മഴയൊന്ന് നിര്‍ത്താതെ കനത്താല്‍ ജനജീവിതം താറുമാറാകും എന്നതിന്റെ നേര്‍കാഴ്ചയ്ക്കാണ് ഇന്നലെ സംസ്ഥാനം സാക്ഷിയായത്. ഉപതെരഞ്ഞെടുപ്പ് പോലും മാറ്റിവയ്ക്കേണ്ടിവരുമോ എന്ന ആശങ്കയിലായിരുന്നു ഭരണകൂടവും. ഈ സാഹചര്യം ആരുടെ സൃഷ്ടിയാണെന്ന് ഗൗരവത്തോടെ ചിന്തിക്കേണ്ടിയിരിക്കുന്നു. മഴയെ പഴിക്കുന്നതിന് മുമ്പ്, വീടിന് പുറത്തേക്ക് പോലും ഇറങ്ങാന്‍ പറ്റാത്തവിധം വെള്ളക്കെട്ടുകൊണ്ട് പൊറുതി മുട്ടേണ്ടിവന്നിട്ടുണ്ടെങ്കില്‍, അതില്‍ സര്‍ക്കാരിനൊപ്പം നാം ഓരോരുത്തര്‍ക്കും ഉള്ള പങ്കിനെപ്പറ്റിയും മറന്നുപോകരുത്.
ഇടവപ്പാതിയും തുലാവര്‍ഷവും ഇതിനുമുമ്പും ശക്തമായിട്ടുണ്ട്. പക്ഷേ അന്നൊന്നും ജനം വെള്ളക്കെട്ടിന്റെ ദുരിതം ഇത്രത്തോളം അനുഭവിക്കേണ്ടി വന്നിട്ടില്ല. ദീര്‍ഘവീക്ഷണമില്ലാത്ത ഭരണകൂടവും സ്വന്തം വീട്ടിലെ മാലിന്യം ഓടകളിലേക്കും പൊതുനിരത്തുകളിലേക്കും തള്ളുന്ന പൊതുജനവും തന്നെയാണ് ഇന്നത്തെ ഈ അവസ്ഥയ്ക്ക് ഉത്തരവാദി. ഒരു ചാറ്റല്‍മഴയില്‍തന്നെ റോഡ് തോടാവുന്ന സ്ഥിതിവിശേഷമാണ് ഒട്ടുമിക്ക സ്ഥലങ്ങളിലും. മലിനജലം ഒഴുകിപ്പോകുന്നതിനുള്ള കനാലുകളാവട്ടെ, മാലിന്യം കെട്ടിനിന്ന് വെള്ളം ഒഴുകിപ്പോകാത്ത അവസ്ഥയിലും.
ഒരുകാലത്ത് സുഗമമായി ഒഴുകിക്കൊണ്ടിരുന്ന തോടുകള്‍പോലും ഇന്ന് മനുഷ്യനിര്‍മിത മാലിന്യങ്ങളാല്‍ ഒഴുക്ക് തടസ്സപ്പെട്ട നിലയിലാണ്. അങ്ങനെവരുമ്പോള്‍ ശക്തമായ മഴയില്‍ ഈ തോടുകളും കനാലുകളും നിറഞ്ഞുകവിയുന്നതും വെള്ളക്കെട്ട് രൂപപ്പെടുന്നതും സ്വാഭാവികം. ഇതിന് അടിയന്തരമായി പ്രതിവിധി കാണേണ്ടിയിരിക്കുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഒഴുക്ക് തടസ്സപ്പെടുത്തുന്ന പ്രധാനഘടകം. പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ ഉപയോഗം കുറയ്ക്കുക എന്നത് മാത്രമാണ് ഒരു പരിഹാരം. മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് പലജില്ലകളിലും കൃത്യമായി നടക്കുന്നില്ല. മഴപെയ്താല്‍ കുളമാകുന്ന എറണാകുളവും തിരുവനന്തപുരവും ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ അതിന് ദൃഷ്ടാന്തങ്ങളാണ്. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക്പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്പ്പറേഷന് തുടങ്ങിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ പൂര്‍ണ്ണമായും നിറവേറ്റിയാല്‍ വെള്ളക്കെട്ട് മുതലായ പ്രശ്നങ്ങള്‍ ഒരുപരിധിവരെ ഒഴിവാക്കാന്‍ സാധിക്കും. വെള്ളക്കെട്ടു മൂലം പകര്‍ച്ചവ്യാധികളും പടര്‍ന്നുപിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ ആരോഗ്യ കാര്യത്തിലും ജാഗ്രത പുലര്‍ത്തണം.
എന്നാല്‍ കെടുകാര്യസ്ഥതയ്ക്ക് പേരുകേട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ താളംതെറ്റിയ നിലയിലാണ്. മഴക്കാലപൂര്‍വ്വ ശൂചീകരണം പേരിനുമാത്രമാണ് പലയിടത്തും നടക്കുന്നത്. ചിലയിടങ്ങളില്‍ അതുപോലുമില്ല. കഴിഞ്ഞ പ്രളയകാലത്ത് വെള്ളം കയറാത്ത ഇടങ്ങള്‍ പോലും, ഒരുരാത്രി നീണ്ടുനിന്ന മഴമൂലം വെള്ളത്തിനടിയിലായി. ഒരു ദുരന്തംകൊണ്ടും പഠിക്കാത്ത ഭരണാധികാരികളും ജനപ്രതിനിധികളുമാണ് കേരളത്തിന്റെ ശാപം എന്ന് പറയാതെ വയ്യ.
ഈ സര്‍ക്കാര്‍ ഏറെ കൊട്ടിഘോഷിച്ച് നടപ്പാക്കിയ ഹരിതകേരളം പദ്ധതിയും പലയിടങ്ങളിലും പാതിവഴിയില്‍ മുടങ്ങിയിരിക്കുകയാണ്. ജലസംരക്ഷണം, ശുചിത്വ-മാലിന്യ സംസ്കരണം എന്നിവയ്ക്ക് ഊന്നല്‍ നല്കുന്ന ഹരിതകേരളം പദ്ധതി കാര്യക്ഷമമായി നടപ്പാക്കിയാല്‍ കുളങ്ങളും തോടുകളും പുനരുജ്ജീവിപ്പിക്കാനും ജലസ്രോതസ്സുകള്‍ സംരക്ഷിക്കുന്നതിനൊപ്പം ഇവിടങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നത് കര്‍ശനമായി തടയുന്നതിനും സാധിക്കും.
അതേപോലെ നഗരങ്ങളുടെ വികസനത്തിന് കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച അമൃത് പദ്ധതി നടപ്പാക്കുന്ന കാര്യത്തിലും കേരളം പിന്നിലാണ്. ജലവിതരണ പദ്ധതികള്‍ നടപ്പാക്കല്‍, നഗരഗതാഗതം സുഗമമാക്കല്‍, ഓടകളുടേയും പൂന്തോട്ടങ്ങളുടേയും നിര്‍മാണം, മലിനജല സംസ്കരണ പ്ലാന്റ് രൂപീകരിക്കല്‍ എന്നീ പദ്ധതിളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതിനായി കേരളത്തിന് അനുവദിച്ച 2,357 കോടിരൂപയുടെ പദ്ധതി കാര്യക്ഷമമായി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിച്ചിട്ടില്ല. 2020 ജൂണില്‍ ഈ പദ്ധതികളുടെ കാലാവധി അവസാനിക്കും. അതോടുകൂടി അതും കേരളത്തിന് നഷ്ടമാകും. ഈ പദ്ധതി സമയബന്ധിതമായി നടപ്പാക്കാന്‍ കഴിഞ്ഞാല്‍, അമൃത് പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രദേശങ്ങളിലെ മലിനജല സംസ്കരണം ഉള്‍പ്പടെയുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും.
മണ്ണും പുഴയും തോടും കുളവും എല്ലാം സംരക്ഷിക്കാന്‍ ജനങ്ങളും പ്രതിജ്ഞാബദ്ധമാണ്. സ്വന്തം വീട്ടിലെ മാലിന്യം അന്യന്റെ പറമ്പിലേക്കും പൊതുനിരത്തിലേക്കും, തൊട്ടടുത്തുള്ള കാനകളിലേക്കും വലിച്ചെറിയുന്ന പ്രവണതയ്ക്കും അറുതി വരുത്തേണ്ടിയിരിക്കുന്നു. അങ്ങനെ ചെയ്യുന്നവരെ കണ്ടെത്തി പിഴ ഈടാക്കുന്നതുള്‍പ്പടെയുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കണം.
മെട്രോ റെയിലും വാട്ടര്‍ മെട്രോയുമൊക്കെ നമ്മുടെ സംസ്ഥാനത്തിന്റെ വികസനക്കുതിപ്പിന് അത്യാവശ്യം തന്നെ. എന്നാല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കേണ്ടത് മികച്ച ഡ്രെയ്നേജ് സംവിധാനവും അതിന്റെ പരിപാലനവുമാണ് എന്ന കാര്യത്തില്‍ രണ്ടഭിപ്രായമില്ല. പ്രകൃതിയുടെ പ്രതിഭാസമായ മഴയെ തടഞ്ഞുനിര്‍ത്താന്‍ മനുഷ്യന് സാധിക്കില്ല. പക്ഷെ, മഴവെള്ളത്തിന്റെ സുഗമമായ ഒഴുക്ക് ഉറപ്പുവരുത്താനെങ്കിലും സാധിക്കേണ്ടിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: