ന്യൂദല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തെത്തുടര്‍ന്ന് 2019 ഫെബ്രുവരി 26ന് വ്യോമസേന നടത്തിയ ബാലകോട്ട് വ്യോമാക്രമണത്തിന്റെ രഹസ്യ കോഡ് വാക്ക് വെളിപ്പെടുത്തി ഇന്ത്യന്‍ വ്യോമസേന. ‘സ്‌പൈസ്’ എന്നായിരുന്നു മിഷന്റെ പേര്. സ്പൈസ് ബോംബുകള്‍ വഹിച്ചിരുന്ന ഐഎഎഫ് മിറാഷ് 2000 വിമാനം ഉപയോഗിച്ചാണ് പാക്കിസ്ഥാനിലെ ബാലകോട്ട് മേഖലയിലെ ജയ്‌ഷെ മുഹമ്മദ് ഭീകരവാദ ക്യാമ്പുകളില്‍ ഇന്ത്യ വ്യോമാക്രമണം നടത്തിയത്, അതിനാലാണ് ഐഎഎഫ് ‘ഓപ്പറേഷന്‍ സ്‌പൈസ്’ എന്ന് വിളിച്ചത്.
സ്പൈസ് ബോംബിന് 60 കിലോമീറ്റര്‍ ദൂരം വരെ ആക്രമിക്കാന്‍ ശേഷിയുണ്ട്. ആധുനിക സംവിധാനമായ ഇലക്ട്രോ-ഒപ്റ്റിക്കല്‍ ഇമേജിങ്ങ് ഉപയോഗിച്ച് ലക്ഷ്യ പാത സ്വയം ക്രമീകരിക്കാനും ഈ ബോംബുകള്‍ക്കാകും. എംകെ -84, ബിഎല്‍യു-109, എപിഡ്‌ള്യു, ആര്‍എപി-2000 പോലുള്ള വാര്‍ഹെഡുകളും സ്‌പൈസ് 2000 ല്‍ ഘടിപ്പിക്കാന്‍ കഴിയും. പുല്‍വാമ ഭീകരാക്രമണത്തെത്തുടര്‍ന്ന് ബാലകോട്ടില്‍ ജയ്‌ഷെ മുഹമ്മദ് ഭീകര ക്യാമ്പുകളെ ആക്രമിക്കാന്‍ സ്‌പൈസ് ബോംബുകളുടെ മറ്റൊരു പതിപ്പാണ് ഇന്ത്യ ഉപയോഗിച്ചത്. വ്യോമസേനയുടെ മിറാഷ് 2000 യുദ്ധവിമാനങ്ങളാണ് ബോംബുകള്‍ വഹിച്ചത്.
ആക്രമണത്തില്‍ കെട്ടിടങ്ങള്‍ നശിപ്പിക്കാതെയാണ് അതിനുള്ളിലുണ്ടായിരുന്ന ഭീകരരെ സ്‌പൈസ് -2000 ബോംബുകള്‍ വധിച്ചത്. പുല്‍വാമയില്‍ സിആര്‍പിഎഫ് കോണ്‍വോയിക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് മറുപടിയായി ഫെബ്രുവരി 26ന് വ്യോമസേന ബാലകോട്ട് വ്യോമാക്രമണം നടത്തിയത്.















