വത്തിക്കാന്‍ സിറ്റി: ഹോളിഫാമിലി സന്യാസിനി സമൂഹത്തിന്റെ സ്ഥാപകയും കുടുംബങ്ങളുടെ മധ്യസ്ഥയുമായ വാഴ്‌ത്തപ്പെട്ട മദര്‍ മറിയം ത്രേസ്യയെ മാര്‍പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു. ഇതോടെ കേരളത്തില്‍ നിന്നുള്ള നാലാമത്തെ വിശുദ്ധയാകും മറിയം ത്രേസ്യ.
ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക് 1.30 നടന്ന ശുശ്രൂഷയില്‍ വച്ചാണ് ഫ്രാന്‍സിസ് മാര്‍പാപ്പ നാമകരണം നിര്‍വഹിച്ചത്. വിശുദ്ധരായി ഉയര്‍ത്തപ്പെടുന്നവരുടെ രൂപതാധ്യക്ഷന്മാര്‍ സഹ കാര്‍മികരായി. മറിയം ത്രേസ്യയുടെ രൂപതാധ്യക്ഷന്‍ എന്ന നിലയില്‍ ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടനാണ് സഹകാര്‍മികനായത്.
മറിയം ത്രേസ്യ ഉള്‍പ്പടെ അഞ്ചുപേരെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചത്. കര്‍ദിനാള്‍ ഹെന്റി ന്യൂമാന്‍, സിസ്റ്റര്‍ ജിയൂസിപ്പിന വന്നിനി, സിസ്റ്റര്‍ മാര്‍ഗിരിറ്റ ബേയ്സ, സിസ്റ്റര്‍ ഡല്‍സ് ലോപ്പേസ് പോന്തേസ് എന്നിവരാണു മറ്റു നാലുപേര്‍.
ചടങ്ങിന് സാക്ഷ്യം വഹിക്കുന്നതിനായി മറിയം ത്രേ്യസ്യയുടെ കുടുംബാംഗങ്ങളും, സന്യസ്തരും വിശ്വാസികളും അടക്കം നിരവധിപേര്‍ കേരളത്തില്‍ നിന്നും റോമിലെത്തിയിരുന്നു. സിറോ മലബാര്‍ സഭയില്‍ നിന്നും മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പടെ നാല്‍പ്പതോളം ബിഷപ്പുമാര്‍ തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്തു.
പൊതു നിര്‍ദ്ദേശങ്ങള്‍ക്കു ശേഷം കര്‍ദ്ദിനാള്‍ ആഞ്ചലോ ബേച്ചു ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്‌ക്കു മുന്നില്‍ വിശുദ്ധിയിലേക്ക് ഉയര്‍ത്തപ്പെടാനുള്ള അഞ്ച് പേരുടേയും ലഘു ചരിത്രം വായിച്ച് അപേക്ഷകള്‍ സമര്‍പ്പിച്ചുകൊണ്ടാണ് വിശുദ്ധ പ്രഖ്യാപനത്തിന് തുടക്കമിട്ടത്.
















