ഇസ്ലാമബാദ് : ഭരണത്തിലേറി ഒരു വര്‍ഷം കൊണ്ടുതന്നെ കടം വാങ്ങുന്നതില്‍ റെക്കോര്‍ഡുകളെല്ലാം തകര്‍ത്ത് ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍. അധികാരത്തില്‍ എത്തി ഒരു വര്‍ഷത്തിനുള്ളില്‍ രാജ്യത്തിന്റെ മൊത്തം കടം 7,50,900 കോടി പാക് കറന്‍സി(7509 ബില്ല്യണ്‍) ആയാണ് വര്‍ധിച്ചിരിക്കുന്നത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് പാക്കിസ്ഥാന്‍ ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പ്രധാനമന്ത്രിയുടെ ഓഫീസിനു കൈമാറിയിട്ടുണ്ട്. പാക് മാധ്യമങ്ങളാണ് ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരിക്കുന്നത്. കട ബാധ്യത കുത്തനെ ഉയര്‍ന്നതോടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകരാറിലായിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
2018 ആഗസ്ത് മുുതല്‍ 2019 ആഗസ്ത് വരെയുള്ള കാലയളവില്‍ 280400 കോടി പാക് കറന്‍സി (2804 ബില്ല്യണ്‍) ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ വിദേശ രാജ്യങ്ങളിലും നിന്നും കടം വാങ്ങിയിട്ടുണ്ട്. കൂടാതെ 470500 കോടി പാക് കറന്‍സി (4705 ബില്ല്യണ്‍) രാജ്യത്തു തന്നെയുള്ള വിവിധ സ്രോതസ്സുകളില്‍ നിന്നും വായ്‌പ്പയെടുത്തിട്ടുണ്ട്.
ഇതോടെ കഴിഞ്ഞ ആഗസ്തില്‍ 2473200 കോടി ആയിരുന്ന പൊതുകടം ഇമ്രാന്‍ ഭരണത്തില്‍ 3224000 ആയി ഉയര്‍ന്നിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ നികുതി വരുമാനം 100000 കോടിയാക്കാന്‍ ലക്ഷ്യമിട്ടെങ്കിലും 96000 കോടി മാത്രമേ പിരിക്കാന്‍ അധികൃതര്‍ക്ക് സാധിച്ചൊള്ളൂ. ഇതും ബാധ്യത ഇരട്ടിയാക്കാന്‍ കാരണമായി.
















