തുടര്‍ച്ചയായി രണ്ടു ക്ലാസ്സുകളില്‍ രഘുപാര്‍ത്ഥന്‍ വന്നില്ല. രാമശേഷന്‍ അതു ശ്രദ്ധിച്ചു. വിളിച്ചപ്പോള്‍ ഫോണെടുക്കുകയോ തിരിച്ചു വിളിക്കുകയോ ചെയ്തില്ല. എന്തോ തെറ്റു ചെയ്തതിന്റെ അപരാധബോധം അവനെ അലട്ടുന്നുണ്ടാവുമോ?
എന്തായിരുന്നു ആ തെറ്റ്?
രഘു പാര്‍ത്ഥന്‍ ക്ലാസ്സിലേക്ക് വരാതായതിന്റെ രണ്ടു നാള്‍ മുമ്പ്.
കാഴ്ചയില്‍ പ്രണയികള്‍ എന്നു തോന്നിപ്പിക്കുന്ന ഒരു യുവാവും യുവതിയും രാമശേഷനെ കാണാന്‍ വരുന്നു. വേറേയും ഒന്നു രണ്ടു ജ്യോത്സ്യന്മാരെ കണ്ട ശേഷമാണ് വരവ്. ആ വരവിലും ഇരിപ്പിലും എന്തോ കള്ളലക്ഷണം രാമശേഷന്‍ മണത്തു.
സംഗതി അല്‍പ്പം ഗൗരവമുള്ളതാണ്.
വേധ നക്ഷത്രങ്ങളില്‍ പ്രണയിച്ചു പോയ കൂട്ടുകാര്‍ക്ക് ജാതകം ചേര്‍ന്നാല്‍ മാത്രമേ വിവാഹം കഴിച്ചു തരൂ എന്ന് വീട്ടുകാര്‍ കട്ടായം പറഞ്ഞിരിക്കുന്നു.
പയ്യന്‍ ചോതി.
പെണ്ണ് രോഹിണി.
വേധ നക്ഷത്രങ്ങള്‍. വേധത്തിന് തുളച്ചുകയറുക എന്നാണ് പ്രാദേശിക അര്‍ത്ഥം. പോരാഞ്ഞ് പെണ്‍കുട്ടിക്ക് ചൊവ്വാ ദോഷവും.
”സാര്‍ ചൊവ്വാ ദോഷത്തെ കളിയാക്കി ഈയിടെ ഒരു നാടകം കണ്ടു…”, മൂത്താന്‍ തറയില്‍ നിന്നും വരുന്ന വരദ നാടകാനുഭവം ചുരുക്കിപ്പറഞ്ഞു.
”ചൊവ്വാ ദോഷത്തെ കളിയാക്കി എന്തെങ്കിലും ആവിഷ്‌കാരം നടത്തുന്നവര്‍ അതിനെക്കുറിച്ച് ഒന്നുമറിയാത്തവര്‍, വിവരദോഷികള്‍ എന്നു പറയാനേ നിര്‍വ്വാഹമുള്ളൂ…”
”അതെന്താ സാര്‍ അങ്ങനെ?”
”ചൊവ്വാ ദോഷം സ്ത്രീജാതകത്തിലെ പ്രബലമായ ദോഷം തന്നെയാണ്… എത്രയോ അനുഭവങ്ങളില്‍ എനിക്കത് ബോധ്യപ്പെട്ടിട്ടുണ്ട്…”
രാമശേഷന്റെ മനസ്സിലൂടെ ചില നേര്‍ അനുഭവങ്ങള്‍ ഒന്നു മിന്നി കടന്നുപോയി.
”സാര്‍ ചൊവ്വാദോഷം എന്നാല്‍ എന്താണ്?”, ജാതകത്തില്‍ ആ ദോഷമുള്ള പ്രസീത തെല്ല് വിറയുന്ന ശബ്ദത്തില്‍ എഴുന്നേറ്റു.
”പ്രധാനമായിട്ടും സ്ത്രീയുടെ ഏഴിലും എട്ടിലും ചൊവ്വ നില്‍ക്കുന്നതിനാണ് ദോഷകാഠിന്യം… ഏഴ് ഭര്‍ത്താവ്, എട്ട് ഭര്‍ത്താവിന്റെ ആയുസ്സ്…”
”ചിലര്‍ 2, 4, 12 ഭാവങ്ങളില്‍ ചൊവ്വ നിന്നാലും ഈ ദോഷം പറയുന്നുണ്ടല്ലോ…”
”2 ല്‍ നിന്നാല്‍ 8 ലേക്കും, 4 ല്‍ നിന്നാല്‍ 7 ലേക്കും, 12 ല്‍ നിന്നാലും 7 ലേക്കും ദൃഷ്ടിയുണ്ട്… ദൃഷ്ടി കൊണ്ടുണ്ടാവുന്ന ദോഷമുണ്ട്… നേരത്തേ പറഞ്ഞ 7, 8 ഭാവങ്ങളില്‍ സ്ഥിതിയുറപ്പിച്ചാലുള്ളത്ര പ്രബലത ദൃഷ്ടിദോഷത്തിനില്ലെന്നു മാത്രം…”
”പക്ഷേ ചൊവ്വ സ്വക്ഷേത്രത്തില്‍ നില്‍ക്കുകയും ശുഭദൃഷ്ടി ലഭിക്കുകയും ചെയ്താല്‍ ദോഷം ചിന്തിക്കണോ?” കടമ്പഴിപ്പുറത്തെ സുഭാഷ് ബാബു.
”ചൊവ്വ നൈസര്‍ഗ്ഗിക പാപനാണ്…ഭര്‍തൃകാരകനാണ്…ആഗ്നേയനാണ്…അതിനാല്‍ സ്വക്ഷേത്രത്തില്‍ ശുഭദൃഷ്ടിയോടെ നിന്നാലും ദോഷം പൂര്‍ണ്ണമായും ഇല്ലാതാവില്ല… എന്റെ അനുഭവം അതാണ്…”
”സ്വക്ഷേത്രത്തില്‍ നിന്നാല്‍ ദോഷം പറയണ്ട എന്നും ഒരു പക്ഷാന്തരമുണ്ടല്ലോ…”
”പ്രമാണത്തില്‍ അങ്ങനെ പറയുന്നുണ്ട്…” പക്ഷേ, അനുഭവത്തില്‍ നൂറുശതമാനം അങ്ങനെ കാണുന്നുമില്ല… പ്രമാണവും അനുഭവവും ഒരു നാണയത്തിന്റെ രണ്ടു പുറങ്ങള്‍ പോലെയാണെന്ന് തീര്‍ത്തു പറയാന്‍ കഴിയില്ല…”
അനുഭവത്തിന് മുഖ്യത്വം കൊടുക്കണമെന്ന് തഞ്ചാവൂര്‍ ഗുരുനാഥന്‍ എപ്പോഴും പറയുമായിരുന്നു. ജീവിതാനുഭവങ്ങള്‍ക്കു മുന്‍പില്‍ ചിലപ്പോഴെങ്കിലും പ്രമാണങ്ങള്‍ തോല്‍വി സമ്മതിച്ച് കീഴടങ്ങുന്നതാണ് കാണുന്നത്.
”അപ്പോള്‍ ചൊവ്വാദോഷമുള്ള പെണ്‍കുട്ടിക്ക് അത്തരത്തിലുള്ള പുരുഷജാതകം ചേര്‍ക്കണം സാര്‍?” തിരുവില്വാമലയിലെ കൃഷ്ണന്‍ നമ്പൂതിരി.
”ശുക്രന് ദോഷമുള്ള ജാതകം ചേര്‍ത്താല്‍ നന്നായിരിക്കും…ശുക്രനാണല്ലോ കളത്ര കാരകന്‍…”
”ശുക്രദോഷങ്ങള്‍?”, കവിത
”ഒന്നുകില്‍ ശുക്രന്റെ പാപമധ്യസ്ഥിതി…അതായത് ശുക്രന്റെ ഇരുപുറത്തും പാപഗ്രഹങ്ങളുണ്ടായിരിക്കുക…അല്ലെങ്കില്‍ ശുക്രന്റെ ചതുരശ്രദോഷം…ശുക്രന്റെ 4 ലും 8 ലും പാപഗ്രഹങ്ങളുണ്ടായിരിക്കുക…ഈ ദോഷങ്ങളില്‍ ശുക്രന് ശുഭഗ്രഹദൃഷ്ടിയില്ലാതിരിക്കുകയും വേണം…”
രാമശേഷനെ സമീപിച്ച യുവാവിന്റെ ജാതകത്തില്‍ യുവതിയുടെ ചൊവ്വാ ദോഷത്തെ പ്രതിരോധിക്കാനുള്ള ശുക്രപാപങ്ങളില്ലായിരുന്നു. വേധ നക്ഷത്രങ്ങള്‍ക്കു പുറമേയാണ് ഈ ദോഷമില്ലായ്മ.
”നിങ്ങള്‍ക്കെന്താണ് വേണ്ടത്…പറയൂ…”, രാമശേഷന്‍ കാര്യത്തിലേക്ക് കടന്നു.
”ഞങ്ങളുടെ ജാതകത്തെ ഒന്നു ചേര്‍ത്തിത്തരണം…”, യുവാവ് വരവിന്റെ ലക്ഷ്യമറിയിച്ചു.
”ചേരാത്തത് ചേര്‍ക്ക്വേ?”
അതു പറയുമ്പോള്‍ രാമശേഷന്റെ നെഞ്ചിനകത്ത് ഒരു തീയൊച്ചയുണ്ടായി. ചേരാന്‍ പാടില്ലാത്തവരാണ് താനും വല്ലഭിയും. മധ്യമരജ്ജു എന്ന മഹാദോഷമുണ്ടായിട്ടും സമസപ്തമപ്പൊരുത്തത്തില്‍ കുരുങ്ങിപ്പോയവര്‍! മഹാപാപത്തിന് രക്തസാക്ഷിയാകേണ്ടി വന്നവനോടാണ് യുവാവിന്റെ അപേക്ഷ.
”നോക്കൂ…ഇത് ദൈവികമായ ശാസ്ത്രമാണ്… ഇവിടെ അരുതാത്തത് ചെയ്താല്‍ അതിന്റെ കര്‍മ്മഫലം അനുഭവിക്കുക ഞാനായിരിക്കും…”
”ഞങ്ങള്‍ക്ക് പിരിയാന്‍ കഴിയില്ല”, ചെറുപ്പക്കാരന്‍ കരയുമെന്നായി. ”ഇത് ഞങ്ങളുടെ ജീവല്‍ പ്രശ്‌നമാണ്…”
”നോക്കൂ, എന്നെ സംഘര്‍ഷത്തിലാക്കരുത്”, രാമശേഷന്‍ എഴുന്നേറ്റു. ”നിങ്ങള്‍ക്കു പോകാം…”
അവര്‍ നേരെ പോയത് രഘുപാര്‍ത്ഥന്റെയരികിലേക്ക്. രഘു ഇതിനോടകം പല ദിക്കുകളില്‍ ബോര്‍ഡ് സ്ഥാപിച്ച് പ്രാക്ടീസ് പിടിക്കാന്‍ തുടങ്ങിയിരുന്നു.
”നിങ്ങള്‍ക്കെന്താണ് വേണ്ടത്?”, രഘു മന്ദസ്മിതത്തോടെ യുവാക്കളെ വരവേറ്റു.
അവര്‍ വരവിന്റെ ലക്ഷ്യമറിയിച്ചു.
രഘു ലാപ്‌ടോപ് തുറന്നു. സോഫ്ട്‌വെയര്‍ തുറന്നു. ജനനസമയത്തില്‍ നേരിയ ചില മാറ്റങ്ങള്‍ വരുത്തി. രോഹിണി നാലാം പാദമെന്നത് മകീര്യം ഒന്നാം പാദമാക്കി. വേധദോഷത്തെ ഇല്ലാതാക്കി. ഏഴില്‍ കിടന്ന ചൊവ്വയെ സ്ഫുടത്തില്‍ മാറ്റം വരുത്തി ഭാവത്തില്‍ ആറിലാക്കി. ഇങ്ങനെ വരുമ്പോള്‍ ദോഷമില്ല എന്നൊരു പ്രമാണവും ഉണ്ടാക്കി. ഈ ജാതകങ്ങള്‍ ചേര്‍ക്കാവുന്നതാണ് എന്നൊരു കുറിപ്പും വെട്ടിത്തിളങ്ങുന്ന ലെറ്റര്‍ഹെഡ്ഡില്‍ എഴുതിക്കൊടുത്തു. രഘുവിന് ആവശ്യപ്പെട്ട ദക്ഷിണ കിട്ടി.
യുവാവും യുവതിയും രാമശേഷനു മുന്നില്‍ വീണ്ടും അവതരിച്ചു. തങ്ങളുടെ ഉദ്യമം വിജയിച്ചതറിയിക്കാന്‍ രഘുപാര്‍ത്ഥന്‍ എഴുതിക്കൊടുത്ത കുറിപ്പ് രാശിപ്പലക മേല്‍ വെച്ചു. രാമശേഷനെ തോല്‍പ്പിച്ച ഭാവമായിരുന്നു അവരുടെ മുഖത്ത്. രാമശേഷന്‍ അക്ഷരാര്‍ത്ഥത്തില്‍ നടുങ്ങി പിന്‍മാറി.
ഗുരുനാഥനെ തോല്‍പ്പിച്ച ശിഷ്യന്‍!
ചെറുപ്പങ്ങള്‍ പോയതും രാമശേഷന്‍ രഘുപാര്‍ത്ഥനെ വിളിച്ച് ഈ മഹാപാപത്തെ ചോദ്യം ചെയ്തു. രഘുപാര്‍ത്ഥന്‍ കേട്ടിരുന്നു. സംഭാഷണം സ്വാഭാവികമായി അവസാനിച്ചു.
തുടര്‍ന്നുള്ള രണ്ടു ക്ലാസ്സുകളിലാണ് രഘുപാര്‍ത്ഥന്‍ വരാതിരുന്നത്.
എത്ര കാലം വരാതിരിക്കും? രാമശേഷന്‍ ആലോചിച്ചു. എന്നാല്‍ രഘുപാര്‍ത്ഥന്‍ പിന്നീട് വരികയേയുണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: