ന്യൂദല്‍ഹി: മതാചാരങ്ങളെപ്പറ്റി അറിയില്ലെങ്കില്‍ സര്‍ക്കാര്‍ അതില്‍ ഇടപെടരുതെന്ന് സുപ്രീംകോടതി. ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തില്‍ ഭക്തര്‍ക്കുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്നും ക്ഷേത്രഭരണം കാര്യക്ഷമമാക്കണമെന്നും ആവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കുമ്പോഴാണ് നവീന്‍ പട്‌നായിക് സര്‍ക്കാരിനെ സുപ്രീംകോടതി വിമര്‍ശിച്ചത്.
ക്ഷേത്രത്തിന് ചുറ്റുമുള്ള മഠങ്ങള്‍ പൊളിച്ച സര്‍ക്കാരിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. പന്ത്രണ്ടാം നൂറ്റാണ്ടിലെ ക്ഷേത്രത്തിന് ചുറ്റുമുള്ള മഠങ്ങള്‍ ഇടിഞ്ഞുപൊളിഞ്ഞതാണെന്ന് പറഞ്ഞായിരുന്നു സര്‍ക്കാര്‍ നടപടി. ക്ഷേത്രവുമായി ബന്ധപ്പെട്ട മഠങ്ങള്‍ ഇങ്ങനെ പൊളിച്ച് നീക്കരുത്. പഴകിയതാണെങ്കിലും മഠങ്ങള്‍ക്ക് ക്ഷേത്രാചാരവുമായി ബന്ധമുണ്ട്, ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.
പുരാതന ക്ഷേത്രത്തിന്റെ 75 മീറ്റര്‍ ചുറ്റളവിലുള്ള കെട്ടിടങ്ങളാണ് ഭക്തരുടെയും വിവിധ സന്ന്യാസി മഠങ്ങളുടെയും എതിര്‍പ്പ് തള്ളി പൊളിക്കുന്നത്. സര്‍ക്കാര്‍ നടപടിയെ പുരി ഗോവര്‍ദ്ധന പീഠത്തിലെ ശങ്കരാചാര്യര്‍ സ്വാമി നിശ്ചലാനന്ദ സരസ്വതി രൂക്ഷമായി വിമര്‍ശിച്ചു. നടപടിയെ ബിജെപിയും എതിര്‍ത്തു.
ആഗസ്റ്റ് 27നാണ് പൊളിക്കല്‍ തുടങ്ങിയത്. ദശനാമി പാരമ്പര്യത്തിലുള്ള ലാംഗുലി മഠമാണ് ആദ്യം പൊളിച്ചത്. 14ാം നൂറ്റാണ്ടില്‍ സ്ഥാപിച്ച മഠമാണിത്. 12ാം നൂറ്റാണ്ടില്‍ സ്ഥാപിച്ച രാമാനുജാചാര്യയുടെ പരമ്പരയില്‍പ്പെട്ട എമാര്‍ മഠവും പൊളിച്ചു. 1866ല്‍ ഒഡീഷയിലുണ്ടായ കടുത്ത ക്ഷാമകാലത്ത് ജനങ്ങള്‍ക്ക് ഭക്ഷണം വിതരണം ചെയ്ത മഠമാണിത്. വരുംദിവസങ്ങളില്‍ പന്ത്രണ്ടിലേറെ സന്ന്യാസി മഠങ്ങള്‍ പൊളിക്കാന്‍ ഒരുങ്ങുകയാണ് നവീന്‍ സര്‍ക്കാര്‍. പുരിയെ ലോക പാരമ്പര്യ നഗരമാക്കാനുള്ള 500 കോടിയുടെ പദ്ധതി പ്രകാരമാണ് പൊളിക്കലെന്നാണ് മുഖ്യമന്ത്രി നവീന്‍ പട്‌നായിക് പറയുന്നത്.















