കോട്ടയം: വ്യോമസേനാ ഉദ്യോഗസ്ഥര്‍ക്കൊപ്പം ആടിയും പാടിയും സന്തോഷം പങ്കിട്ട് ഭിന്നശേഷിയുള്ള കുട്ടികള്‍. ദക്ഷിണ വ്യോമസേനയുടെ നേതൃത്വത്തില്‍ ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി സംഘടിപ്പിച്ച പ്രദര്‍ശനം കുട്ടികളുടെ സാന്നിധ്യം കൊണ്ട് ഏറെ ശ്രദ്ധേയമായി.
വ്യോമസേനയുടെ 87-ാം വാര്‍ഷികത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ശംഖുംമുഖം ടെക്‌നിക്കല്‍ ഏരിയയില്‍ എത്തിയ കുട്ടികളെയും അധ്യാപകരെയും വ്യോമസേനാ ഉദ്യോഗസ്ഥര്‍ സ്വീകരിച്ചു. വ്യോമസേനാ വിമാനങ്ങളുടെയും ഗരുഡ് കമാന്‍ഡോകളുടെ ആയുധപ്രദര്‍ശനവുമാണ് കുട്ടികള്‍ക്കായി ഒരുക്കിയത്. സെന്റ് ഫോര്‍ എംപവര്‍മെന്റ് ആന്‍ഡ് എന്റിച്ച്‌മെന്റ് ചെയര്‍മാന്‍ ഡോ. പി.എ. മേരി അനിതയുടെ നേതൃത്വത്തില്‍ 28 കുട്ടികളും ഏഴ് അധ്യാപകരുമാണ് വ്യോമസേന കേന്ദ്രം സന്ദര്‍ശിച്ചത്.
ആയുധങ്ങളും വിമാനങ്ങളും നേരിട്ട് കണ്ടും, വിമാനത്തിനുള്ളില്‍ കയറിയും കുട്ടികള്‍ ആഹ്ലാദം പങ്കുവച്ചു. തുടര്‍ന്ന് വ്യോമസേനയെ കുറിച്ചുള്ള ഹ്രസ്വചിത്രവും പ്രദര്‍ശിപ്പിച്ചു. ദക്ഷിണ വ്യോമസേന അഡ്മിന്‍ വിഭാഗം മേധാവി എയര്‍ വൈസ് മാര്‍ഷല്‍ പ്രശാന്ത് പതങ്കെ മുഖ്യാതിഥിയായിരുന്നു. ശംഖുംമുഖം വ്യോമസേനാകേന്ദ്രം ഗ്രൂപ്പ് കമാന്‍ഡര്‍ പി.കെ. അവസ്തി, ഡിഫന്‍സ് വക്താവ് ധന്യ സനല്‍ എന്നിവരും പങ്കെടുത്തു.
















