തിരുവനന്തപുരം: വിദേശ വിമാനക്കമ്പനികളുടെ വിമാനങ്ങള്‍ അറ്റകുറ്റപ്പണിക്കായി തലസ്ഥാനത്തെത്തും. തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ എയര്‍ ഇന്ത്യയുടെ പരിപാലന, പരിശീലന, പരിശോധനാ സംവിധാനമായ മെയിന്റനന്‍സ് റിപ്പയര്‍ ആന്‍ഡ് ഓവര്‍ഹാളി(എംആര്‍ഒ) ല്‍ സ്വദേശത്തും വിദേശത്തുമുള്ള സ്വകാര്യ വിമാന സര്‍വ്വീസുകള്‍ക്ക് കൂടി അറ്റുകുറ്റപ്പണികള്‍ നടത്താനുള്ള സൗകര്യമാണ് ഒരുങ്ങുന്നത്്. ഇതിനായി രണ്ടു വര്‍ഷത്തിനകം തീര്‍ക്കേണ്ട് 125 കോടിയുടെ വികസന പദ്ധതികളാണ് തയ്യാറാക്കിയിരിക്കുന്നത്്. നിലവിലുള്ള 2 ഹാങ്ങറുകള്‍ക്കു പുറമെ മൂന്നാമത്തെ ഹാങ്ങര്‍ കൂടി നിര്‍മിക്കും. ഇപ്പോഴുള്ള കെട്ടിടത്തിനു സമീപമുള്ള ഭൂമിയിലാണ് പുതിയ കോംപ്ലക്‌സ് നിര്‍മിക്കുക. 2 വിമാനങ്ങള്‍ ഒരുമിച്ചു നിര്‍ത്തിയിടാന്‍ കഴിയുന്നതാകും പുതിയ ഹാങ്ങര്‍. വിമാനങ്ങളുടെ പെയിന്റിങ് ജോലികള്‍ നടത്താനുള്ള ആധുനികസൗകര്യങ്ങളാണ് ഇവിടെയൊരുക്കുക.
പുതിയ ഓഫിസ്, മെയിന്റനന്‍സ് കോംപ്ലക്‌സ്, പുതിയ സ്റ്റോറുകള്‍, അവശിഷ്ടങ്ങള്‍ സംസ്‌കരിക്കാനുള്ള സ്‌ക്രാപ് യാര്‍ഡ് എന്നിവയും നിര്‍മിക്കും. കോംപോസിറ്റ് മെറ്റീരിയല്‍ ഉപയോഗിച്ചു നിര്‍മിക്കുന്ന വിമാനങ്ങളുടെ ഭാഗങ്ങള്‍ അറ്റകുറ്റപ്പണി നടത്താനുള്ള സൗകര്യവും ഒരുക്കും. 150 പേര്‍ക്കു കൂടി പ്രത്യക്ഷമായി ജോലി ലഭിക്കും. ഇപ്പോള്‍ 256 തൊഴിലാളികളാണ് ഇവിടെയുള്ളത്. വിമാനത്തിന്റെ അറ്റകുറ്റപ്പണിക്ക് സ്‌പെയര്‍ പാര്‍ട്‌സ് നിര്‍മിക്കുന്ന കിന്‍ഫ്രയിലും വേളിയിലുമുള്ള കമ്പനികള്‍ക്കും കൂടുതല്‍ വരുമാനത്തിനു വഴിയൊരുങ്ങും.
തിരുവനന്തപുരം എംആര്‍ഒ അടുത്തവര്‍ഷം 120 കോടിരൂപയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നതെന്ന് എയര്‍ ഇന്ത്യ സര്‍വീസസ് ലിമിറ്റഡ് (എഐഎസ്ഇഎല്‍) ചീഫ് മെയ്ന്റനന്‍സ് മാനേജര്‍ പ്രശാന്ത് ഗോസാവി അറിയിച്ചു 2018-19 കാലയളവില്‍ നേടിയ 3.5 കോടിയുടെ പരിശീലന വരുമാനം, 2019-20 കാലയളവില്‍ ഇരട്ടിച്ച് 6.67 കോടിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. സ്വകാര്യ വിമാന സര്‍വ്വീസുകള്‍ക്ക് കൂടി അറ്റുകുറ്റപ്പണികള്‍ നടത്തുക എന്ന ഉദ്ദേശ്യത്തോടെ സ്‌പൈസ്‌ജെറ്റുമായി കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്. ഫ്‌ളൈദുബായ്, ഒമാന്‍ എയര്‍ എന്നിവയുമായുള്ള കരാര്‍നടപടികള്‍ പുരോഗമിക്കുകയാണെന്നും കേരളത്തിലെ ഗള്‍ഫ് യാത്രക്കാരുടെ ആധിക്യം ഇതിന് തുണയാകുമെന്നും അദ്ദേഹം പറഞ്ഞു.
വിമാനങ്ങള്‍ ഓരോ പറക്കലിനു മുന്‍പും വിമാനത്താവളങ്ങളില്‍ വിദഗ്ധപരിശോധനയ്‌ക്കു വിധേയമാക്കാറുണ്ട്. ഇതിനു പുറമെ 500 മണിക്കൂര്‍ പറക്കല്‍, 6000 മണിക്കൂര്‍ പറക്കല്‍, 12 വര്‍ഷം തുടങ്ങി പല ഘട്ടങ്ങളിലായുള്ള പരിശോധനയും അറ്റകുറ്റപ്പണിയുമുണ്ട്. തകരാറുകളുടെ തോതിനനുസരിച്ച് 2 കോടി വരെ അറ്റകുറ്റപ്പണിക്കായി ചെലവുവരും.
തിരുവനന്തപുരം കൂടാതെ ന്യൂഡല്‍ഹി, മുംബൈ, നാഗ്പൂര്‍, ഹൈദരാബാദ്, കൊല്‍ക്കത്ത എന്നീ അഞ്ച് എംആര്‍ഒകളാണ് പ്രവര്‍ത്തിക്കുന്നത്. രാജ്യത്തിനകത്തും പുറത്തുമുള്ള എംഎര്‍ഒകളേക്കാള്‍ തൊഴിലാളികളുടെ വേതനവും ഭൂമിയുടെവിലയും കേരളത്തില്‍ കുറവാണെന്നതും തിരുവനന്തപുരം എംആര്‍ഒയുടെ മികച്ച രീതിയിലുള്ള പ്രവര്‍ത്തനത്തിന് ഏറെ അനുകൂല സാഹചര്യമൊരുക്കുന്നു. സാങ്കേതിക വിദ്യയില്‍ വിദഗ്‌ദ്ധരും വിദ്യാസമ്പന്നരുമായ തൊഴിലാളികള്‍ ഏറെയുള്ളത് കേരളത്തിലാണ്. ഗള്‍ഫ് രാജ്യങ്ങളിലേക്കടക്കം യാത്രാതിരക്കുള്ള കേരളത്തില്‍, വിമാനയാത്രക്കാരുടെയും സര്‍വ്വീസുകളുടെയും എണ്ണം വര്‍ധിച്ചതും മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി നാലുവിമാനത്താവളങ്ങള്‍ കേരളത്തിലാണെന്നതും ഏറെഗുണകരമായെന്ന് ചീഫ് മെയ്ന്റനന്‍സ് മാനേജര്‍ പറഞ്ഞു.
പ്രവര്‍ത്തനം ആരംഭിച്ച് ആറ് വര്‍ഷം പിന്നിട്ടപ്പോള്‍ വലിയതോതിലുള്ള തൊഴിലവസരങ്ങള്‍സൃഷ്ടിക്കാനും തൊഴില്‍ പരിശീലനം നല്‍കാനും തിരുവനന്തപുരംഎം ആര്‍ഒക്ക് സാധിച്ചിട്ടുണ്ട്. മേക്ക് ഇന്‍ ഇന്ത്യാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിരവധി ഉദ്യമങ്ങളും എംആര്‍ഒ ഏറ്റെടുത്തു. വിമാനങ്ങളുടെ അറ്റുകുറ്റപ്പണികള്‍ക്കായി രണ്ട് ഹാംഗറുകളാണ് സ്ഥാപിച്ചിട്ടുള്ളത്. മറ്റുഎംആര്‍ഒകളെ അപേക്ഷിച്ച് തിരുവനന്തപുരത്ത് അറ്റകുറ്റപ്പണികളുടെ ചെലവ് 13-14 ശതമാനം കുറവാണെന്നും അദ്ദേഹം പറഞ്ഞു.
പിഐബി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ രാജീവ് ജയിന്‍, ഡെപ്യൂട്ടി ഡയറക്ടര്‍മാരായ പുനിതാ എസ്, സൂരജ് മോന്‍ ആര്‍ എന്നിവരും പങ്കെടുത്തു.
















