ഇസ്ലാമബാദ് : വിദേശകാര്യ മന്ത്രാലയത്തിന് അകത്തുവെച്ച് ടിക് ടോക് ചെയ്ത് വിവാദത്തില്‍. ടിക് ടോക് സ്റ്റാറായ ഹരീം ഷായാണ് പാക് വിദേശകാര്യമന്ത്രാലയത്തിന്റെ ഓഫീസിനകത്തുനിന്ന് ചിത്രീകരിച്ച വീഡിയോകള്‍ ടിക് ടോക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. അതില്‍ ഷാ ഓഫീസിനകത്ത് ചുറ്റിനടക്കുന്നതും വിദേശകാര്യമന്ത്രിയുടേത് എന്ന് കരുതാവുന്ന കസേരയിലിരിക്കുന്നതും കാണാം.
ടിക് ടോക്കില്‍ വിഡിയോ പ്രചരിക്കാന്‍ തുടങ്ങിയതോടെ രാജ്യത്തിന് എന്ത് സുരക്ഷയാണ് ഉള്ളതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയത്തിനുള്ളില്‍ നിന്നുകൊണ്ടുള്ള ടിക് ടോക് വീഡിയോ പോസ്റ്റ് ചെയ്തയുടനെ തന്നെ ആയിരക്കണക്കിന് പേരാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
1.5 മില്ല്യണ്‍ ഫോളോവേഴ്‌സുള്ള ഷാ പാക് മന്ത്രിയും തെഹ്‌രീക് ഇ ഇന്‍സാഫ് നേതാവുമായ ഫയാസുല്‍ ചൗഹാന്‍ അടക്കമുള്ളവരുമായുള്ള ചിത്രങ്ങളടക്കം ഷാ നേരത്തെ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ആദ്യം ഇത് പ്രധാനമന്ത്രിയുടെ ഓഫീസ് ആണെന്ന വിധത്തിലാണ് വാര്‍ത്ത പ്രചരിച്ചിരുന്നത്. അതിനുശേഷമാണ് വിദേശകാര്യ മന്ത്രാലയമാണെന്ന് അറിയുന്നത്. വീഡിയോയില്‍ ഷാ ഓഫീസില്‍ പോവുക മാത്രമല്ല മന്ത്രിയുടെ കസേരയില്‍ ഇരിക്കുകയും ചെയ്തിട്ടുണ്ട്. ഇതും വിവാദമായി.
വീഡിയോ പോസ്റ്റ് ചെയ്ത് കുറച്ചുനേരങ്ങള്‍ക്കുള്ളില്‍ത്തന്നെ വീഡിയോ വൈറലാവുകയും രാജ്യത്തെ എന്ത് സുരക്ഷയാണ് ഉള്ളതെന്ന് ആരോപണവും ഉയര്‍ന്നിട്ടുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങളിലെ ഗൗരവക്കുറവും സുരക്ഷാക്കുറവും ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം ഉയരുന്നത്.
എന്നാല്‍ തനിക്ക് മന്ത്രാലയത്തിനകത്ത് കടക്കാന്‍ അനുമതി ലഭിച്ചിരുന്നുവെന്നും ഇങ്ങനെ വീഡിയോ ചിത്രീകരിക്കുന്നത് നിയമത്തിന് എതിരായിരുന്നുവെങ്കില്‍ അധികൃതര്‍ അത് അനുവദിക്കരുതായിരുന്നുവെന്നുമാണ് ഷാ വാദിക്കുന്നത്. നാഷണല്‍ അസംബ്ലിയിലും പാസ് സംഘടിപ്പിച്ച് താന്‍ പോയിട്ടുണ്ടെന്നും ഷാ അറിയിച്ചു. അവിടെയും ഒരു സുരക്ഷാ ഉദ്യോഗസ്ഥനും തന്നെ തടഞ്ഞിട്ടില്ലെന്ന് കൂടി ഷാ കൂട്ടിച്ചേര്‍ത്തു. അതേസമയം സംഭവം വിവാദമായതോടെ അന്വേഷണത്തിന് ഉത്തരവിട്ട് പ്രശ്‌നത്തില്‍ നിന്നും തലയൂരാനുള്ള ശ്രമത്തിലാണ് അധികൃതര്‍.
















