ന്യൂദല്‍ഹി:ഓക്‌സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ച സംഭവത്തില്‍ ബിആര്‍ഡി ആശുപത്രിയിലെ ശിശുരോഗ വിദഗ്ധന്‍ കഫീല്‍ ഖാനെതിരെ പുതിയ കേസ്. ഇദ്ദേഹത്തിനെതിരെ അഴിമതിയും അച്ചടക്കമില്ലായ്‌മയും ആന്വേഷിക്കാനാണ് യുപി സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്.
പ്രധാനമായും ഏഴ് കുറ്റാരോപണങ്ങളാണ് കഫീല്‍ ഖാനെതിരെ അന്വേഷിക്കുകയെന്ന് മെഡിക്കല്‍ എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് പ്രിന്‍സിപ്പള്‍ സെക്രട്ടറി രജ്‌നീഷ് ദുബ്ബേ പറഞ്ഞു. ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 2017 ഓഗസ്റ്റ് 10 നാണ് 60 കുഞ്ഞുങ്ങള്‍ ശ്വാസം കിട്ടാതെ മരിച്ചത്. സംഭവത്തില്‍ ഓക്‌സിജന്‍ കുറവാണെന്ന കാര്യം കഫീല്‍ ഖാന്‍ അറിയിക്കാതിരുന്നതാണ് കുട്ടികളുടെ കൂട്ടമരണത്തിന് കാരണമായതെന്ന് ആരോപിച്ച് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം കഫീല്‍ ഖാനെ അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ എഇഎസ് വാര്‍ഡിന്റെ നോഡല്‍ ഓഫീസറായിരുന്ന കഫീല്‍ ഖാനെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു.
കേസില്‍ മൂന്നാം പ്രതി ചേര്‍ത്തപ്പെട്ട കഫീല്‍ ഖാന് എട്ടു മാസത്തെ തടവ് ശിക്ഷയ്‌ക്ക് ശേഷം ഏപ്രില്‍ 25ന് അലഹബാദ് ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അച്ചടക്കമില്ലായ്‌മയും അഴിമതിയും ആരോപിച്ച് കഫീല്‍ ഖാനെതിരെ പുതിയ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
















