തിരുവനന്തപുരം: ആന പാപ്പാന്മാര്‍ക്ക് ക്‌ളാസ് എടുക്കാന്‍ വിദേശ വനിത എത്തിയത് വിവാദമാകുന്നു. വനം വകുപ്പിന്റെ കീഴില്‍ കോട്ടൂരില്‍ പ്രവര്‍ത്തിക്കുന്ന വനം വകുപ്പിന്റെ ക്യാമ്പിലെത്തിയാണ് കനേഡിയന്‍ പൗരത്വമുള്ള യുവതി ക്‌ളാസ് എടുത്തത്. വിസിറ്റിംഗ് വിസയില്‍ എത്തിയ സംഗീതാ ക്രിപ്‌റ്റോയാണ് വനം വകുപ്പിന്റെ അതിഥിയായി പാപ്പാന്മാര്‍ക്ക് ക്‌ളാസ് എടുത്തത്.
സന്ദര്‍ക വിസയിലെത്തുന്നവര്‍ കാഴ്ചകള്‍ കണ്ടു മടങ്ങുന്നതിനപ്പുറം യോഗങ്ങളിലോ സമ്മേളനങ്ങളിലോ പങ്കെടുക്കരുത് എന്നാണ് ചട്ടം. ഇത് ലംഘിച്ച സാഹചര്യത്തിലാണ് വിദേശ മന്ത്രാലയും അന്വേഷണം ആരംഭിച്ചത്. ലംഘനം തെളിഞ്ഞാല്‍ വിസ റദ്ദാക്കി തിരിച്ചയയ്‌ക്കും. സംഗീതയ്‌ക്കൊപ്പം സുഹൃത്തായ മറ്റൊരു വിദേശിയും ക്‌ളാസ്സെടുക്കാന്‍ എത്തിയിരുന്നു.
ഇന്ത്യന്‍ വംശജ ആണെങ്കിലും കനേഡിയയില്‍ സ്ഥിരം താമസക്കാരിയും അവിടുത്തെ പൗരത്വം ഉള്ളയാളുമാണ് സംഗീത. വന്യജീവികളെ കുറിച്ച് ഡോക്യുമെന്ററി എടുത്തിട്ടുള്ള സംഗീത ആനകളെകുറിച്ച് എടുത്ത ഡോക്യുമെന്ററി വിവാദമായിരുന്നു. ആനകളെ ദ്രോഹിക്കുന്നതായി പറഞ്ഞ് കേരളത്തിലെ ക്ഷേത്രങ്ങളേയും ഉത്സവങ്ങളേയും അപകീര്‍ത്തിപ്പെടുത്തി എന്നതിന് സംഗീതയ്‌ക്കെതിരെ പരാതി ഉയര്‍ന്നിരുന്നു.
മൃഗസ്‌നേഹികളുടേത് എന്ന അവകാശപ്പെടുന്ന അന്തര്‍ദേശിയ സംഘടനയുടെ പ്രവര്‍ത്തകയാണ് സംഗീത. സംഘടനയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ ദുരൂഹമാണെന്ന് ആരോപണമുണ്ട്. കോടിക്കണക്കിന് രുപ സംഘടനയുടെ മറവില്‍ എത്തുന്നുണ്ട്. മൃഗസ്‌നേഹത്തിന്റെ പേരില്‍ മറ്റു പലതിനുമാണ് പണം ഉപയോഗിക്കുന്നതെന്നും ആക്ഷേപം ഉണ്ടായി. അതിന് അടിവരയിടുന്നതായിരുന്നു ക്ഷേത്ര ഉത്സവങ്ങളെ ആക്ഷേപിച്ചുകൊണ്ടുള്ള ഡോക്യുമെന്ററി. വനം വകുപ്പിലെ ഉന്നതര്‍ക്ക് സംഗീതയും അവരുടെ സംഘടനയുമായി വഴിവിട്ട ബന്ധമുണ്ടെന്ന ആരോപണം ശരിവെക്കുന്നതാണ് കോട്ടൂരിലെ പാപ്പാന്മാരുടെ പഠനക്‌ളാസ്സ്. പാപ്പാന്മാരെ ചട്ടം പഠിപ്പിക്കാന്‍ വിദേശ വനിതയക്ക് എന്ത് യോഗ്യത എന്ന ചോദ്യത്തിനുത്തരം നല്‍കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിയുന്നില്ല.
















