മലപ്പുറം: ശബരിമല അയ്യപ്പനെ അവഹേളിച്ച് വീണ്ടും എസ്എഫ്‌ഐ. കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ്എഫ്ഐ വിദ്യാര്‍ത്ഥി യൂണിയന്‍ പുറത്തിറക്കിയ മാഗസിനിലാണ് രാഷ്‌ട്രപിതാവ് മഹാത്മാ ഗാന്ധിയെയും ശബരിമലയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അടക്കം അവഹേളിക്കുകയും വ്യാപകമായി ദേശവിരുദ്ധ കവിതകളും കഥകളും ഉള്‍പ്പെടുത്തുകയും ചെയ്തത്. മാഗസിന്‍ പുറത്തിറക്കരുതെന്ന് ആവശ്യപ്പെട്ട് എബിവിപി ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. മാഗസിന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എബിവിപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സര്‍വകലാശാലയിലേക്ക് മാര്‍ച്ചും നടത്തി. ഇതേത്തുടര്‍ന്ന് മാഗസിന്‍ പിന്‍വലിക്കാന്‍ അധികൃതര്‍ നിര്‍ബന്ധതിരാവുകയായിരുന്നു.
മാഗസിന്റെ കോപ്പികള്‍ വിതരണം ചെയ്യരുതെന്ന് നിര്‍ദേശിച്ചതായും അന്വേഷണത്തിന് സമിതിയെ നിയോഗിക്കാന്‍ തീരുമാനിച്ചതായും റജിസ്ട്രാര്‍ ഡോ. സി.എല്‍. ജോഷി വ്യക്തമാക്കി. മാഗസിനെതിരെ ബിജെപി അനുകൂല എംപ്ലോയീസ് സെന്റര്‍ പ്രവര്‍ത്തകരും അധികൃതരെ കണ്ടിരുന്നു. ബിജെപി വള്ളിക്കുന്ന് നിയോജകമണ്ഡലം കമ്മിറ്റിയും ഹിന്ദു ഐക്യവേദിയും മാഗസിന് എതിരെ രംഗത്ത് വന്നിരുന്നു.
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ എസ്എഫ്ഐയുടെ നേതൃത്വത്തില്‍ ഉള്ള ഡിപ്പാര്‍ട്ട്‌മെന്റൽ സ്റ്റുഡന്‍സ് യൂണിയനാണ് ശബരിമലയെയും ഗാന്ധിജിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആക്ഷേപിക്കുന്ന മാഗസിന്‍ പുറത്തിറക്കിയത്. പോസ്റ്റ് ട്രൂത്ത് എന്ന പേരില്‍ ഇറക്കിയ മാഗസിനില്‍ നിറഞ്ഞു നില്‍ക്കുന്നത് മുഴുവന്‍ രാജ്യ വിരുദ്ധ കവിതകളും കഥകളുമായിരുന്നു. ഭാരത് മാതാ കീ എന്ന പേരിലുള്ള കവിതയില്‍ രാജ്യം അപകടത്തിലാണെന്നാണ് പറയുന്നത്. ചാണകം മെഴുകിയ താമര മെത്തയില്‍ കാവി പുതച്ച് ആണ് രാജ്യം കിടക്കുന്നതെന്നും രാജ്യത്ത് ജനാധിപത്യം അവസാനിക്കുകയാണെന്നും അടക്കം പരാമര്‍ശങ്ങള്‍ കവിതയിലുണ്ടായിരുന്നു. എസ്എഫ്‌ഐക്ക് ആധിപത്യമുള്ള കോളേജുകളില്‍ ശബരിമല വിഷയത്തിനു ശേഷം ക്ഷേത്രത്തിനേയും അയ്യപ്പനേയും അവഹേളിക്കുന്ന തരത്തിലുള്ള പോസ്റ്ററുകളും വരകളും വ്യാപകമായിരുന്നു.
















