കൊച്ചി: മരടിലെ അനധികൃത ഫ്‌ളാറ്റുകളില്‍ ഉടമസ്ഥരാരെന്നറിയാതെ 50 ഫ്‌ളാറ്റുകള്‍. 326 അപ്പാര്‍ട്ട്‌മെന്റുള്ള നാല് ഫ്‌ളാറ്റ് സമുച്ചയങ്ങളില്‍ നിന്നായി ഇതുവരെയും 243 ഉടമകളാണ് ഒഴിഞ്ഞത്. 83 ഉടമസ്ഥരില്‍ 50 പേരെക്കുറിച്ച് യാതൊരു വിവരവും ഇല്ല. ഫ്ളാറ്റ് കെയര്‍ ടേക്കര്‍മാര്‍ക്കും ഉടമസ്ഥരെക്കുറിച്ച് വ്യക്തതയില്ല. ഇന്നലെ രാത്രി 12 വരെയായിരുന്നു ഒഴിഞ്ഞു പോകുന്നതിനായുള്ള അവസാന സമയം.
ഉടമസ്ഥര്‍ ആരെന്ന് അറിയാന്‍ കഴിയാത്ത ഫ്‌ളാറ്റുകളെ റവന്യൂ വകുപ്പ് നേരിട്ടായിരിക്കും ഒഴിപ്പിക്കുക. വീട്ടുസാധനങ്ങള്‍ മാറ്റാന്‍ കൂടുതല്‍ സമയം ആവശ്യമായതിനാല്‍ ജില്ലാ ഭരണകൂടം ഉടമകള്‍ക്ക് സാവകാശം അനുവദിക്കുകയായിരുന്നു. എന്നാല്‍ ഇന്നലെ രാത്രി മുതല്‍ ഫ്ളാറ്റുകളില്‍ താമസിക്കാന്‍ ഇവര്‍ക്ക് അനുവാദമില്ല. സാധനങ്ങള്‍ മാറ്റുന്നത് വരെ വൈദ്യുതിയും ജലവിതരണവും വിച്ഛേദിക്കില്ലെന്ന് നഗരസഭ അറിയിച്ചിട്ടുണ്ട്. സമയക്രമം അനുസരിച്ച് നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും ശരിയായ മാര്‍ഗത്തിലൂടെ അപേക്ഷിച്ചവര്‍ക്ക് താല്‍ക്കാലിക പുനരധിവാസം ലഭിക്കുമെന്നും ജില്ലാ കളക്ടര്‍ എസ് സുഹാസ് അറിയിച്ചു. എന്നാല്‍ വീട്ടുപകരണങ്ങള്‍ മാറ്റാന്‍ ജില്ലാകളക്ടര്‍ സമയം നീട്ടിക്കൊടുക്കുകയും ചെയ്തിട്ടുണ്ട്.
















