ന്യൂദല്‍ഹി: ഇലക്ഷന് പ്രചാരണ വേളയിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന പ്രകോപനപരമാണെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മഹമ്മൂദ് ഖുറേഷി. പാകിസ്ഥാനിലേക്കൊഴുകുന്ന ജലം വഴി തിരിച്ച് വിട്ട് ഹരിയാന, രാജസ്ഥാന് എന്നിവിടങ്ങളിലെ കര്‍ഷകര്‍ക്ക് നല്‍കുമെന്നായിരുന്നു നരേന്ദ്ര മോദിയുടെ പ്രസ്താവന. ഇന്ത്യന്‍ കര്‍ഷകര്‍ക്ക് അവകാശപ്പെട്ട ജലം 70 വര്‍ഷമായി പാകിസ്ഥാനിലേയ്ക്ക് ഒഴുകുകയാണെന്നും ഇനി അത് തുടരില്ലെന്നും മോദി പറഞ്ഞു.
ഹിമാലയത്തില്‍ നിന്നുത്ഭവിച്ച് ഇന്ത്യയിലൂടെ ഒഴുകുന്ന ജലം പാകിസ്ഥാനെ സംബന്ധിച്ച് ജീവജലം തന്നെയാണ്. ഭാരതത്തിലെ ജലശ്രോതസുകള്‍ ഉപയോഗിച്ചാണ് പാകിസ്ഥാനിലെ 2.6 കോടി ഏക്കറില്‍ കൃഷി നടത്തുന്നത്. അതായത് പാക്ക് ജനസംഖ്യയുടെ 60 ശതമാനം ഭാരതത്തിലെ നദി ജലത്തെ ആശ്രയിച്ചാണ് കഴിയുന്നത്. ഈ ജലം ഗുജറാത്തിലേക്കും രാജസ്ഥാനിലേക്കും വഴിതിരിച്ചുവിട്ടാല്‍ പാകിസ്ഥാന് മരുഭൂമിയായി മാറുമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
സിന്ധു, ഝലം, ചിനാബ് ഉള്‍പ്പെടെയുള്ള നദികളിലെ ജലം വഴി തിരിച്ചു വിടാന്‍ ഇന്ത്യ ശ്രമിക്കുന്നത് ഏറെ പ്രകോപനപരമായാണ് പാകിസ്ഥാന് കാണുന്നതെന്ന് സിന്ധൂ നദീജല കരാറുമായി ബന്ധപ്പെട്ട യോഗത്തില്‍ ഖുറേഷി ആരോപ്പിച്ചു. ഇന്ത്യ പയറ്റുന്നത് ജലയുദ്ധമാണെന്നും ഖുറേഷി പറഞ്ഞു. എന്നാല്‍, സിന്ധു നദീജല കരാര്‍ ലംഘിക്കാതെ തന്നെ പാക്കിസ്ഥാനിലേക്കുളള ജലത്തിന്റെ ഒഴുക്ക് കുറയ്ക്കാന്‍ ഇന്ത്യക്കാകുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കി.
ഒട്ടുമിക്ക നദികളിലും അണക്കെട്ടുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. മാത്രമല്ല രവി നദിയില്‍ ഷാപൂര്‍ കാണ്ഡി അണക്കെട്ട് നിര്‍മ്മിക്കാനുള്ള തീരുമാനത്തിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു. 2022 ഒടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാണ് നീക്കം. അതുകൊണ്ട് തന്നെ ജലം വഴി തിരിച്ചുവിടുന്നത് ഭാരതത്തെ സംബന്ധിച്ച് അനായാസമാണ്. ഇതിന്റെ ഷട്ടറുകള്‍ അടച്ചിട്ടു മറ്റു നദികളിലേക്കുള്ള ജലം വഴിതിരിച്ചു വിടുക മാത്രമേ ഇന്ത്യക്കു ചെയ്യേണ്ടതുള്ളുവെന്നും പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇരുരാജ്യങ്ങളുടെയും ജല കമ്മീഷണര്‍മാര്‍ വര്‍ഷത്തില്‍ രണ്ടു തവണ കൂടിക്കാഴ്ച നടത്താറുണ്ട്. ഇതില്‍ കരാര്‍ സംബന്ധിച്ച് വിലയിരുത്തലുകള്‍ നടത്തുകയും വിവരങ്ങള്‍ കൈമാറുകയും ചെയ്യാറുമുണ്ട്. എന്നാല്‍, 2016ലെ ഉറി ഭീകരാക്രമണത്തിനു ശേഷം ഇന്ത്യ കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ റദ്ദാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: