ്രതികരണം ?
കുടുംബത്തിന്റെ പിന്തുണ വേണ്ടുവോളമുണ്ട്. അച്ഛന് ഡോ.എന്‍.സി. ഇന്ദുചൂഡന്. കേരള ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റില്‍ ഡെപ്യൂട്ടി കണ്‍സര്‍വേറ്ററായിരുന്നു. പരിസ്ഥിതി ശാസ്ത്രജ്ഞനായ അച്ഛന് നല്ലൊരു പ്രഭാഷകന്‍ കൂടിയാണ്. അമ്മ ശ്യാമ. സഹോദരി പാര്‍വ്വതി ചെന്നൈയില്‍ ജോലി ചെയ്യുന്നു. കുടുംബത്തിന്റെ ഇഷ്ടത്തിന് തന്നെയാണ് എപ്പോഴും മുന്‍തൂക്കം. അവര്‍ക്ക് ഇഷ്ടപ്പെടുന്നുണ്ട്. അഭിപ്രായങ്ങള്‍ പറയാറുണ്ട്.
വരാനിരിക്കുന്ന സിനിമകള്‍, ഭാവി പ്രതീക്ഷകള്‍?
ഗാഗുല്‍ത്തായിലെ കോഴിപ്പോര് ആണ് വരാനിരിക്കുന്ന ചിത്രം. അതിലും ഒരു വില്ലന്‍ കഥാപാത്രമാണ്. തിരക്കഥകള്‍ വായിക്കുന്നുണ്ട്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ തെരഞ്ഞെടുത്ത് നല്ല പൊജക്ടിന്റെ ഭാഗമാവണം.
അഭിഭാഷകനാവാനുള്ള താല്പര്യം കൊണ്ടാണ് എല്‍എല്‍ബിക്ക് ചേര്‍ന്നത്. അമ്മയുടെ അച്ഛന് വക്കീല്‍ ആയിരുന്നു. ആ ചുറ്റുപാടുകളും സ്വാധീനിച്ചിട്ടുണ്ട്. നിയമ ബിരുദദാനം നവംബറില്‍ നടക്കും. അതിനുശേഷം എന്റോള്‍മെന്റ് ചെയ്യണം. നടനൊപ്പം തന്നെ നല്ല വക്കീലായും പേരെടുക്കണം എന്നാണ് മോഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: