”വിഷു എന്നാല്‍ തുല്യാവസ്ഥയോടു കൂടിയത്,” ക്ലാസ്സ് തുടങ്ങിയതും രാമശേഷന് നേരിട്ട് വിഷയത്തിലേക്ക് പ്രവേശിച്ചു. ”രാത്രിയും പകലും സമമായി വരുന്ന കാലം എന്നര്‍ത്ഥം…”
”അതെന്തുകൊണ്ടാണ് സാര്‍?”
ഭൂമി അച്ചുതണ്ടില്‍ ചെരിവില്ലാതെ വരുന്ന കാലമാണത്. ആ സമയം സൂര്യന് ഭൂമധ്യരേഖക്ക് സമാന്തരമായി സംസാരിക്കുന്നതുപോലെ അനുഭവപ്പെടും. പകല്‍ രാത്രി ദൈര്‍ഘ്യങ്ങള്‍ തുല്യമായിരിക്കും.
ക്ലാസ്സിലെ ചിലര്‍ അതു മനസ്സിലായതുപോലെ തലയാട്ടി. ചിലരുടെ മുഖത്ത് മനസ്സിലാവാത്ത ഭാവം.
”അങ്ങനെയെത്ര കാലം?”, കല്ലേപ്പുള്ളിയിലെ സുരേഷ്.
ഭാരതീയര്‍ നിരയനമായി ഗണിതക്രിയകള്‍ ചെയ്യുന്നതുകൊണ്ട് അയനം ചേര്‍ത്ത സൂര്യസ്ഫുടത്തിന്റെ തീയതിയിലാണ് വിഷു വരുന്നത്. അതുമൂലം മീനം എട്ടാം തീയതി മുതല്‍ ദിനരാത്രങ്ങള്‍ സമമായി തുടങ്ങും. മേടം പത്തു കഴിഞ്ഞാല്‍ പകല്‍ കൂടുകയും രാത്രി കുറയുകയും ചെയ്യും.
”എന്താണ് സാര്‍ ഈ മേടം പത്ത്?”
”പത്താമുദയം എന്നു കേട്ടിട്ടില്ലേ?”
‘ഓ’ എന്ന് മുന്‍ ബെഞ്ചിലെ കുട്ടികള്‍ ആ ഉദയസത്യം തിരിച്ചറിഞ്ഞു.
മേടം ഒന്നു മാത്രമല്ല തുലാം മാസം ഒന്നാം തീയതിയും വിഷുദിനമാണ്. അതിന് ‘വിഷുവത്ത്’ എന്നു പറയും. രാശിചക്രത്തിലെ ക്രമവൃത്തവും (രഹീരസംശലെ) അപക്രമവൃത്തവും (അിശേ രഹീരസംശലെ) തമ്മില്‍ സന്ധിക്കുന്ന രണ്ടു രാശികളാണ് മേടവും തുലാമും. കലിയുഗാരംഭം, സൂര്യന്റെ ഉച്ചരാശിപ്രവേശം, വസന്ത ചൈത്രകാലം, കൃഷിയുടെ ആരംഭം എന്നീ കാരണങ്ങളാല്‍ മേടമാസത്തിലെ വിഷുവാണ് ആഘോഷമായി കൊണ്ടാടി വരുന്നത്. വിഷുവം, വിഷുവത്ത് എന്നിവ വിഷുവിന്റെ പര്യായങ്ങള്‍.
സംശയം വരുമ്പോള്‍ എഴുന്നേറ്റു നില്ക്കാറുള്ള കല്‍പ്പാത്തിയിലെ അംബുജം ഇപ്പോള്‍ എഴുന്നേറ്റു.
”സൂര്യന്റെ ഉച്ചരാശിയാണല്ലോ സാര്‍ മേടം…അതുമായി വിഷുവിന് എന്തെങ്കിലും ബന്ധം?”
രാശിചക്രത്തിലെ ആദ്യരാശിയാണ് മേടം. ചാന്ദ്രവര്‍ഷത്തിലെ ആദ്യമാസവും. ഭാരതീയ ജ്യോതിഷ ശാസ്ത്രജ്ഞര്‍ അംഗീകരിച്ചിരുന്ന ചാന്ദ്രവര്‍ഷത്തിലെ ആദ്യ സൂര്യസംക്രമമാണ് മേട വിഷു. ആ നിലയ്ക്ക് സൂര്യന് ഒരു പ്രാധാന്യം പറയാം.
സംസാരിക്കുമ്പോള്‍ ചെറിയൊരു ‘വിക്ക്’ തടസ്സപ്പെടുത്താറുള്ള മുരളിയുടെ മുഖത്ത് ഒരു ചോദ്യം ഒളിച്ചിരിക്കുന്നതുപോലെ തോന്നി. പ്രോത്സാഹിപ്പിച്ചപ്പോള്‍ വിക്കി വിക്കി മുരളി ചോദിച്ചു.
”ചില വര്‍ഷങ്ങളില്‍ മേടം ഒന്നിനല്ലല്ലോ സാര്‍ വിഷു വരുന്നത്?”
സൂര്യസംക്രമം കഴിഞ്ഞുള്ള പ്രഭാതത്തിലാണ് വിഷുക്കണി. മലയാള ആചാരപ്രകാരം അതു പലപ്പോഴും മേടം ഒന്നാം തീയതിയാകാറുണ്ട്. അപ്പോള്‍ വിഷുവും വിഷുക്കണിയും രണ്ടാം തീയതിയാകും…”
”വിഷുക്കലി എന്നു വെച്ചാല്‍?”, തിരുനെല്ലായിലെ കെ.എസ്. രാജേഷ്.
”വെരി സിമ്പിള്‍…”
വിഷു ദിവസത്തെ കലിദിന സംഖ്യ. എല്ലാ ഗണിതക്രിയകളും മേടം മുതല്‍ തുടങ്ങുന്നതിനാല്‍ കലിസംഖ്യയുടെ ഗണിതത്തിലും മേടം ഒന്ന് പ്രഭാതത്തിനാണ് പ്രാധാന്യം. അതു മുതല്‍ മാസവാക്യം ചേര്‍ത്താല്‍ ഓരോ മാസം ഒന്നാം തീയതിക്കുള്ള കലിദിനസംഖ്യ ലഭിക്കും.
”എന്താണ് സാര്‍ വിഷുഫലം? വിഷുഫലത്തിന് ടിവിയിലും ജ്യോതിഷമാസികകളിലുമൊക്കെ വലിയ പ്രാധാന്യമാണല്ലോ…”
ഗണിതക്രിയകളില്‍ പിന്നാക്കം നില്ക്കുന്ന വടക്കന്തറയിലെ വാസുദേവന്‍ ഫലപ്രവചനത്തോടാണ് എന്നും താല്‍പ്പര്യം. അതിപ്പോള്‍ ചോദ്യമായി.
ആ ചോദ്യം രാമശേഷനെ തന്റെ കുട്ടിക്കാലത്തേക്ക് കൊണ്ടുപോയി. അന്നൊക്കെ വിഷുദിനം ജ്യോത്സ്യന് ഗ്രാമത്തിലെ അമ്പലത്തിലേക്ക് വരും. ഗ്രാമസഭയുടെ പ്രത്യേക ക്ഷണപ്രകാരമാണ് വരവ്. അന്ന് ഗ്രാമവാസികള്‍ അമ്പലത്തില്‍ ഒത്തുകൂടും. പൊതുവെയുള്ള വിഷുഫലം അദ്ദേഹം വായിക്കും. ആ വര്‍ഷം കിട്ടുന്ന മഴ, നാണ്യവിളകള്‍, ലാഭം, നഷ്ടം എല്ലാം അതിലുണ്ടാവും. ഓരോ നക്ഷത്രക്കാരുടെ ഫലവും വായിക്കും. അതനുസരിച്ചാണ് ആളുകള്‍ കരുതലോടെ കാര്യങ്ങള്‍ ചെയ്യുക. ഇന്ന് ആ സമ്പ്രദായം അന്യം നിന്നുപോയി. എങ്കിലും വിഷുഫലത്തില്‍ വിശ്വാസമുള്ളവര്‍ ജ്യോതിഷമാസികകളേയും ടിവിയേയും ആശ്രയിക്കാറുണ്ട്.
വാസുദേവന്റെ ചോദ്യത്തിലേക്ക് വരാം.
വിഷുദിവസത്തെ ആഴ്ച, നാള്, പക്ഷം, കരണം എന്നിവയെ ആശ്രയിച്ച് നിര്‍ണയിക്കുന്നതാണ് വിഷുഫലം. സംക്രമപുരുഷനായ സൂര്യനാണ് വിഷുദേവന്. നവവത്സരമാകുന്ന രാജ്യത്തേക്ക് വസ്ത്രവാഹനാദികളോടുകൂടി സര്‍വ്വാഡംബര സമേതമാണ് രംഗപ്രവേശം. അത് കരണത്തെ ആശ്രയിച്ചും ആഴ്ചയെ അനുസരിച്ചും രണ്ടുവിധം പറയുന്നുണ്ടെങ്കിലും ആചാരം താഴെ പറയും പ്രകാരമാണ്.
മേടസംക്രമ സമയം സിംഹക്കരണമാണെങ്കില് സംക്രമപുരുഷന്‍ (സൂര്യന്) ശയാനനായി സിംഹവാഹനത്തില്‍ കയറി ശ്വേതവസ്ത്രം ധരിച്ച് മുസൃണ്ഠി എന്ന ആയുധമേന്തി പുന്നാഗപുഷ്പവും മാണിക്യരത്നവും അണിഞ്ഞ് കസ്തൂരിക്കുറി തൊട്ട് സ്വര്‍ണ്ണപാത്രത്തില്‍ അന്നം ഭുജിച്ചുകൊണ്ട് മന്ദസ്മിതത്തോടുകൂടി കിഴക്ക് ദിക്കിലേക്ക് പോകും.
മേടസംക്രമം വ്യാഘ്രക്കരണത്തിലായാല് വാഹനം പുലി. അവസ്ഥയും ആയുധവും പുഷ്പവും രത്നവും ഭക്ഷണവും മാറും.
ആനക്കരണമായാല് വാഹനം ഗജം. മറ്റെല്ലാം മാറും.
അങ്ങനെ ഓരോ കരണങ്ങള്‍ക്കും ആഴ്ചകള്ക്കുമനുസരിച്ച് അവതാരവും ഫലങ്ങളും മാറും.
”സാര്‍”, അത്രനേരം കേള്‍വിക്കാരനായിരുന്ന പ്രമോദ് പെട്ടെന്ന് ഒരു സംശയവുമായി എഴുന്നേറ്റു. ”കൃഷിക്കാര്‍ ഈ വിഷുഫലത്തെ ആശ്രയിക്കാറുണ്ട് എന്നു കേട്ടിട്ടുണ്ട്…”
ചിറ്റൂരില്‍ നിന്നും വരുന്ന പ്രമോദിന് കൃഷിയുടെ പാരമ്പര്യമുള്ളതായി അറിയാം. അതാവും ഈ ചോദ്യം.
മേടത്തിനു മുന്‍പു തന്നെ കൃഷിക്കാര്‍ വിത്തുണക്കിവെയ്ക്കും. ‘നിഴലുണക്കുക’ എന്നാണ് ഇതിന് പറയുക. നിഴലില്‍ വെച്ചുണക്കുന്നതു കൊണ്ടാവണം ഈ പ്രയോഗം. മേടമാസത്തിലെ വാവു കഴിഞ്ഞു വരുന്ന ഞായറാഴ്ചയാണ് പ്രത്യേക പൂജയോടുകൂടിയ വിത്തിറക്കല്‍. നല്ല വിളവു കിട്ടിയില്ലെങ്കില്‍ അവന്റെ ജീവിതം കട്ടപ്പുകയാണ്. ഇടവത്തില്‍ പാതിയും പിന്നെ മിഥുനത്തിലും കര്‍ക്കടകത്തിലും മഴ കിട്ടും. ചിങ്ങത്തില് വിളവെടുപ്പ്. കന്നിമാസം വിത്തുണക്കും. തുലാത്തില്‍ വീണ്ടും കൃഷിയിറക്കും. മകരത്തില്‍ വിളവെടുപ്പ്. ‘മകരക്കൊയ്ത്ത്’ എന്നു കേട്ടിട്ടില്ലേ?
മുന്‍നിരയിലെ കണ്ണുകളില്‍ തിളക്കം… കൗതുകം.
മകരത്തില്‍ കൊയ്ത്തു കഴിഞ്ഞാല്‍ കുംഭത്തിലും മീനത്തിലും വേലകളാണ്. വേലയ്ക്ക് പറയെടുക്കാന്‍ ഭഗവതി വെളിച്ചപ്പാടിന്റെ രൂപത്തില്‍ വീട്ടുമുറ്റത്തു വരും. നെല്ലിന്റെ ഒരളവ് പറയില്‍ ഭഗവതിക്ക് സമര്‍പ്പിക്കും. വള്ളുവനാടന്‍ സമ്പ്രദായമാണിത്. വലിയ ആഘോഷം… സംസ്കൃതി… അതുപോലെ തന്നെയാണ് കാളവേലകളും. വിത്തും ഭൂമിയും മാത്രമല്ല കാളകള്‍ക്കും കൃഷിയില്‍ തുല്യപങ്കുണ്ട്. അതിനാല്‍ കാളകളേയും പ്രത്യേകം ആദരിക്കുന്നു.
ഇപ്പോള്‍ ഉഴുതു മറിക്കാന്‍ യന്ത്രങ്ങള്‍ വന്നതോടെ കൃഷിയില്‍ കാളകള്‍ക്ക് പ്രസക്തിയില്ലാതായി. പക്ഷേ, കാളവേല എന്ന അനുഷ്ഠാനം ഇപ്പോഴുമുണ്ട്.
വിഷുക്കണിക്കു വെക്കുന്ന കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ (വെള്ളരി, പടവലം, ചക്ക, മാങ്ങ) കൃഷിയുമായി വിഷുവിനുള്ള ബന്ധത്തിന്റെ തെളിവാണ്.
കുട്ടികള്‍ക്ക് ഒരു വേല കണ്ട സന്തോഷം. ആകാശത്ത് അമിട്ടെന്ന പോലെ അവരുടെ മുഖത്ത് വെളിച്ചം മിന്നിമറഞ്ഞു.
”ആട്ടെ, കൈനീട്ടത്തെക്കുറിച്ച് ആര്‍ക്കെങ്കിലും സംശയമുണ്ടോ?”
ഇല്ല. വര്‍ഷം മുഴുവന്‍ സമ്പല്സമൃദ്ധമായിരിക്കാന് കുടുംബത്തിലെ കാരണവര്‍ മനസ്സു നിറഞ്ഞു തരുന്ന അനുഗ്രഹം. ആര്‍ക്കും സന്ദേഹമില്ല.
വിഷുക്കോടിയെക്കുറിച്ചും വിഷുപ്പടക്കത്തെക്കുറിച്ചും വിഷുസദ്യയെക്കുറിച്ചും കുട്ടികള്‍ക്കിടയില്‍ വര്‍ത്തമാനം നിറഞ്ഞു.
”ഇത് ഒരു വിഷു ക്ലാസ്സ് പോലെയായി സാര്‍…”
കുട്ടികള്‍ വാച്ചിലേക്ക് നോക്കി.
ക്ലാസ്സു കഴിയാന്‍ സമയമായി.
”എല്ലാവര്ക്കും ഹൃദ്യമായ വിഷു ആശംസകള്‍…”
പ്രതികരിക്കാൻ ഇവിടെ എഴുതുക: