കോഴിക്കോട്: കൂടത്തായിയിൽ വർഷങ്ങളുടെ ഇടവേളയിൽ ഒരു കുടുംബത്തിലെ ആറു പേർ കുഴഞ്ഞുവീണ് മരിച്ച സംഭവം കൊലപാതകമാണെന്ന് സൂചന. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ഇന്ന് മൃതദേഹങ്ങൾ അടക്കം ചെയ്ത കല്ലറകൾ തുറന്ന് പരിശോധിച്ചിരുന്നു. ഇതിന് ശേഷം അന്വേഷണ ഉദ്യോഗസ്ഥർ തന്നെയാണ് കൊലപാതക സൂചന നൽകിയത്.
എല്ലാവരുടെയും മരണം ഭക്ഷണ കഴിച്ച ശേഷമാണെന്ന് എസ്.പി കെ.ജി സൈമൺ വ്യക്തമാക്കി. മരണം നടന്ന ആറിടത്തും ഒരേ വ്യക്തിയുടെ സാന്നിധ്യം ഉണ്ടായതായി സൂചനയുണ്ട്. ഇതേക്കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്. ഭക്ഷണത്തിലൂടെ വിഷം അകത്തു ചെന്നതാണോ മരണകാരണമെന്ന് പരിശോധിക്കാനാണ് കല്ലറകൾ തുറന്ന് മൃതദേഹാവശിഷ്ടങ്ങൾ ശേഖരിച്ചത്. ഇതിന്റെ ഫൊറൻസിക് ഫലം വരുന്നതോടെ കൂടുതൽ വ്യക്തത വരുമെന്ന് പോലീസ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്ത ആളുകളോട് സ്റ്റേഷൻ പരിധിവിട്ട് പുറത്തുപോകരുതെന്ന് ഉദ്യോഗസ്ഥർ നിർദേശം നൽകിയിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജ് ഫൊറൻസിക് മേധാവിയടക്കം ആറംഗ വിദഗ്‌ദ്ധ സംഘത്തിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. നാല് മൃതദേഹങ്ങളാണ് ക്രൈംബ്രാഞ്ച് പുറത്തെടുത്ത് പരിശോധിച്ചത്. 2002നും 2016നും ഇടയിലാണ് പൊന്നാമറ്റം കുടുംബത്തിലെ ആറ് പേർ മരിച്ചത്. ആറു പേരും കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. ഹൃദയസംബന്ധമായ രോഗമാണ് മരണകാരണമെന്നായിരുന്നു നിഗമനം.
വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്ന കൂടത്തായി ടോം തോമസിന്റെ ഭാര്യ അന്നമ്മയാണ് ആദ്യം മരിച്ചത്. 2002ൽ കുഴഞ്ഞുവീണായിരുന്നു മരണം. ഒരു വർഷം കഴിഞ്ഞപ്പോൾ ടോം തോമസും കുഴഞ്ഞുവീണ് മരിച്ചു. തൊട്ടടുത്ത വർഷം ടോം തോമസിന്റെ മകൻ റോയിയും പിന്നാലെ അന്നമ്മയുടെ സഹോദരൻ മാത്യുവും മരിച്ചു. ഇതിന് പിന്നാലെ ഷാജുവിന്റെ പത്തുമാസം പ്രായമായ കുഞ്ഞും അതിന് ആറുമാസത്തിന് ശേഷം ഭാര്യ സിസിലിയും കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.
ഇതിൽ റോയിയുടെ മൃതദേഹം മാത്രമാണ് പോസ്റ്റുമോർട്ടം നടത്തിയത്. വിഷം ഉള്ളിൽച്ചെന്നാണ് റോയി മരിച്ചതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത്. ടോം തോമസിന്റെ രണ്ടാമത്തെ മകൻ റോജോയാണ് മരണങ്ങളിൽ ദുരൂഹതയുണ്ടെന്ന് കാട്ടി പരാതി നൽകിയത്. പരാതി പരിശോധിച്ച പോലീസ് കൊലപാതക സാധ്യതയുണ്ടെന്ന് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയത്.
ടോം തോമസിന്റെ സ്വത്തുക്കൾ വ്യാജ ഒസ്യത്തിന്റെ സഹായത്തോടെ നഷ്ടപ്പെട്ടതിനെ തുടർന്നാണ് മരണം സംബന്ധിച്ച് സംശയങ്ങൾ ഉണ്ടായത്.
















