തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ തുലാഭാര കരാര്‍ നല്‍കിയതില്‍ ദുരൂഹത. ഇപ്പോള്‍ കശുവണ്ടി മോഷണത്തിന് പിടിയിലായ കരാറുകാരന് മനോജ് 19 ലക്ഷം രൂപ ദേവസ്വത്തിന് നല്‍കിയാണ് കരാറെടുത്തതെന്നത് ദുരൂഹത വര്‍ധിപ്പിക്കുന്നു. 2016-17ല്‍ തുലാഭാരത്തിനായി അന്നത്തെ കരാറുകാരന് 100 രൂപക്ക് 2.65 രൂപ നിരക്കില്‍ ദേവസ്വം നല്‍കിയിരുന്നു. എന്നാല്‍ 2017ല്‍ പുതുക്കിയ കരാറനുസരിച്ച് തുലാഭാര കരാറുകാരന് ദേവന് വഴിപാടായി സൗജന്യ നിരക്കില്‍ ചെയ്യാന്‍ തയ്യാറായതോടെയാണ് ദേവസ്വം ഉദ്യോഗസ്ഥരും കരാറുകാരനും തമ്മിലുള്ള വഴിവിട്ട സാമ്പത്തിക ബന്ധം പുറത്തായത്. ഭക്തരും സംഘടനകളും അന്നുമുതല്‍ ക്രമക്കേട് ഉന്നയിച്ചെങ്കിലും ദേവസ്വം ഭരണാധികാരികള്‍ ചെവിക്കൊണ്ടില്ല. തുലാഭാരത്തിനായുള്ള സാധനസാമഗ്രികളുടെ ചെലവുകള്‍ വഹിക്കേണ്ടി വരുന്ന കരാറുകാരന് എങ്ങനെയാണ് സൗജന്യമായി തുലാഭാരക്കരാറേറ്റെടുത്തതെന്ന ചോദ്യത്തിനും ഉദ്യോഗസ്ഥര്‍ മൗനം പാലിച്ചു. യാതൊരുവിധ കമ്മീഷനും വാങ്ങാതെയായിരുന്നു കരാറുകാരന് തുലാഭാരം നടത്താന്‍ മുന്നോട്ട് വന്നത്.
2018ല്‍ കരാറെടുക്കാന്‍ വന്നയാള്‍ ദേവസ്വത്തിലേക്ക് 25,000 രൂപ നല്കി. വന്‍ തുക ചെലവാകുന്ന തുലാഭാര വഴിപാടിനായി ഭക്തരില്‍ നിന്ന് നിര്‍ബന്ധിച്ച് പണമീടാക്കുന്നതായുള്ള ആരോപണവുമുയര്‍ന്നു. ദേവസ്വത്തിന് പണം നല്കി കരാറേറ്റെടുക്കുന്നതിലെ പൊരുത്തക്കേടുകള്‍ അന്ന് തന്നെ ചര്‍ച്ചയായെങ്കിലും അഡ്മിനിസ്ട്രേറ്ററോ മുതിര്‍ന്ന ഉദ്യോഗസ്ഥരോ ഇക്കാര്യത്തില്‍ ഇടപെടാന്‍ തയ്യാറാവാത്തത് ഒത്തുകളിക്ക് തെളിവാണ്. 2019 ലെ കരാറനുസരിച്ച് ഇതേ കരാറുകാരന് തുലാഭാരമേറ്റെടുത്തത് 19,00019 (പത്തൊന്‍പത് ലക്ഷത്തി പത്തൊമ്പത്) രൂപ ദേവസ്വത്തിനടച്ചാണെന്നതാണ് ഞെട്ടിക്കുന്ന വസ്തുത. പത്തിലധികം ജീവനക്കാരെ ഉപയോഗിച്ചാണ് തുലാഭാരം നടത്തുന്നത്. ഇവരുടെ കൂലിക്കായി ചെലവഴിക്കുന്ന തുകയും കരാറുകാരനാണ് നല്‍കുന്നത്. ഇത്തരത്തില്‍ കാഴ്ച്ചയില്‍ നഷ്ടമെന്ന് തോന്നുന്ന ഒരു കരാര്‍ വന്‍തുക നല്കി കൈക്കലാക്കിയത് സാമ്പത്തിക തിരിമറിക്കാണെന്നാണ് ഭക്തസംഘടനകള്‍ പറയുന്നത്. ഭക്തര്‍ തട്ടില്‍ വെക്കുന്ന തുകയും കരാറുകാരന് കൈക്കലാക്കാറുണ്ടെന്നാണ് വിവരം. ഇത്തരത്തില്‍ ഭക്തരെ പിഴിയാന്‍ കൂട്ടുനില്‍ക്കുന്നത് ദേവസ്വം ഉദ്യോഗസ്ഥര്‍ തന്നെയാണത്രെ.
കഴിഞ്ഞ ദിവസം ഒരു ഭക്തന് തുലാഭാരത്തിനെത്തിച്ച ഒന്നാം ഗ്രേഡ് കശുവണ്ടി കരാറുകാരനും സഹായിയും ചേര്‍ന്ന് കടത്തി. സിസിടിവി ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ഇരുവരെയും പിടികൂടിയത്. വാര്‍ത്ത പുറത്തുപോകാതിരിക്കാന്‍ ദേവസ്വത്തിന്റെ ശ്രമം വിഫലമായതിനെ തുടര്‍ന്ന് കരാറുകാരനെ പുറത്താക്കി തടിതപ്പുകയായിരുന്നു. ദേവസ്വത്തിന്റെ ഒത്താശയോടെ കള്ളപ്പണക്കാര്‍ക്ക് ക്ഷേത്രത്തിനുള്ളില്‍ കരാറ് കൊടുത്ത് ഭക്തരെ വഞ്ചിക്കുകയാണെന്ന് ഹൈന്ദവ സംഘടനകള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: