കോഴിക്കോട്: കൂടത്തായി കൊലപാതകക്കേസിലെ പ്രതികളെ റിമാന്‍ഡ് ചെയ്തു. ജോളി, മാത്യൂ, പ്രജുകുമാര്‍ എന്നിവരെ 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. താമരശേരി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റി. കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ ആവശ്യമായ സാഹചര്യത്തില്‍ അന്വേഷണ സംഘം പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെടും.
ബുധനാഴ്ച ആകും പ്രതികളുടെ കസ്റ്റഡി അപേക്ഷ കോടതി പരിഗണിക്കുക. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന. മുഖ്യ പ്രതി ജോളിക്ക് സയനൈഡ് എത്തിച്ച് നല്‍കിയത് ജ്വല്ലറി ജീവനക്കാരന്‍ മാത്യു, സ്വര്‍ണ്ണപ്പണിക്കാരന്‍ പ്രജുകുമാര്‍ എന്നിവരാണെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് പ്രധാന പ്രതിക്കൊപ്പം ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്. അതിനിടെ ടോം തോമസിന്‍റെ വീട് പൂട്ടി സീല്‍ ചെയ്തു. കേസ് അന്വേഷണത്തില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനായാണ് വീട് സീല്‍ ചെയ്തത്.
ജോളിയെ ശനിയാഴ്ച രാവിലെ ഒമ്പതരയോടെ പൊന്നാമറ്റം വീട്ടില്‍ നിന്നും മാത്യുവിനെ കാക്കവയലിലെ വീട്ടില്‍ നിന്ന് പുലര്‍ച്ചെയുമാണ് കസ്റ്റഡിയിലെടുത്തത്. ഇതിനുശേഷമാണ് പ്രജുകുമാറിനെ കസ്റ്റഡിയില്‍ എടുത്തത്. മൂന്ന്മണിയോടെ മൂന്ന്‌പേരുടേയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
അതേസമയം ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെ ചോദ്യം ചെയ്ത ശേഷം പോലീസ് വിട്ടയച്ചു. കൊല നടത്തിയത് താന്‍ തന്നെയാണെന്ന മൊഴിയാണ് ജോളി ആവര്‍ത്തിക്കുന്നത്. മരിച്ച ദമ്പതികളുടെ മകള്‍ റെഞ്ചിയേയും കൊല്ലാന്‍ ശ്രമിച്ചെന്ന് ജോളി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സയനൈഡ് എത്തിച്ച് നല്‍കിയത് താന്‍ തന്നെയാണെന്ന് മാത്യുവും സമ്മതിച്ചിട്ടുണ്ട്. ജോളിയുടെയും മുന്‍ ഭര്‍ത്താവ് റോയ് തോമസിന്റെയും മക്കളെയും ജോളിയുടെ സഹോദരനെയും വടകര റൂറല്‍ എസ്പി ഓഫീസിലെത്തിച്ച് വിവരങ്ങള്‍ ആരാഞ്ഞു.
എല്ലാ മരണങ്ങളും നടന്ന സ്ഥലത്തെ ജോളിയുടെ സാന്നിദ്ധ്യമാണ് ജോളിയിലേക്ക് അന്വേഷണം നീങ്ങാന്‍ കാരണമായത്. മൊഴികളില്‍ അമ്പതിലധികം വൈരുദ്ധ്യങ്ങളുണ്ടായിരുന്നു. മുന്‍ ഭര്‍ത്താവ് റോയി മരിച്ച കേസിലാണ് നിലവിലെ അറസ്റ്റ്. എന്നാല്‍ മറ്റ് കേസുകളിലും വിശദമായ അന്വേഷണം തുടരുകയാണ്.
മരിച്ച ആറുപേരുടെയും കല്ലറ തുറന്ന് ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം ഫോറന്‍സിക് പരിശോധന നടത്തിയിരുന്നു. ഇതിന്റെ ഫലം കിട്ടിയ ശേഷമേ തുടര്‍ നടപടികള്‍ ഉണ്ടാകൂ എന്നാണ് കരുതിയിരുന്നത്. എന്നാല്‍ ശക്തമായ സാഹചര്യ തെളിവുകളും മൊഴികളും കുറ്റസമ്മതവും പ്രതികളെ പെട്ടെന്ന് നിയമത്തിന് മുന്നിലെത്തിക്കാനുള്ള തീരുമാനത്തിലേക്ക് ക്രൈം ബ്രാഞ്ചിനെ എത്തിക്കുകയായിരുന്നു.
വ്യാജ വില്‍പത്രമുണ്ടാക്കി സ്വത്തു തട്ടിയെടുത്തെന്ന കാട്ടി ജോളിക്കെതിരെ നല്‍കിയ കേസ് ലോക്കല്‍ പോലീസ് സിവില്‍ കേസെന്ന കാരണം കാണിച്ച് തള്ളി. തുടര്‍ന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐ ജീവന്‍ ജോര്‍ജ്ജ് കേസന്വേഷിച്ചത്. തുടര്‍ന്നായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണം. ഈ അന്വേഷണമാണ് ആറ് ജീവനുകള്‍ കവര്‍ന്ന കൊലപാതക പരമ്പരയുടെ ചുരുളഴിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചത് .
















