കൊച്ചി: സിപിഎം പ്രാദേശിക നേതാക്കള്‍ പ്രതികളായ പെരിയ ഇരട്ടക്കൊല കേസില്‍ സിബിഐ അന്വേഷണം ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. പോലീസ് നടത്തിയ അന്വേഷണം തൃപ്തികരമാണെന്നും കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്. കേസില്‍ എല്ലാ പ്രതികളെയും പിടികൂടിയെന്നും, ഗൂഢാലോചന ഉള്‍പ്പെടെ മുഴുവന്‍ കാര്യങ്ങളും അന്വേഷിച്ചെന്നും സര്‍ക്കാര്‍ അപ്പീലില്‍ വ്യക്തമാക്കുന്നു. അപ്പീല്‍ ചൊവ്വാഴ്‌ച്ച കോടതി പരിഗണിക്കും.
സെപ്റ്റംബര്‍ 30 നാണ് പെരിയ ഇരട്ടക്കൊല കേസ് സിബിഐക്ക് വിടാന്‍ കോടതി ഉത്തരവിട്ടത്. ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റേതായിരുന്നു ഉത്തരവ്. പോലീസ് അന്വേഷണത്തില്‍ വിശ്വാസ്യതയില്ലെന്നു വിമര്‍ശിച്ച ഹൈക്കോടതി െ്രെകംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രവും റദ്ദാക്കിയിരുന്നു. കേസില്‍ പോലീസിനു ഹൈക്കോടതിയില്‍ നിന്നു രൂക്ഷ വിമര്‍ശനവും ഏല്‍ക്കേണ്ടി വന്നിരുന്നു. പോലീസ് നല്‍കിയ അന്വേഷണത്തില്‍ രാഷ്‌ട്രീയ ചായ്‌വ് പ്രകടമാണെന്നും കോടതി കുറ്റപ്പെടുത്തിയിരുന്നു. സാക്ഷികളുടെ മൊഴി അന്വേഷണ സംഘം കണക്കിലെടുക്കാതെ പ്രതികളുടെ വാക്കുകള്‍ സുവിശേഷം പോലെയാണ് അന്വേഷണ സംഘം കണ്ടതെന്നും കോടതി വിമര്‍ശിച്ചിരുന്നു.
ഒരുമാസം പിന്നിട്ടിട്ടും കേസ് സിബിഐക്ക് കൈമാറാത്ത സര്‍ക്കാര്‍ നിലപാടിനെതിരെ ഹര്‍ജിക്കാര്‍ വീണ്ടും കോടതിയെ സമീപിച്ചിരുന്നു. കേസ് സിബിഐക്ക് കൈമാറാന്‍ വൈകുന്നതിനെതിരെ ഹൈക്കോടതി സര്‍ക്കാരിനെതിരേയും വിമര്‍ശനം ഉന്നയിച്ചു. ഇതേ തുടര്‍ന്നാണ് ഏങ്ങനെയും സിബിഐ അന്വേഷണം ഒഴിവാക്കാന്‍ സര്‍ക്കാര്‍ അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
















