ന്യൂദല്‍ഹി: ബന്ദിപ്പൂരിലൂടെയുള്ള രാ്രതിയാത്ര നിരോധനത്തില്‍ കേരളം ആദ്യം കര്‍ണാടകയുമായി സമവായത്തിലെത്തുവെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍. രാത്രിയില്‍ 35 കിലോമീറ്റര്‍ മാത്രമല്ലേ ബദല്‍പാതയിലൂടെ സഞ്ചരിക്കേണ്ടതുള്ളുവെന്നും വനവും വന്യജീവികളും സംരക്ഷിക്കപ്പെടേണ്ടതല്ലേയെന്നും കേന്ദ്രമന്ത്രി നിവേദനം നല്‍കാനെത്തിയ വയനാട്ടില്‍നിന്നുള്ള സര്‍വകക്ഷി സംഘത്തോട് ചോദിച്ചു. 20 മിനിറ്റ് സമയം മന്ത്രിയുമായി സര്‍വകക്ഷി സംഘം കൂടിക്കാഴ്ച നടത്തി. രാത്രിയാത്ര നിരോധനത്തില്‍ രണ്ടു സംസ്ഥാനങ്ങളും തമ്മില്‍ ധാരണ ഉണ്ടാക്കൂ. എന്നിട്ട് വിദഗ്ധസമിതി മുഖേന സുപ്രീം കോടതിയെ അറിയിക്കുക. പ്രകൃതിയെയും വന്യമൃഗങ്ങളെയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നിരോധന വിഷയത്തില്‍ താല്‍പര്യം കാണിക്കുന്നത് കര്‍ണാടകയാണ്. അതല്ലാതെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലെന്നും അദേഹം പറഞ്ഞു. വന്യജീവി സംരക്ഷണത്തിന് പ്രാമുഖ്യം നല്‍കിയുള്ള നിലപാടാണ് ചര്‍ച്ചയിലുടനീളം കേന്ദ്രമന്ത്രി സ്വീകരിച്ചത്.
പരിസ്ഥിതിക്കും വന്യമൃഗങ്ങള്‍ക്കും അപകടമുണ്ടാക്കുന്ന രീതിയില്‍ ബന്ദിപ്പൂര്‍ രാത്രിയാത്രാ നിരോധനം പിന്‍വലിയ്‌ക്കാന്‍ സാധിക്കില്ലെന്ന് കര്‍ണ്ണാടകം വ്യക്തമാക്കിയിരുന്നു. പരിസ്ഥിതി മന്ത്രാലയത്തിനെ കര്‍ണാടകം ഇത് സംബന്ധിച്ച നിലപാടറിയിച്ചിട്ടുണ്ട്. അടിയന്തര വാഹനങ്ങളും നാല് ബസ്സുകളും ഒഴിച്ച് മറ്റൊരു വാഹനവും രാത്രികാലത്ത് അനുവദിക്കില്ല. കര്‍ണ്ണാടക വനം വകുപ്പാണ് നിലപാട് വ്യക്തമാക്കിയത്. ഉന്നത സമിതി ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഉന്നത സമിതി റിപ്പോര്‍ട്ട് വൈകിപ്പിക്കുന്നതാണ് വിഷയങ്ങള്‍ക്ക് കാരണം എന്നും കര്‍ണ്ണാടകം പറയുന്നു. രാ്രതിയാത അനുവദിച്ചാല്‍ ബന്ദിപ്പൂര്‍ വനമേഖലയിലെ വന്യമൃഗങ്ങള്‍ക്കടക്കം ഭീഷണിയാണെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ പറഞ്ഞു. പാത പൂര്‍ണ്ണമായി അടച്ചിട്ടില്ല. അത്യാവശ്യവാഹനങ്ങള്‍ ഇപ്പോഴും രാത്രിയില്‍ അതിലൂടെ കടന്നു പോകുന്നുണ്ടെന്നും പറഞ്ഞു. രാത്രിയാത്ര അനുവദിച്ചപ്പോള്‍ ആയിരക്കണക്കിന് മൃഗങ്ങളാണ് വാഹനമിടിച്ച് മരിച്ചതെന്നും അദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
















