ന്യൂദൽഹി: ഇന്ദ്രപ്രസ്ഥത്തിലെ നവോദയവും ബാലഗോകുലവുമുള്‍പ്പെടെയുള്ള സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന റിട്ടയേര്‍ഡ് മേജര്‍ ഡോ. ആര്‍ ലാല്‍കൃഷ്ണക്ക് ഇന്ദ്രപ്രസ്ഥം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഹസ്താല്‍ ശ്രീ അയ്യപ്പ പാര്‍ക്കില്‍ നടത്തിയ അനുസ്മരണ ചടങ്ങില്‍ ദല്‍ഹിയിലും പരിസരപ്രദേശങ്ങളിലുമുള്ള നിരവധി പ്രവര്‍ത്തകര്‍ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തി.
സമാജത്തിനും, രാഷ്‌ട്രസേവനത്തിനും വേണ്ടി സമര്‍പ്പിതമായിരുന്നു അദ്ദേഹത്തിന്റെ ജീവിതമെന്നു ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. ‘തന, മന, ധനപൂരകമായ സമര്‍പ്പണമായിരുന്നു അദ്ദേഹത്തിന്റെ ജീവിതവും പ്രവര്‍ത്തനങ്ങളും. ദീര്‍ഘകാലത്തെ സൈനിക സേവനത്തിനു ശേഷം സ്വയം വിരമിച്ച അദ്ദേഹം വന്‍തുകകള്‍ പ്രതിഫലം കിട്ടുന്ന ജോലികള്‍ വേണ്ടെന്നു വച്ചാണ് സമാജ സേവനത്തിനു ഇറങ്ങി തിരിച്ചത്.

ഐഐഎം ഹൈദ്രബാദിൽ നിന്നും എംബിഎ നേടിയ അദ്ദേഹം, ആധുനിക ശാസ്ത്രത്തിനു ഭാരതീയ പുരാണങ്ങളുടെ സംഭാവന എന്ന വിഷയത്തില്‍ ഡോക്ടറേറ്റ് നേടി. അദ്ദേഹത്തിന്റെ അര്‍പ്പണ മനോഭാവവും, നിശ്ചയദാര്‍ഢ്യവും പുതിയ തലമുറയ്‌ക്ക് മാതൃകയാവണം. സ്വന്തം ജീവിതം കൊണ്ട് രാഷ്‌ട്രസേവനം എങ്ങിനെയാവണമെന്നു അദ്ദേഹം നമുക്ക് കാണിച്ചു തന്നു. ശബരിമലയുടെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഹൈന്ദവ വിശ്വാസികളുടെ ഓര്‍മ്മയില്‍ എന്നെന്നും നില നില്‍ക്കും. അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്നും പ്രേരണയും, ആവേശവുമുള്‍ക്കൊണ്ടു രാഷ്‌ട്ര സേവനം ചെയ്യുക എന്നുള്ളതാണ് അദ്ദേഹത്തിന് നൽകാന്‍ കഴിയുന്ന ഏറ്റവും മഹത്തരമായ ശ്രദ്ധാഞ്ജലി എന്ന് അവര്‍ അഭിപ്രായപ്പെട്ടു.

രാഷ്‌ട്രീയ സ്വയം സേവകസംഘം ദല്‍ഹി സംസ്ഥാന സമിതി അംഗംഎന്‍. വേണുഗോപാല്‍, കണ്ണൂര്‍ വിഭാഗ് സദസ്യന്‍ സോഹന്‍ലാല്‍, നവോദയം ജനറല്‍ സെക്രട്ടറി എം.ആര്‍ വിജയന്‍, വിഷ്ണു പ്രിയ നാട്യാലയ മാനേജിങ് ഡയറക്ടര്‍ ബാലകൃഷ്ണ മാരാര്‍, ഹസ്താല്‍ യൂണിറ്റ് ചെയര്‍മാന്‍ പി.ആര്‍ അനില്‍ കുമാര്‍, കേന്ദ്ര സമിതി ജോയിന്റ് സെക്രട്ടറി സുനില്‍ കുമാര്‍, വൈസ് പ്രസിഡന്റ് മുരളി, ട്രഷറര്‍ കെ സുരേഷ് കുമാര്‍, ബാലഗോകുലം സംസ്ഥന അധ്യക്ഷന്‍ വരത്ര ശ്രീകുമാര്‍, ബാലചന്ദ്രന്‍, ബിനോയ് ശ്രീധരന്‍, എസ്.ഇന്ദുശേഖരന്‍, സുരേഷ് പ്രഭാകരന്‍, കെ.എ നാരായണന്‍ മാസ്റ്റര്‍, ബിനുമേനോന്‍, ജയകുമാര്‍, സുരേന്ദ്രന്‍ നമ്പ്യാര്‍, രാമചന്ദ്രന്‍, സുനിത സതീശന്‍, ഗീത അനില്‍, അമ്പിളി സതീഷ് തുടങ്ങിയവര്‍ സംസാരിച്ചു.
രാധാകൃഷ്ണന്‍ വരേണിക്കല്‍, കെ .നാരായണന്‍ കുട്ടി, ബി.അനില്‍ കുമാര്‍, എം.പി രാജീവ്, വിനോദ് പി.സി, ഹരികുമാര്‍ തുടങ്ങിയവര്‍ അനുസ്മരണ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.















