ശ്രീനഗര്‍: അതിര്‍ത്തിയില്‍ വീണ്ടും പ്രകോപനവുമായി പാക്കിസ്ഥാന്‍. ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയില്‍ പാക്കിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കാരര്‍ ലംഘിച്ചു. വെടിവെയ്‌പ്പില്‍ ഇന്ത്യയിലെ രണ്ടു സൈനികര്‍ വീരമൃത്യു വരിച്ചു. ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടു. മൂന്നു പേര്‍ക്കു പരുക്കേറ്റു. കുപ്‌വാരയിലെ തങ്ഹര്‍ മേഖലയിലാണു സംഭവം. ആക്രമണത്തില്‍ രണ്ടു വീടുകള്‍ക്കും നാശനഷ്ടമുണ്ടായി.
കഴിഞ്ഞ ആഴ്ച ബരാമുല്ലയിലെയും രജൗരിയിലെയും പാക്കിസ്ഥാന്‍ നടത്തിയ വെടിവയ്‌പ്പില്‍ രണ്ടു സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനു ശേഷം പാക്ക് സേന തുടര്‍ച്ചയായി കശ്മീരിലെ സാധാരണക്കാരെ ലക്ഷ്യംവയ്‌ക്കുകയാണെന്ന് പാക്കിസ്ഥാനുമായി നടന്ന ചര്‍ച്ചയില്‍ ഇന്ത്യ ഉന്നയിച്ചിരുന്നു. ജൂലൈയില്‍ 296 വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളാണ് അതിര്‍ത്തി പ്രദേശങ്ങളില്‍ നടന്നത്. ഓഗസ്റ്റില്‍ 307, സെപ്റ്റംബറില്‍ 292 പ്രാവശ്യവും അതിര്‍ത്തിയില്‍ പാക്ക് പ്രകോപനമുണ്ടായി. പ്രകോപനം തുടര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് സൈന്യം വ്യക്തമാക്കി.
















