നീലേശ്വരം: സത്രീ വിവാദത്തില്‍ സിപിഎമ്മില്‍ വീണ്ടും നടപടി. സിപിഎം നേതാവ് സദാചാര വിരുദ്ധമായ നടപടികളില്‍ ഏര്‍പ്പെട്ടെന്ന പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിഷയത്തില്‍ അടിയന്തിര നടപടി വേണമെന്ന് പേരോല്‍ കമ്മിറ്റി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സിപിഎം നീലേശ്വരം പേരോല്‍ ലോക്കല്‍ കമ്മിറ്റി അംഗത്തെ സസ്‌പെന്‍ഡ് ചെയ്തു.
ചാത്തമത്തെ മൂന്ന് ബ്രാഞ്ച് കമ്മിറ്റികളുടെയും യോഗം വിളിച്ചുചേര്‍ത്ത് സംഭവത്തില്‍ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. ലോക്കല്‍ കമ്മിറ്റിയംഗം ടി.ഗംഗാധരന്‍, ലോക്കല്‍ കമ്മിറ്റിയംഗവും നഗരസഭാ സ്ഥിരംസമിതി അധ്യക്ഷയുമായ പി.രാധ, ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി ദിലീഷ് എന്നിവരടങ്ങുന്ന മൂന്നംഗ കമ്മിഷനെ നിയമിച്ചത്. പ്രത്യേക സംഘം മൂന്നുദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ആരോപണവിധേയനായ ആള്‍ മറ്റൊരു ലോക്കല്‍ കമ്മിറ്റി അംഗം മുഖാന്തരം ലോക്കല്‍ സെക്രട്ടറിക്ക് രാജിക്കത്ത് നല്‍കിയതായും സൂചനയുണ്ട്. ഇയാള്‍ക്കെതിരേ നേരത്തേയും സമാനമായ വിഷയമുയര്‍ന്നപ്പോള്‍ താക്കീത് നല്‍കി ഒതുക്കി. പ്രവര്‍ത്തകരുടെ ശക്തമായ പ്രതിഷേധമാണ് ഇത്തവണ കടുത്ത നടപടിയിലേക്കെത്തിച്ചത്. അതേസമയം വിഷയം പുറത്തറിയാതെ ഒതുക്കി തീര്‍ക്കാന്‍ പാര്‍ട്ടിക്കുള്ളില്‍ ശ്രമം നടക്കുന്നതായും ആരോപണമുണ്ട്.
















