ന്യൂദല്‍ഹി: ഐക്യരാഷ്‌ട്രസഭയില്‍ പാക്കിസ്ഥാന്‍ പ്രധാന മന്ത്രി ഇമ്രാന്‍ ഖാന്‍ നടത്തിയ പ്രസംഗത്തെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് മുന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ്. പാക്കിസ്ഥാന്‍ ഭീകരവാദത്തിന്റെ വിളനിലമാണെന്നും പാക്ക് സൈന്യത്തിന്റെയും ഭീകരവാദികളുടെയും കളിപ്പാവയായി ഇമ്രാന്‍ അധഃപതിച്ചുവെന്നും കൈഫ് കുറ്റപ്പെടുത്തി. യു എന്‍ പൊതുസഭയില്‍ ഇമ്രാന്‍ ഖാന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ ക്രിക്കറ്റ് താരങ്ങളടക്കം നിരവധിപേരാണ് രംഗത്തെത്തിയിട്ടുള്ളത്.
കശ്മീരിലെ സാഹചര്യം ഗുരുതരമാണെന്നും അവിടെ ഐക്യരാഷ്‌ട്ര സഭ നല്‍കിയ അവകാശങ്ങള്‍ നിഷേധിക്കുന്നെന്നും 80 ലക്ഷം പേരെ തടവിലാക്കിയിരിക്കുകയാണെന്നുമാണ് പാക്കിസ്ഥാന്‍ പ്രധാന മന്ത്രി പ്രസംഗിച്ചത്. ബാലാകോട്ടില്‍ ഭീകരരെ വധിച്ചെന്ന ഇന്ത്യയുടെ വാദം കള്ളമാണെന്നും പറഞ്ഞ ഇമ്രാന്‍ ഖാന്‍ ആര്‍എസ്എസിനെതിരെയും രൂക്ഷ വിമര്‍ശനം ഉയര്‍ത്തി.
‘അസംബന്ധം’ എന്നാണ് ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് നായകന്‍ സൗരവ് ഗാംഗുലി ഇമ്രാന്‍ ഖാന്റെ പ്രസംഗത്തെ വിശേഷിപ്പിച്ചത്. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഭീകരവാദികള്‍ക്ക് റോള്‍ മോഡലാണെന്നായിരുന്നു മുന്‍ ക്രിക്കറ്റ് താരമായ ഗൗതം ഗംഭീറിന്റെ പ്രതികരണം. ദുരന്തപ്രസംഗം എന്ന് മുഹമ്മദ് കൈഫും പറഞ്ഞു.















