ചിറ്റാര്‍: വിശ്വാസവും, വികസനവുമാണ് ദേശീയ ജാനാധിപത്യ സഖ്യത്തിന്റെ മുദ്രാവാക്യമെന്ന് എന്‍ഡിഎ സംസ്ഥാന കണ്‍വീനറും, ബിഡിജെ എസ്സ് ചെയര്‍മാനുമായ തുഷാര്‍ വെള്ളാപ്പള്ളി. എന്‍ഡി എ ചിറ്റാര്‍ പഞ്ചായത്ത് തെരെഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസ സംരക്ഷണത്തിനായി ഏറ്റവും കൂടുതല്‍ ത്യാഗം സഹിച്ച ഒരു നേതാവാണ് കെ സുരേന്ദ്രന്‍. അത് ഈ മണ്ഡലത്തിലെ എന്നല്ല, കേരളം മുഴുവന്‍ അറിയാവുന്ന കാര്യമാണ്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം കൊടുക്കാന്‍ പോലും സംസ്ഥാന സര്‍ക്കാര്‍ പെടാപാട് പെടുകയാണ്. പിന്നെ വികസനത്തെ പറ്റി അവര്‍ പറയുന്നതില്‍ എന്തര്‍ഥമാണുള്ളത്. കേരള സര്‍ക്കാരിന് എങ്ങനെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനാകും. കേന്ദ്ര സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ സാധാരണ ജനങ്ങളെ ലക്ഷ്യം വച്ചുള്ളതാണ്. വികസനം താഴെ തട്ടില്‍ നിന്ന് തന്നെ ആരംഭിച്ചു എന്നുള്ളതാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രത്യേകത.
കോണ്‍ഗ്രസ്സ് കേന്ദ്രത്തില്‍ അധികാരത്തില്‍ വരുമെന്ന വലിയ പ്രചാരണമുണ്ടായിട്ടും, രാഹുല്‍ ഗാന്ധി തന്നെ കേരളത്തില്‍ വന്നു മത്സരിച്ചിട്ടും തുച്ഛമായ വോട്ടുകള്‍ക്കാണ് പൊതു തെരെഞ്ഞെടുപ്പില്‍ സുരേന്ദ്രന്‍ കോന്നിയില്‍ പിന്നിലേക്കു പോയത്. എന്നാല്‍ ഇനി വരുന്ന കുറേക്കാലം എന്‍ഡിഎ തന്നെയാകും കേന്ദ്രത്തില്‍ അധികാരത്തില്‍ വരിക എന്ന് ജനങ്ങള്‍ക്ക് ബോധ്യമുണ്ട്. അതുകൊണ്ട് ജനങ്ങള്‍ ഒരു തീരുമാനമെടുത്തു കഴിഞ്ഞു. അത് സുരേന്ദ്രന്റെ വിജയത്തിന് അനുകൂലഘടകമാണെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ എന്‍ ഡി എ സ്ഥാനാര്‍ഥി കെ സുരേന്ദ്രനും പങ്കെടുത്തു.ബി ഡി ജെ എസ്സ് സംസ്ഥാന ഉപാധ്യക്ഷന്‍ കെ പദ്മകുമാര്‍, ജന പക്ഷം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഷോണ്‍ ജോര്‍ജ്, ബി ജെ പി ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനട, ജനറല്‍ സെക്രട്ടറി ഷാജി ആര്‍ നായര്‍, മണ്ഡലം പ്രസിഡന്റ് മനോജ് സി പിള്ള, പഞ്ചായത്ത് പ്രസിഡന്റ് സുനില്‍ കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
















