പാലാ: ഹാര്‍മര്‍ വീണ് കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് മീറ്റ് നിര്‍ത്തിവെച്ചു. വെള്ളിയാഴ്ച മത്സരങ്ങള്‍ നടക്കുന്നതിനിടെ വോളന്റിയറായ അഫീല്‍ ജോണ്‍സണ്‍ എന്ന വിദ്യാര്‍ത്ഥിയുടെ തലയില്‍ ഹാര്‍മര്‍ വീണ് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു.
കോട്ടയം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയക്ക് വിധേയനാക്കിയ അഫീല്‍ തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്. ചാമ്പ്യന്‍ഷിപ്പ് അശ്രദ്ധമായി കൈകാര്യം ചെയ്തതിന് ഫെഡറേഷന്‍ ഭാരവാഹികള്‍ക്കെതിരെ പോലീസ് കേസെടുത്തു. പാല സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് അഫീല്‍.
വെള്ളിയാഴ്ച ഉച്ചയ്‌ക്ക് ഒരു മണിയോടെയാണ് സംഭവം. ജൂനിയര്‍ അത്‌ലറ്റിക് മീറ്റിന്റെ ആദ്യദിനത്തില്‍ ജാവലിന്‍, ഹാര്‍മര്‍ ത്രോ മത്സരങ്ങള്‍ നടക്കുകയായിരുന്നു. ഈ സമയം ഗ്രൗണ്ടില്‍ വീണ ജാവലിനുകള്‍ എടുത്ത് മാറ്റാന്‍ നിന്ന അഫീലിന്റെ തലയിലേക്ക് എതിര്‍ദിശയില്‍ നിന്ന് ഹാര്‍മര്‍ വന്ന് വീഴുകയായിരുന്നു. ഇരുമ്പ് ഗോളം പതിച്ച് അഫീലിന്റെ തലയോട്ടി തകര്‍ന്നു. ഉടന്‍ തന്നെ അഫീലിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
സംഘാടകരുടെ വീഴ്ചയാണ് അപകടത്തിന് കാരണമെന്നാണ് ആരോപണം. ജാവലിന്‍, ഹാര്‍മര്‍ ത്രോ മത്സരങ്ങള്‍ ഒരേസമയമാണ് നടത്തിയത്. ഗ്രൗണ്ടിന്റെ രണ്ട് ഭാഗത്ത് നടത്തിയ മത്സരങ്ങള്‍ക്ക് പക്ഷേ ഉണ്ടായിരുന്നത് ഒരു ഫിനിഷിംഗ് പോയിന്റായിരുന്നു. കൂടാതെ മീറ്റില്‍ ആവശ്യത്തിന് സുരക്ഷ ഒരുക്കിയിരുന്നില്ലെന്നും ആരോപണമുണ്ട്. എന്നാല്‍ സംഘാടകര്‍ ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചു.
















