തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആനകള്‍ക്കും പാപ്പാന്മാര്ക്കും പീഡനം. ആനകളെ പീഡിപ്പിക്കുന്നതും അവശരും രോഗികളുമായ ആനകളെ നിര്‍ബന്ധിപ്പിച്ച് എഴുന്നള്ളിപ്പിക്കുന്നതും തുടരുന്നു. പാപ്പാന്മാര്ക്കും പൊതുജനത്തിനും സുരക്ഷാ ഭീഷണിയുയര്‍ത്തുന്ന നീക്കത്തിന് പിന്നില്‍ പണക്കൊതിയാണെന്നാണ് ആനപ്രേമികള്‍ ആരോപിക്കുന്നത്. ദേവസ്വം ഉദ്യോഗസ്ഥരുടെ ആന പീഡനം ചോദ്യംചെയ്യുന്ന പാപ്പാന്മാരെ സിപിഎം അനുഭാവികളായ പാപ്പാന്മാരെ ഉപയോഗിച്ച് പ്രതിരോധിക്കുന്നതായാണ് പരാതി.
പരാതികളുയര്ത്തുന്ന പാപ്പാന്മാരെ അടിക്കടി ആനമാറ്റം വരുത്തിയും പീഡിപ്പിക്കുന്നു. ഇത് പാപ്പാന്മാരുടെ ജീവന് ഭീഷണിയുയര്‍ത്തുന്നതായി ആനപരിപാലകരും പാപ്പാന്മാരും പറയുന്നു. പീഡനത്തിന്റെ പേരില്‍ കഴിഞ്ഞദിവസം ആത്മഹത്യ ചെയ്ത ആനക്കാരന് കെ.വി. അശോകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആനത്തൊഴിലാളി ഐക്യവേദി ആരോപിച്ചു. ഉദ്യോഗസ്ഥപീഡനത്തിന്റെ അവസാന ഇരയാണ് അശോകന്. ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍ എസ്. ശശിധരന്, സൂപ്രണ്ട് കെ.കെ. നാരായണന് എന്നിവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുക്കണമെന്നാണ് ഐക്യവേദിയുടെ ആവശ്യം.
പുന്നത്തൂര്‍ കോട്ട അടക്കിഭരിക്കുന്നത് സിപിഎം അനുകൂല പാപ്പാന്മാരാണ്. ഇവരെ എതിര്‍ക്കുന്ന ഉദ്യോഗസ്ഥരെയും ജീവനക്കാരെയും പാപ്പാന്മാരെയും പലവിധ പീഡനങ്ങളില്പ്പെടുത്തുകയാണ് ശിക്ഷ. ഇവര്‍ക്കെതിരെ ജീവനക്കാര്‍ നല്കുന്ന പരാതിയില്‍ ദേവസ്വം അധികൃതര്‍ നടപടിയെടുക്കാറില്ല. ജീവനക്കാര്‍ക്ക് നേരെ നടക്കുന്ന അതിക്രമം കോട്ട കടന്ന് പുറത്തേക്ക് എത്താന്‍ ഇവര്‍ സമ്മതിക്കില്ല. ഭീഷണപ്പെടുത്തിയും അക്രമസ്വഭാവമുള്ള ആനകളുടെ പാപ്പാന്മാരാക്കിയും ഇവര്‍ എതിരാളികളെ കോട്ടയ്ക്കകത്ത് തന്നെ തളയ്ക്കും. ഇത് അതിജീവിച്ച് പീഡനകഥ പുറത്താക്കുന്ന പാപ്പാന്മാരെ നിസാര കാര്യങ്ങള്‍ പറഞ്ഞ് തൊഴിലില്‍ നിന്ന് പുറത്താക്കും.
പാര്‍ട്ടി പാപ്പാന്മാരുടെ ഭാഗത്തുനിന്നുള്ള കൈയ്യേറ്റവും സഹിച്ചാണ് ആനപ്രേമികളായ പാപ്പാന്മാര് ജോലി ചെയ്യേണ്ടത്. മദ്യപിച്ചെത്തുന്ന പാര്‍ട്ടി പാപ്പാന്മാര് സന്ദര്‍ശകരുള്ള സമയത്ത് ജീവനക്കാരെ അസഭ്യം പറയുന്നു. ബലമായി രജിസ്റ്ററില്‍ ഒപ്പുവെക്കും, എതിര്‍ത്താല്‍ ഉദ്യോഗസ്ഥരെ തടഞ്ഞുവെക്കും. പ്രശ്നക്കാരായ ആനക്കാര്‍ക്ക് പാര്‍ട്ടി പിന്തുണയുള്ളതിനാല്‍ ദേവസ്വം നടപടിയെടുക്കാറില്ല. ഇവര്‍ക്കെതിരെ ദേവസ്വത്തിന് നല്കിയ പരാതികളെല്ലാം നടപടിയെടുക്കാതെ തള്ളി.
ആനകളെ ജില്ലക്ക് പുറത്ത് എഴുന്നള്ളിക്കാന്‍ പാടില്ലെന്ന ചട്ടം നിലനില്‍ക്കെ പാര്‍ട്ടിക്കാരായ പാപ്പാന്മാരുടെ ഒത്താശയോടെയാണ് ജില്ലക്ക് പുറത്തേക്ക് ആനകളെ കൊണ്ടുപോകുന്നത്. കഴിഞ്ഞ ദിവസം ചട്ടങ്ങള്‍ മറികടന്ന് ഒരു ആനയെ കേരളത്തിന് പുറത്തുകൊണ്ടുപോയി. മുഖ്യമന്ത്രി പിണറായി വിജയന് ക്ഷേത്രത്തിലെത്തിയപ്പോള്‍ അകമ്പടിക്ക് നിരത്തിയ ആനകളിലൊന്നിനെയാണ് കൊണ്ടുപോയത്.
പുറത്ത് എഴുന്നള്ളിപ്പിന് പോകുന്ന ആനകളുടെ കാലിലെ വൃണങ്ങള്‍ പെയിന്റടിച്ച് മറയ്ക്കും. എരണ്ടകെട്ടും അവശതയുമുള്ള ആനകളെ എഴുന്നള്ളിക്കുന്നത് പാപ്പാന്മാര് എതിര്‍ക്കാറുണ്ടെങ്കിലും ഉദ്യോഗസ്ഥര്‍ ഗൗനിക്കാറില്ല. ഈ പാപ്പാന്മാര്ക്കുള്ള ശിക്ഷ ഇടത് ഉദ്യോഗസ്ഥ സംഘത്തിന്റെ പീഡനമനുഭവിക്കലാണ്. നാട്ടാന പരിപാലന നിയമത്തിന്റെ നഗ്നമായ ലംഘനം നടന്നിട്ടും ഇതിനെതിരെ മൃഗസംരക്ഷണ വകുപ്പിന്റെ ഭാഗത്തുനിന്ന് ഇടപെടലുകളുണ്ടാകാത്തതില് ദുരൂഹതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: