കൊച്ചി: മരടിലെ ഫ്‌ളാറ്റുകളില്‍ നിന്നും ഭൂരിപക്ഷം പേരും താമസം മാറ്റി. ഇന്നലെ രാത്രി 12 മണിക്കകം താമസക്കാരെല്ലാം ഫ്‌ളാറ്റ് വിട്ട് പോകണമെന്നായിരുന്നു ഉത്തരവ്. എന്നാല്‍ ഉടമകള്‍ക്ക് വീട്ടുപകരണങ്ങള്‍ മാറ്റാന്‍ കളക്ടര്‍ കൂടുതല്‍ സമയം അനുവദിച്ചിട്ടുണ്ട്.
മരടിലെ നാല് ഫ്‌ളാറ്റ് സമുച്ചയങ്ങളിലെ 326 അപ്പാര്‍ട്ട്‌മെന്റില്‍ നിന്നായി 243ല്‍ അധികം ഉടമകളാണ് ഇതിനോടകം ഒഴിഞ്ഞത്. വീട്ടുസാധനങ്ങള്‍ സാധനങ്ങള്‍ മാറ്റുന്നത് വരെ വൈദ്യുതിയും ജലവിതരണവും വിച്ഛേദിക്കില്ലെന്ന് നഗരസഭ അറിയിച്ചിട്ടുണ്ട്.
അപേക്ഷിച്ചവര്‍ക്ക് താത്കാലിക പുനരധിവാസം ലഭിക്കുമെന്നും ജില്ലാ കളക്ടര്‍ എസ്. സുഹാസ് അറിയിച്ചു. അതേസമയം താമസം ഒഴിഞ്ഞെന്ന് രേഖാമൂലം എഴുതി നല്‍കിയാല്‍ സാധനങ്ങള്‍ നീക്കാന്‍ 9ാം തീയതി വരെ സമയം നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.
സാധനങ്ങള്‍ നീക്കുന്നതിന് ഫ്‌ളാറ്റ് ഉടമകള്‍ക്ക് ജില്ലാ ഭരണകൂടത്തിന്റെ സഹായം ഇന്നും തുടരും. സാധനങ്ങള്‍ നീക്കം ചെയ്യാന്‍ ഓരോ ഫ്‌ളാറ്റുകളിലും 20 വോളണ്ടിയര്‍മാരെയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സുരക്ഷയ്‌ക്കായി പോലീസിനേയും വിന്യസിച്ചിട്ടുണ്ട്.
താമസക്കാരില്‍ പലരും ബന്ധു വീടുകളിലേക്കും സ്വന്തമായി കണ്ടു പിടിച്ച ഫ്ളാറ്റുകളിലേക്കുമാണ് മാറിയത്. വീട്ടുസാധനങ്ങള്‍ മാറ്റാന്‍ സമയം നീട്ടി നല്‍കണമെന്നാണ് ഇപ്പോഴത്തെ പ്രധാന ആവശ്യം. എത്ര സമയം വേണമെന്ന് ഓരോരുത്തരും പ്രത്യേകം അപേക്ഷ നല്‍കിയാല്‍ അതിനനുസരിച്ച് പരിഗണിക്കാമെന്ന് സിറ്റി പോലീസ് അസിസ്റ്റന്റ് കമ്മിഷണര്‍ കെ. ലാല്‍ജി അറിയിച്ചു.
















