ധാക്ക: ഇസ്ലാം മതപണ്ഡിതനായ മദ്രസ മേധാവി ലൈംഗികമായി പീഡിപ്പിച്ചെന്നു കാട്ടി നസ്രത്ത് ജഹാന്‍ എന്ന 19 വയസുകാരി പോലീസില്‍ നല്‍കിയ പരാതി പിന്‍വലിക്കാന്‍ വിസമ്മതിച്ചതിന് മണ്ണെണ്ണ ഒഴിച്ചു ജീവനോടെ കത്തിച്ച കേസില്‍ പ്രതികളായ 16 പേര്‍ക്ക് വധശിക്ഷ. സതേണ്‍ ബംഗ്ലാദേശ് കോടതിയുടേതാണ് ഈ അസാധാരണ വിധി.
2019 ഏപ്രില്‍ 6 നായിരുന്നു സംഭവം. ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയില്‍ നിന്നും 100 മൈല്‍ അകലെയുള്ള ഫെനിയിലെ സെമിനാറി പ്രിന്‍സിപ്പാല്‍ സിറാജ് ഉദ്ദ് ദൗളയാണ് നസ്രത്തിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഇതിനെ തുടര്‍ന്ന് നസ്രത്ത് നല്‍കിയ പരാതിയില്‍ പ്രിന്‍സിപ്പാളിനെ അറസ്റ്റ് ചെയ്തു. ജയിലിലിരുന്ന് ദൗള കൊലപാതകം ആസൂത്രണം ചെയ്തു നടപ്പാക്കുകയായിരുന്നു. ദൗളക്കെതിരെ നല്‍കിയ പരാതി പിന്‍വലിക്കണമെന്ന ശക്തമായ സമ്മര്‍ദ്ദം നിലനില്‍ക്കെ നസ്രത്തിനെ ഏപ്രില്‍ 6 ന് മദ്രസയില്‍ കൊണ്ടുവന്നു. മദ്രസയിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും നസ്രത്തിനോട് പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടുവെങ്കിലും കൂട്ടാക്കിയില്ല. തുടര്‍ന്ന് കൈകള്‍ ബലമായി പുറകിലേക്ക് പിടിച്ചു കെട്ടി ജീവനോടെ മണ്ണെണ്ണ ഒഴിച്ചു കത്തിക്കുകയായിരുന്നു. ശരീരം മുഴുവന്‍ പൊള്ളലേറ്റ നസ്രത്ത് പിന്നീട് ആശുപത്രിയില്‍ മരിക്കുകയായിരുന്നു. പ്രിന്‍സിപ്പല്‍, രണ്ട് അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, രാഷ്‌ട്രീയ നേതാക്കള്‍ എന്നിവര്‍ ഉള്‍പ്പെടെ 16 പേര്‍ക്കാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്.
















