കോന്നി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളുടെ പട്ടികയുമായി മഹിളാമോര്‍ച്ചാപ്രവര്‍ത്തകര്‍ കോന്നിനിയോജകമണ്ഡലത്തിലെ വീടുകളിലേക്ക്.
മഹിളാ മോര്‍ച്ച നിയോജക മണ്ഡലം തെരെഞ്ഞെടുപ്പ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മഹാ സമ്പര്‍ക്ക യജ്ഞം നടക്കുന്നത്. ബിജെപി സംസ്ഥാന സെക്രട്ടറി രേണു സുരേഷ്, മഹിളാ മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ബിന്ദു പ്രസാദ്, ജില്ലാ പ്രസിഡന്റ് മിനി ഹരി കുമാര്‍ എന്നിവരടങ്ങുന്ന നേതൃനിരയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. പഞ്ചായത്തുകള്‍ തോറും സ്‌ക്വാഡുകള്‍ രൂപീകരിച്ചു. സ്‌ക്വാഡുകളുടെ നേരിട്ടുള്ള ചുമതല നിയോജക മണ്ഡലം തെരെഞ്ഞെടുപ്പ് ഭാരവാഹികളാണ് വഹിക്കുന്നത്.
സ്ത്രീകളുടെ ഉന്നമനത്തിനായി നരേന്ദ്രമോദി സര്‍ക്കാര്‍ കൈക്കൊണ്ട പദ്ധതികളുടെ വിശദാംശങ്ങള്‍ ജനഹൃദയങ്ങളിലേക്ക് എത്തിക്കുന്ന മഹിളാമോര്‍ച്ചാപ്രവര്‍ത്തകര്‍ക്ക് ഹൃദ്യമായ സ്വീകരണമാണ് വീട്ടമ്മമാരില്‍ നിന്ന് ലഭിക്കുന്നതെന്ന് നേതാക്കള്‍ പറഞ്ഞു.
ഉജ്വല്‍ യോജന,ശൗചാലയ നിര്‍മാണം, ബേട്ടി പഠാവോ ബേട്ടി ബച്ചാവോ പദ്ധതി ഉള്‍പ്പടെ സ്ത്രീസമൂഹത്തിനൊന്നാകെ ഗുണകരമായ പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചത് ജനങ്ങളോട് വിശദീകരിക്കുന്നു.
എന്നാല്‍ ഈപദ്ധതികളെല്ലാം കേരളത്തില്‍ പേരുമാറ്റി സംസ്ഥാനസര്‍ക്കാര്‍ സ്വന്തം പദ്ധതികളായി അവതരിപ്പിക്കുകയാണ്.സ്ത്രീകളുടെ ഉന്നമനത്തിനായി ധാരാളം പദ്ധതികളാണ് ഇനിയും വരാനിരിക്കുന്നത്. ഇത്തരം വനിതാ ശാക്തീകരണ പദ്ധതികള്‍ ഉജ്വലമായി ഏറ്റെടുത്തു മുന്നോട്ടു പോകാന്‍ പ്രധാനമന്ത്രിക്ക് കരുത്തു പകരുന്നതാകണം കോന്നിയിലെ തെരെഞ്ഞെടുപ്പ് ഫലം എന്ന് വനിതാനേതാക്കള്‍ വോട്ടര്‍മാരോട് വീടുകളിലെത്തി അഭ്യര്‍ത്ഥിക്കുന്നു. കഴിഞ്ഞ ഒരുവര്‍ഷക്കാലത്തിലേറെയായി ശബരിമലയില്‍ ആചാര ലംഘനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്നിട്ടുള്ള സ്ഥിതി ഗതികള്‍ സമ്പര്‍ക്കത്തിന്റെ ഭാഗമായി സ്ത്രീ വോട്ടര്‍ മാരുമായി പങ്കു വെക്കും.
പ്രാര്‍ഥനാ യജ്ഞങ്ങളില്‍ പങ്കെടുത്തതിന്റെ പേരില്‍ അമ്മമാരുള്‍പ്പടെയുള്ള നിരവധി പേര്‍ക്കെതിരെയാണ് പോലീസിനെ ഉപയോഗിച്ച് സര്‍ക്കാര്‍ കേസെടുത്തിരിക്കുന്നത്. ഇതിലൂടെ സ്ത്രീ സമൂഹത്തെ വെല്ലു വിളിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും, ഇതിനായി മഹിളാ സംഘടന എന്ന നിലയില്‍ മഹിളാ മോര്‍ച്ച സ്ത്രീ സമൂഹവുമായി നിരന്തരം സമ്പര്‍ക്കം നടത്തുമെന്നും വനിതാ നേതാക്കള്‍ പറഞ്ഞു.
മഹിളാ മോര്‍ച്ച ജില്ലാ സെക്രട്ടറി ആശാ ഹരികുമാര്‍,ജയാ ശ്രീകുമാര്‍, മിനി ഹരികുമാര്‍, ലതാ കുമാരി, രത്‌നമ്മ കലേശന്‍, ജഗദമ്മ, മണിയമ്മ, മീന എം നായര്‍, ദീപ ജി നായര്‍, ശ്രീലത, ശ്രീകല, ചന്ദ്രിക, രമ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പഞ്ചായത്തുകള്‍ തോറും മഹാ സമ്പര്‍ക്ക പരിപാടി ആരംഭിച്ചു കഴിഞ്ഞു.
















