കോഴിക്കോട്: കൂടത്തായിയില്‍ ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങളും മരിച്ചത് കൂട്ടക്കൊലപതാകമെന്ന് കണ്ടെത്തി പോലീസ്. കേസില്‍ മരിച്ച റോയിയുടെ ഭാര്യ ജോളി ബന്ധുവായ മാത്യു, സ്വര്‍ണപ്പണിക്കാരന്‍ പ്രജുകുമാര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഭക്ഷണത്തില്‍ സയനൈഡ് നല്‍കിയുള്ള സ്ലോ പോയിസണിങ് ആറു പേരുടേടും മരണത്തിനു കാരണമെന്ന് തെളിഞ്ഞിട്ടുണ്ട്. താനാണ് ജോളിക്ക് സയനൈഡ് നല്‍കിയതെന്നും ജോളിയുമായി സൗഹൃദം ഉണ്ടായിരുന്നെന്നും മാത്യു സമ്മതിച്ചിട്ടുണ്ട്. സ്വര്‍ണപ്പണിക്കാരന്‍ പ്രജുകുമാറാണ് മാത്യുവിനു സയനൈഡ് നല്‍കിയത്. പതിയെപ്പതിയെ മരിക്കുന്ന തരത്തില്‍ ചെറിയ അളവില്‍ ഭക്ഷണത്തിലും മറ്റും ദേഹത്തില്‍ വിഷാംശം എത്തിച്ചതുകൊണ്ടാണ് ആറ് പേരും പല വര്‍ഷങ്ങളുടെ ഇടവേളകളില്‍ മരിച്ചത്. സയനൈഡ് ചെറിയ അളവില്‍ ദേഹത്ത് എത്തിയതാണ് മരണകാരണമെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. മരിച്ച ഗൃഹനാഥന്‍ ടോം തോമസിന്റെ മകന്‍ റോയിയുടെ ഭാര്യ ജോളി അന്വേഷണ സംഘത്തോട് കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു, പിന്നീട് ശനിയാഴ്ച ഉച്ച തിരഞ്ഞാണ് അറസ്റ്റ് രേഖപ്പെടുത്തയത്,. വെള്ളിയാഴ്ച വൈകിട്ടാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
ഇതില്‍ ഗൃഹനാഥനായ റോയ് മാത്രമാണ് സയനൈഡ് ഉള്ളില്‍ച്ചെന്ന് പെട്ടന്ന് മരിച്ചത്. എന്നാല്‍ ബാക്കിയുള്ളവരെ സയനൈഡ് ചെറിയ അളവില്‍ പതുക്കെ പതുക്കെ നല്‍കി കൊല്ലുകയായിരുന്നു.
ആറുപേരുടേയും മരണത്തില്‍ ദുരുഹതയുള്ളതായി പരാതി ലഭിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്‌ച്ച രാവിലെ 10 മണിയോടെ കോടഞ്ചേരി സെന്റ് മേരീസ് ഫെറോന പള്ളി സെമിത്തേരിയിലെയും തുടര്‍ന്ന് പതിനൊന്നരയോടെ കൂടത്തായി ലൂര്‍ദ് മാതാ പള്ളി സെമിത്തേരിയിലെയും കല്ലറകളുമാണ് തുറന്ന് പരിശോധിച്ചത്. മരിച്ച ടോം തോമസ് – അന്നമ്മ ദമ്പതികളുടെ മകന്‍ അമേരിക്കയില്‍ ജോലിചെയ്യുന്ന റോജോയാണ് പോലീസില്‍ ആദ്യം പരാതി നല്‍കിയത്. ടോം തോമസിന്റെ മക്കളില്‍ നാട്ടിലുള്ള ഏകമകള്‍ രഞ്ജി തോമസ് എറണാകുളത്തുനിന്ന് കൂടത്തായിയില്‍ പോലീസ് നടപടിക്ക് ദൃക്സാക്ഷിയായി എത്തിയിരുന്നു.സംശയത്തിലുള്ള യുവതിയുടെ ബാങ്ക് അക്കൗണ്ടുകളും ഫോണ്‍കോളുകളും അന്വേഷണസംഘം പരിശോധിച്ചുവരികയാണ്. സംശയാസ്പദമായ പല തെളിവുകളും ഇതില്‍ നിന്നും ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്.
വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥനായിരുന്ന കൂടത്തായി പൊന്നാമറ്റം ടോം തോമസ്, ഭാര്യയും റിട്ട.അധ്യാപികയുമായ അന്നമ്മ, മകന്‍ റോയ്, അന്നമ്മയുടെ സഹോദരനും വിമുക്ത ഭടനുമായ മാത്യു മഞ്ചാടിയില്‍, ടോം തോമസിന്റെ സഹോദരന്‍ പുലിക്കയം സ്വദേശി റിട്ട. അധ്യാപകനായ പൊന്നാമറ്റം സക്കറിയയുടെ മകന്‍ ഷാജുവിന്റെ ഭാര്യ സിലി, സിലിയുടെ പത്തുമാസം പ്രായമുള്ള കുഞ്ഞ് അല്‍ഫോന്‍സ എന്നിവരാണ് ദുരൂഹ സാഹചര്യത്തില്‍ പലകാലയളവിലായി മരിച്ചത്. 2002 ആഗസ്ത് 22 നാണ് കേസിനാസ്പദമായ ആദ്യ മരണം. അന്നമ്മയായിരുന്നു ആദ്യം മരിച്ചത്. ആട്ടിന്‍സൂപ്പ് കഴിച്ചതിന് ശേഷം കുഴഞ്ഞു വീണാണ് അന്നമ്മ മരിച്ചത്.
അസ്വാഭാവികത ആര്‍ക്കും തോന്നിയിരുന്നില്ല. പിന്നീട് ആറുവര്‍ഷത്തിനു ശേഷം 2008 ആഗസ്ത് 26ന് ടോംതോമസും മരിച്ചു. ഛര്‍ദ്ദിച്ച് അവശനായാണ് ടോമിന്റെ മരണം. മൂന്നാം വര്‍ഷം 2011 സപ്തംബര്‍ 30ന് മകന്‍ റോയ് തോമസും മരിച്ചു. തൊട്ടുപിന്നാലെ തന്നെ മാത്യുവും മരിച്ചു. പിന്നീടാണ് ഷാജുവിന്റെ മകന്‍ ഒന്നരവയസ് പ്രായമായ കുഞ്ഞും ആറ് മാസത്തിന് ശേഷം അമ്മ സിലിയും മരിക്കുന്നത്. മരണങ്ങളില്‍ പലതും പെട്ടന്ന് കുഴഞ്ഞു വീണായിരുന്നു. അതിനാല്‍ ഹൃദയാഘാതമാണെന്ന സംശയമായിരുന്നു ബന്ധുക്കള്‍ക്കുണ്ടായിരുന്നത്.
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഹരിദാസന്‍, റൂറല്‍ എസ്പി കെ.ജി. സൈമണ്‍, അഡീഷണല്‍ എസ്പി സുബ്രഹ്മണ്യന്‍, ഫോറന്‍സിക് വിദഗ്ധ ശ്രുതി ലേഖ, പോലീസ് സര്‍ജന്‍ കെ. പ്രസന്നന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രത്യേക സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കി ബന്ധുക്കള്‍ക്കും അന്വേഷണ സംഘത്തിനും പള്ളിയുമായി ബന്ധപ്പെട്ടവര്‍ക്കും മാത്രമായിരുന്നു സ്ഥലത്തേക്ക് പ്രവേശനാനുമതി. സെമിത്തേരിയില്‍ത്തന്നെ സജ്ജമാക്കിയ താല്‍ക്കാലിക ലാബില്‍ പ്രാഥമിക പരിശോധന നടത്തി. പരിശോധനയ്‌ക്ക് കോടതിയുടേയും ജില്ലാ ഭരണകൂടത്തിന്റെയും പ്രത്യേക അനുമതി അന്വേഷണ സംഘം വാങ്ങിയിരുന്നു.
മണ്ണില്‍ ദ്രവിക്കാതെ അവശേഷിച്ചിരുന്ന പല്ല്, എല്ലുകള്‍ എന്നിവയാണ് പരിശോധിച്ചത്. 16 വര്‍ഷങ്ങള്‍ക്കു മുമ്പുള്ളതും തുടര്‍ന്ന് ഏതാനും വര്‍ഷങ്ങളുടെ ഇടവേളകളിലുമുണ്ടായ ബന്ധുക്കളുടെ മരണങ്ങള്‍ ആസൂത്രിതമായ കൊലപാതകമാണെന്ന പരാതിയെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് മൃതദേഹങ്ങള്‍ പുറത്തെടുത്ത് പരിശോധിച്ചത്. സംഭവത്തില്‍ കൂടുതല്‍ പേരുടെ പങ്കും അന്വേഷിക്കുകയാണ്.
















