മാറ്റത്തിന്റെ കാഹളവുമായി അഞ്ച് നിയോജകമണ്ഡലങ്ങളിലും ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ മുന്നേറുന്നു. ഉപതെരഞ്ഞെടുപ്പ് ഭരണമാറ്റത്തിന്റെ ചുവടുവെയ്‌പ്പാകുമെന്ന് യുഡിഎഫും, സംസ്ഥാനഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പിണറായി വിജയനും സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അവകാശപ്പെടുന്നു. പാലാ ഉപതെരഞ്ഞെടുപ്പിന്റെ വിജയോന്മാദമാണ് സിപിഎമ്മിന്റെ ഈ മേനിപറച്ചില്‍. കേരളകോണ്‍ഗ്രസ്സിന്റെ ആഭ്യന്തര പ്രശ്നങ്ങളാണ് ടോം ജോസിന്റെ പരാജയകാരണമെന്ന് ആവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് നേതൃത്വം മാണിസാറിലൂടെ 54 വര്‍ഷം മണ്ഡലം സംരക്ഷിച്ച കേരള കോണ്‍ഗ്രസ്സിന് വെള്ളിത്താലത്തില്‍ പരാജയം സമ്മാനിക്കുകയായിരുന്നു. സിപിഎമ്മിനോ ഇടതുപക്ഷത്തെ വലതുപാര്‍ട്ടിയായ എന്‍സിപിക്കോ ഈ മണ്ഡലത്തില്‍ കാര്യമായ വേരോട്ടമില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മാണിഗ്രൂപ്പുകാരനായ തോമസ് ചാഴിക്കാടന് 33,800 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്ന പാലാമണ്ഡലത്തില്‍ നാമമാത്ര വോട്ട്മാത്രമേ ജോസഫ് ഗ്രൂപ്പിനുള്ളു. മാണിസാറിനെതിരെ ബാര്‍കോഴ കേസില്‍ ആരംഭിച്ച കോണ്‍ഗ്രസ്-കേരള കോണ്‍ഗ്രസ് ശീതസമരമാണ് പാലാ തെരഞ്ഞെടുപ്പില്‍ മാണിഗ്രൂപ്പ് സ്ഥാനാര്‍ത്ഥിയുടെ പരാജയത്തില്‍ കലാശിച്ചത്. കോണ്‍ഗ്രസ്സിന് മുന്‍കൈയുള്ള പഞ്ചായത്തുകളിലും നഗരസഭയിലും ഇടതുസ്ഥാനാര്‍ത്ഥി മാണി സി. കാപ്പന്‍ നേടിയ ഭൂരിപക്ഷം ഈ വസ്തുതയ്‌ക്ക് അടിവരയിട്ടു. കേരളത്തില്‍ ഇടതുപക്ഷത്തോടൊപ്പവും, ദേശീയതലത്തില്‍ കോണ്‍ഗ്രസ്സിന്റെ സഖ്യകക്ഷിയുമായ എന്‍സിപിയുടെ സ്ഥാനാര്‍ത്ഥിക്ക് വോട്ടുചെയ്യുന്നത് മഹാപരാധമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും തോന്നിയില്ല. പിണറായി സര്‍ക്കാരിന്റെ ഭരണനേട്ടമല്ല, മാണി പ്രഭാവത്തിന്റെ അസ്തമയമാണ് കേരളാ കോണ്‍ഗ്രസ്സിന്റെ സിരാകേന്ദ്രമായ പാലാമണ്ഡലത്തിലെ പരാജയം.
സ്ഥാനാര്‍ത്ഥിനിര്‍ണ്ണയം ദേശീയതലത്തില്‍തന്നെ കോണ്‍ഗ്രസ്സിന് തലവേദനയായി. ഗുലാംനബി ആസാദിന്റെ അപ്രമാദിത്വത്തില്‍ പ്രതിഷേധിച്ച് ഹരിയാന മുന്‍ പിസിസി പ്രസിഡന്റ് പ്രകാശ് തന്‍വര്‍ പാര്‍ട്ടി വിട്ടു. മഹാരാഷ്‌ട്ര മുന്‍ പിസിസി പ്രസിഡന്റ് സഞ്ചയ് നിരൂപം തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍നിന്നും വിട്ടുനില്‍ക്കുന്നു. കേരളത്തിലും നേതാക്കള്‍ പരസ്പരം തുടരുന്ന ചാട്ടുളി പ്രയോഗങ്ങള്‍ ഗ്രൂപ്പ് പോരിന്റെ നേര്‍സാക്ഷ്യമാണ്. ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിനിര്‍ണ്ണയത്തില്‍ മുന്‍ എംഎല്‍എമാരുടെ നിര്‍ദ്ദേശങ്ങള്‍ക്കായിരിക്കും ആദ്യ പരിഗണനയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉറപ്പ് നല്‍കിയിരുന്നെങ്കിലും വട്ടിയൂര്‍കാവില്‍ കെ. മുരളീധരന്‍ നിര്‍ദ്ദേശിച്ച സീനിയര്‍ നേതാവ് പീതാംബരകുറുപ്പും കോന്നിയില്‍ അടൂര്‍ പ്രകാശ് നിര്‍ദ്ദേശിച്ച റോബിന്‍ പീറ്ററും അവഗണിക്കപ്പെട്ടു. എറണാകുളം സീറ്റ് സ്വപ്‌നംകണ്ട കെ.വി. തോമസിന്റെ തുടര്‍ രാഷ്‌ട്രീയവും അനിശ്ചിതത്വത്തിലായി.
കെ. മുരളീധരന്റെയും അടൂര്‍ പ്രകാശിന്റയും നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചതിനും പീതാംബരക്കുറുപ്പിനും കെ.വി. തോമസിനും എ.എ. ഷുക്കൂറിനും സീറ്റ് നിഷേധിച്ചതിനും പിന്നില്‍ ഹൈക്കമാന്റിന്റെ കേരളാ അംബാസിഡറായ എ.കെ. ആന്റണി ആണെന്നാണ് കോണ്‍ഗ്രസ്സിലെ അടക്കം പറച്ചില്‍. കോന്നിയില്‍ എ ഗ്രൂപ്പുകാരനായ പി. മോഹന്‍ രാജിന്റെ പരാജയം മണഞ്ഞ മുല്ലപ്പള്ളി രാമചന്ദ്രന്‍ അടൂര്‍പ്രകാശിന് ആദ്യതാക്കീത് നല്‍കിക്കഴിഞ്ഞു. മഞ്ചേശ്വരത്ത് ലീഗ് സ്ഥാനാര്‍ത്ഥിക്കെതിരെ യൂത്ത്‌ലീഗിന്റെ പ്രതിഷേധം ആളിക്കത്തുന്നു. മോദിജി നടപ്പാക്കുന്ന വികസനപ്രവര്‍ത്തനങ്ങളോടും ക്ഷേമ പദ്ധതികളോടും കോണ്‍ഗ്രസ്സിലെ ഉന്നത നേതൃത്വത്തിന്റെ സമീപനമാണ് ഹൈക്കമാന്റിനെ അലോസരപ്പെടുത്തുന്നത്. ഈ വിഷയത്തില്‍ എംപിമാരായ ശശിതരൂരും മുരളീധരനും കൊമ്പുകോര്‍ത്തു. ‘പന്നികളോട് ഗുസ്തിക്ക് പോയാല്‍ അവര്‍ക്ക് രസമാണെങ്കിലും നമ്മുടെ ശരീരം മലിനപ്പെടുമെന്ന്’ ബര്‍ണാഡ്ഷായെ ഉദ്ദരിച്ച് ശശിതരൂര്‍ നല്‍കിയ കനത്തപ്രഹരം മുരളീധരനോടൊപ്പം മുല്ലപ്പള്ളിരാമചന്ദ്രനും കൂടിയുള്ളതാണ്. പ്രളയകാലത്ത് അര്‍ദ്ധരാത്രിയില്‍ ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാനില്‍നിന്നും പുറത്തുവന്ന രോദനത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി എം. വിജയകുമാര്‍ കോണ്‍ഗ്രസ് നേതൃത്വത്തോട് നടത്തിയ സഹായാഭ്യര്‍ത്ഥന.
ശബരിമല വിഷയത്തെ രാഷ്‌ട്രീയവത്ക്കരിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. കോടതിവിധി മറയാക്കി യുവതീപ്രവേശനം സാധ്യമാക്കാന്‍ മുഖ്യമന്ത്രി കാട്ടിയ അമിതാവേശവും പ്രകോപനപരമായ പ്രസ്താവനകളും വനിതാമതില്‍ പോലുള്ള രാഷ്‌ട്രീയ പ്രകടനങ്ങളുമാണ് ഹൈന്ദവവിശ്വാസം തകര്‍ക്കാന്‍ തക്കംപാര്‍ത്തിരുന്ന മതപരിവര്‍ത്തനവാദികള്‍ക്കും ഫെമിനിസ്റ്റുകള്‍ക്കും മാവോവാദികള്‍ക്കും പ്രചോദനമായത്. തുടര്‍ന്ന് വിശ്വാസികളുടെ ഇതുവരെ ദര്‍ശ്ശിച്ചിട്ടില്ലാത്ത പ്രതിരോധപ്രക്ഷോപങ്ങള്‍ക്കാണ് കേരളം സാക്ഷ്യംവഹിച്ചത്. ആചാരലംഘനത്തെ ജനാധിപത്യപരമായി പ്രതിരോധിച്ച ആയിരക്കണക്കിന് വിശ്വാസികള്‍ക്കും നൂറുകണക്കിന് ബിജെപി, സംഘപരിവാര്‍പ്രവര്‍ത്തകര്‍ക്കും ഒട്ടേറെ കണ്ണീരുംചോരയും ചൊരിയേണ്ടിവന്നു. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ശശികലടീച്ചര്‍, ശോഭ സുരേന്ദ്രന്‍ തുടങ്ങി അറിയപ്പെടുന്ന മഹിളാനേതൃത്വത്തിനെതിരെ അനവധി കള്ളക്കേസുകള്‍ ചുമത്തി. കെ. സുരേന്ദ്രന്‍, അഡ്വ. കെ.പി. പ്രകാശ്ബാബു തുടങ്ങിയ മുതിര്‍ന്ന നേതാക്കളെ ജാമ്യമില്ലാവാറന്റ് അനുസരിച്ച് മാസങ്ങള്‍ തുറങ്കലിലടച്ചു. കല്‍ത്തുറങ്കില്‍ കിടന്നാണ് ഇരുവരും ലോക്സഭാതെരഞ്ഞെടുപ്പില്‍ പത്രികസമര്‍പ്പിച്ചത്.
ഇന്നും ശബരിമലവിഷയത്തില്‍ ഇരട്ടത്താപ്പാണ് സിപിഎമ്മിനും കോണ്‍ഗ്രസിനും. കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് മുസ്ലീംവോട്ട് നേടാന്‍ തന്റെ നെറ്റിയിലെ കുറിമായിച്ച് പരിഹാസ്യനായി.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത പരാജയവും ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ജാതിമത ശക്തികളുടെ ഇടപെടലുകളും സിപിഎമ്മിനെ രണ്ടുതട്ടിലാക്കിയിരിക്കുന്നു. ശബരിമലവിഷയത്തില്‍ പാര്‍ട്ടിയും സര്‍ക്കാരും കൈകൊണ്ട നിലപാട് ഒരു വിഭാഗം വിശ്വാസികളുടെ വോട്ട് ചോര്‍ച്ചയ്‌ക്ക് കാരണമായെന്ന് സിപിഎം കേന്ദ്ര-സംസ്ഥാന കമ്മറ്റികള്‍ വിലയിരുത്തിയെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്‍ അത് പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ തയ്യാറായില്ല. ശബരിമല യുവതീപ്രവേശനത്തില്‍ സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നയത്തില്‍ പ്രതിഷേധിച്ച് നവോത്ഥാന സംരക്ഷണസമിതിയില്‍നിന്നും പിന്‍വാങ്ങിയ സംഘടനകളെയും വ്യക്തികളെയും സ്വരുകൂട്ടി സമിതി വീണ്ടും പുനസംഘടിപ്പിച്ചിരിക്കുന്നു. മണ്ഡലകാലത്തിന് ആഴ്ചകള്‍മാത്രം ശേഷിക്കേ, നവോത്ഥാനസമിതിയുടെ പുനസംഘാടനം ശബരിമല ആചാരലംഘനത്തിനായി ഇരുളില്‍ പതിയിരിക്കുന്ന മതപരിവര്‍ത്തനവാദികള്‍ക്കും ഫെമിനിസ്റ്റുകള്‍ക്കും മാവോവാദികള്‍ക്കും ഊര്‍ജ്ജം പകരാനാണെന്ന് വിശ്വാസികള്‍ സംശയിക്കുന്നു.
‘മണ്ണും ചാരി നിന്നവന്‍ പെണ്ണുംകൊണ്ടുപോയെന്ന’ പഴമൊഴി അന്വര്‍ത്ഥമാക്കുന്നതായിരുന്നു ലോക്സഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വീണുകിട്ടിയ വിജയം. നോട്ടുപിന്‍വലിക്കല്‍ മുതല്‍ മോദിക്കും ബിജെപിക്കുമെതിരെ വ്യാജപ്രചരണത്തിന് ഇടതു-വലത് മുന്നണികളും ചില ദേശദ്രോഹശക്തികളും കോപ്പുകൂട്ടി തുടങ്ങിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ ചില പ്രമുഖ മാധ്യമങ്ങളുടെ നിസീമമായപിന്തുണയും അവര്‍ക്ക് ലഭിച്ചു. അമേഠിയില്‍നിന്നും ഓടി വയനാട്ടില്‍ അഭയംതേടിയ രാഹുലിന്റെ പരാജയഭീതിപോലും ദേശീയോദ്ഗ്രത്ഥനത്തിന്റെ പേരില്‍ ആദര്‍ശവത്ക്കരിക്കപ്പെട്ടു. വിശാലസഖ്യത്തിന്റെ നിയുക്ത പ്രധാനമന്ത്രിയായി ഉയര്‍ത്തികാട്ടിയ രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ എത്തിയതോടെ സിപിഎമ്മിന് ആയുധത്തിന്റെ വായ്‌ത്തലമടങ്ങി. ചുരുക്കത്തില്‍ കോണ്‍ഗ്രസ്സിന്റെ വിജയം ആഘോഷിച്ച രാഷ്‌ട്രീയനേതൃത്വവും ബുദ്ധിജീവികളും മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും ഒത്തുചേര്‍ന്ന് വ്യാജപ്രചരണങ്ങളിലൂടെ ലോക്സഭാ ജനവിധി അട്ടിമറിക്കുകയായിരുന്നു. ഇവര്‍ ബോധപൂര്‍വ്വം സൃഷ്ടിക്കപ്പെട്ട പ്രചണ്ഡമായ ഈ പ്രചാരണത്തില്‍ ശബരിമല പ്രക്ഷോഭത്തിന്റെ ഗുണഭോക്താക്കളാകാന്‍ കോണ്‍ഗ്രസ്സിന് കഴിഞ്ഞു. എന്നാല്‍ ജനങ്ങള്‍ ഇന്ന് ഇത്തരം വ്യാജപ്രചാരണങ്ങള്‍ നടത്തിയ രാഷ്‌ട്രീയപ്രസ്ഥാനങ്ങളെയും മാധ്യമങ്ങളേയും മാധ്യമപ്രവര്‍ത്തകരുടെ വക്രീകരണങ്ങളേയും തിരിച്ചറിയാനുള്ള ശേഷി കൈവരിച്ചിരിക്കുന്നു. ജനങ്ങളുടെ ഈ അനുഭവം ഉപതെരഞ്ഞെടുപ്പില്‍ ദേശീയ ജനാധിപത്യസഖ്യത്തിന് അനുകൂല ജനവിധിയായി പരിണമിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: