കേരളത്തില്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരാന്‍ നിയോഗിക്കപ്പെട്ട് 1946 ലാണ് സംഘപ്രചാരകനായി ഭാസ്കര്‍ റാവു ഇവിടെ എത്തുന്നത്. അദ്ദേഹവുമായി വ്യക്തിപരമായും സംഘടനാപരമായും ഏറെ അടുപ്പം പുലര്‍ത്താന്‍ എനിക്ക് സാധിച്ചു. എന്റെ ജീവിതത്തിലെ പല വഴിത്തിരിവുകള്‍ക്കും കാരണഭൂതനായിട്ടുള്ളതും ഭാസ്കര്‍ കളംബിയെന്ന ഭാസ്കര്‍ റാവുജിയാണ്. സംഘത്തിന് വേണ്ടി സമര്‍പ്പിതമായ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ശാന്ത പ്രകൃതം. ഒരവസരത്തിലും പ്രകോപിതനാകുന്നത് കണ്ടിട്ടില്ല.
ആര്‍എസ്എസിന്റെ കേന്ദ്ര നേതൃത്വത്തിന്റെ കാഴ്ചപ്പാടില്‍ എവിടെയാണോ സംഘടനയുടെ പ്രവര്‍ത്തനം ശക്തമാകേണ്ടത് എന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുമ്പോള്‍ കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങണമെന്ന അഭിപ്രായം ഉയര്‍ന്നു. അതിന് വിദ്യാസമ്പന്നനും കഴിവും ഉള്ള ഒരാളെ ചുമതലപ്പെടുത്തണമെന്നും നിര്‍ദേശം വന്നു. നിയമ ബിരുദധാരിയായ ഭാസ്കര്‍ റാവുവിന്റെ പേരാണ് അപ്പോള്‍ ഉയര്‍ന്നുവന്നത്. അങ്ങനെയാണ് ബോംബെയില്‍ നിന്ന് ഭാസ്കര്‍ റാവുജി സംഘപ്രചാരകനായി കേരളത്തില്‍ എത്തുന്നത്. പിന്നീട് കേരളം അദ്ദേഹത്തിന്റെ ജന്മനാട് പോലെയായി എന്നത് മറ്റൊരു വാസ്തവം.
കൊച്ചി കേന്ദ്രമാക്കിയായിരുന്നു അദ്ദേഹത്തിന്റെ ആദ്യകാല പ്രവര്‍ത്തനങ്ങള്‍. ഇന്നത്തെ പ്പോലെ ഐക്യകേരളമാകുന്നതിന് മുമ്പ്, തിരുവിതാംകൂര്‍, കൊച്ചി എന്നീ നാട്ടുരാജ്യങ്ങളും ബ്രിട്ടീഷ് ഭരണം നിലനില്‍ക്കുന്ന മലബാര്‍ എന്ന പ്രദേശവും ചേര്‍ന്നതായിരുന്നു. കേരള സംസ്ഥാനം അന്ന് രൂപം കൊണ്ടിട്ടില്ല. കൊച്ചി രാജഭരണത്തിന് കീഴില്‍, തികച്ചും വ്യാപാര പ്രധാനമായിരുന്ന നഗരത്തില്‍ കൊങ്ങിണി സമൂഹം ഇടകലര്‍ന്നു ജീവിക്കുന്ന ഒരു പ്രദേശത്താണ് ഭാസ്കര്‍ റാവു സംഘടനാ പ്രവര്‍ത്തനത്തിന് ആദ്യം എത്തുന്നത്. അദ്ദേഹത്തിന് അന്ന് മലയാളം തീരെ വശമില്ല. വിദ്യാസമ്പന്നരായ ഒരുകൂട്ടം ചെറുപ്പക്കാരെ സ്വയംസേവകരായി കിട്ടിയതുകൊണ്ട് മറ്റുള്ളവരുമായി ഇണങ്ങിച്ചേരാന്‍ സാധിച്ചു. മലയാളം വശമില്ലാതിരുന്നിട്ടും ഏകദേശം പത്തുവര്‍ഷം ഇവിടെ സംഘടനാ പ്രവര്‍ത്തനം നടത്താന്‍ അദ്ദേഹത്തിന് പ്രയാസമുണ്ടായില്ല.
1956ന് ശേഷമാണ് നാട്ടിന്‍പുറങ്ങളിലും മറ്റും പ്രവര്‍ത്തനം വ്യാപിപ്പിക്കേണ്ടി വന്നത്. സംഘദൗത്യം ഏറ്റെടുക്കുന്നയൊരാള് ഏത് പ്രതിബന്ധങ്ങളേയും തരണം ചെയ്യാന്‍ സന്നദ്ധനായിരിക്കുമെന്ന് ഇന്ന് നമുക്ക് അറിയാം. അതുകൊണ്ടുതന്നെ ഭാസ്കര്‍ റാവുജി എപ്രകാരമായിരിക്കും മലയാളികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചതെന്ന് ഊഹിക്കാം. മലയാളമോ ഹിന്ദിയോ കൂടാതെ കേരളത്തിലെ നാട്ടിന്‍പുറങ്ങളില്‍ ജീവിക്കുകയും പ്രവര്‍ത്തിച്ച് വിജയിക്കുകയും ചെയ്ത അനുഭവം അദ്ദേഹത്തിനുണ്ട്.
സംഘടനാ പ്രവര്‍ത്തനത്തില്‍ എല്ലാവരേയും ഒരുമിച്ച് കൊണ്ടുപോകണം എന്ന വിചാരം അദ്ദേഹത്തിന് ഉണ്ടായിരുന്നു. വിവിധ ചിന്താഗതിക്കാരുള്ള കേരളത്തില്‍ ആരേയും പിണക്കാതെ സംഘാദര്‍ശം പ്രചരിപ്പിക്കാന്‍ അനുസൃതമായിരുന്നു ഭാസ്കര്‍ റാവുവിന്റെ മനഃസ്ഥിതി. അതുകൊണ്ടുതന്നെ ഇവിടെ നിര്‍ബാധം പ്രവര്‍ത്തിക്കാനും സാധിച്ചു.
എന്റെ ജീവിതത്തില്‍ നിര്‍ണായകമായ ഒരു തീരുമാനം എടുക്കേണ്ട ഘട്ടത്തില്‍ ഞാന്‍ അഭയം കണ്ടെത്തിയത് ഭാസ്കര്‍ റാവുജിയില്‍ ആണ്. പഠനം പൂര്‍ത്തിയാക്കി വീട്ടില്‍ നില്ക്കുന്ന സമയം. ജോലിയില്‍ തളച്ചിടുക എന്ന വീട്ടുകാരുടെ ലക്ഷ്യത്തെ മറികടക്കുന്നതിനായി അന്ന് ഭാസ്കര്‍ റാവുവിന് ഒരു കത്തെഴുതി. ജോലിക്ക് പോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും പ്രചാരകനായി എന്തെങ്കിലും സേവനപ്രവര്‍ത്തനങ്ങള്‍ ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്നും കത്തില്‍ വ്യക്തമാക്കി. രണ്ടുമാസം പിന്നിട്ടപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി കത്ത് ലഭിച്ചു. കോട്ടയത്ത് വാഴൂരില്‍ വിദ്യാധിരാജ തീര്‍ത്ഥപാദ സ്വാമികളുടെ ഒരു ആശ്രമവും അതിനു കീഴില്‍ ഒരു സ്കൂളും തുടങ്ങിയിട്ടുണ്ട്. അവിടെ സംസ്കൃത അധ്യാപകനായി ഒരാളെ ആവശ്യമുണ്ട്. അവിടെപോയി ആ ജോലി ഏറ്റെടുക്കണം. കോട്ടയത്തുള്ള പ്രചാരകന് രാ. വേണുഗോപാലിനെ പോയി കാണണം എന്നായിരുന്നു നിര്‍ദേശം. അതുപ്രകാരം രാ. വേണുഗോപാലുമൊത്ത് വാഴൂരിലെത്തി ഞാന്‍ ആ ജോലി സ്വീകരിച്ചു. ഒരു വര്‍ഷം അവിടെ അധ്യാപകനായി തുടര്‍ന്നു. എന്നാല്‍, ആ ജീവിതത്തെക്കുറിച്ചായിരുന്നില്ല ഞാന്‍ ചിന്തിച്ചിരുന്നത്. മുഴുവന്‍ സമയ സ്വയംസേവകനായി സമാജ സേവനം ചെയ്യണമെന്നായിരുന്നു എന്റെ ആഗ്രഹം. അധ്യാപകനായിരുന്ന കാലയളവില്‍ അവിടുത്തെ മറ്റു സ്വയംസേവകരുമായി അടുപ്പം സ്ഥാപിക്കുകയും അവിടെ പ്രചാരകെന്ന നിലയില്‍ പ്രവര്‍ത്തിക്കാനുള്ള മനോധൈര്യം ആര്‍ജ്ജിക്കുകയും ചെയ്തു. ആ പ്രവര്‍ത്തനത്തിന് ഭാസ്കര്‍ റാവുജി അനുമതി നല്കി.
കേസരി വാരികയുടെ പത്രാധിപരായി ഞാന്‍ ചുമതലയേല്‍ക്കാനും കാരണം ഭാസ്കര്‍ റാവുജിയാണ്. അദ്ദേഹത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് അന്നുവരെ ഒരു ലേഖനം പോലും എഴുതാത്ത, എഡിറ്റിങ് എന്താണ് എന്നുപോലും അറിയാത്ത ഞാന്‍ കേസരിയുടെ പത്രാധിപസ്ഥാനം ഏറ്റെടുക്കുന്നത്. കേസരിയില്‍ നിന്നു പലരും രാജിവച്ച് പോയ സാഹചര്യവും പത്രാധിപര്‍ ഇല്ലാത്ത അവസ്ഥയും കേസരി വാരിക തുടര്‍ന്ന് പ്രസിദ്ധീകരിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കി. ഈ സാഹചര്യം അന്നത്തെ മാനേജര്‍ ഭാസ്കര്‍ റാവുവിന്റെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്നാണ് പത്രാധിപരായി പോകാന്‍ എന്നോട് നിര്‍ദേശിച്ചത്. അങ്ങനെ എറണാകുളത്തുനിന്നും കോഴിക്കോട്ടെത്തി കേസരിയുടെ പത്രാധിപത്യം ഏറ്റെടുക്കുകയും ചെയ്തു.
അടുത്ത ലക്കം ഇറക്കുന്നതിന് ആവശ്യമായ ലേഖനങ്ങളോ ഒന്നുതന്നെ ഇല്ലാത്ത സാഹചര്യം. മറ്റൊരു ഭാഷയില്‍ വന്ന ലേഖനം തര്‍ജ്ജമ ചെയ്തു നല്കി. അത് പ്രസിദ്ധീകരിച്ചു വന്നപ്പോള്‍ എന്തെന്നില്ലാത്ത ആത്മധൈര്യം കൈവന്നു. ആശയങ്ങള്‍ പൊതുജനമധ്യത്തില്‍ അവതരിപ്പിക്കാനും, ആനുകാലിക വിഷയങ്ങളില്‍ ലേഖനങ്ങള്‍ എഴുതാനും പിന്നീട് സാധിച്ചു. കേസരിയുടെ ചീഫ് എഡിറ്ററായി വിരമിക്കുമ്പോള്‍ കേസരിയെ വളരെ മികച്ച രീതിയില്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ എനിക്ക് സാധിച്ചു. അതിന് ഹേതുവായതോ ഭാസ്കര്‍ റാവുജിയും.
1964ല്‍ ആര്‍എസ്എസിന് കേരള പ്രാന്തം എന്ന സംവിധാനം വന്നപ്പോള്‍ ഭാസ്കര്‍ റാവു ആദ്യത്തെ പ്രാന്ത പ്രചാരകായി. ഇവിടെ സംഘത്തിന്റെ പ്രവര്‍ത്തനം ദൃഢപ്പെടുത്തുന്നതില്‍ പ്രാന്തപ്രചാരക് എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനം കുറ്റമറ്റതായിരുന്നു. നല്ല പ്രചാരകന്മാരെ വാര്‍ത്തെടുക്കുന്നതിനും കേരളത്തിലുടനീളം സംഘപ്രവര്‍ത്തകരെ വളര്‍ത്തിയെടുക്കാനും സാധിച്ചു.
ഏത് മണ്ഡലത്തില്‍ ആണോ സംഘാദര്ശത്തോടുകൂടിയ പ്രവര്‍ത്തനം ഇല്ലാത്തത് ആ മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനും പ്രവര്‍ത്തകരെ സൃഷ്ടിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. കേരള ക്ഷേത്ര സംരക്ഷണ സമിതി, ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം, വനവാസി സംഘം, കേസരി, വിദ്യാനികേതന്‍, ബാലഗോകുലം, വിചാരകേന്ദ്രം തുടങ്ങിയവയൊക്കെ അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണത്തിന്റെ ഫലമായി രൂപം കൊണ്ടവയാണ്. അതാത് മേഖലകളിലേക്ക് അതിന് അനുയോജ്യരായ സ്വയംസേവകരെ സംഭാവന ചെയ്യാനും ഭാസ്കര്‍ റാവുവിന് സാധിച്ചു.
സാമൂഹിക-രാഷ്ട്രീയ പ്രതിബദ്ധതയായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു സവിശേഷത. എന്നാല്‍, അദ്ദേഹം ഒരു കക്ഷിരാഷ്ട്രീയത്തിന്റേയും ഭാഗമായിരുന്നില്ല. ഈ മേഖലകളില്‍ ഒരു പ്രശ്നം നിലനില്‍ക്കുന്നുണ്ട് എങ്കില്‍ അതിന് പരിഹാരം കാണേണ്ടത് സംഘത്തിന്റെ ഉത്തരവാദിത്തമാണെന്ന പ്രേരണ പ്രചാരകര്‍ക്ക് നല്കി.
ഹിന്ദുസമൂഹത്തിന് അപകീര്‍ത്തിയുണ്ടാക്കുന്ന ചില സമ്പ്രദായങ്ങള്‍ക്കെതിരെ ശക്തമായി നിലകൊണ്ടു. പാഞ്ഞാള്‍ അതിരാത്രത്തില്‍ വപ എടുക്കുന്നതിന് എതിരെ സ്വയംസേവകര്‍ അഭിപ്രായം രേഖപ്പെടുത്തിയപ്പോള്‍ അവര്‍ക്ക് പിന്തുണ നല്കി. ആ ദുരാചാരം അവസാനിപ്പിക്കാന്‍ മുന്നില്‍ നിന്നു.
പലപ്പോഴും പലകാര്യങ്ങളിലും എന്റെ അഭിപ്രായം തന്നെയാണ് അദ്ദേഹത്തിനും എന്ന് അനുഭവപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ ബാലഗോകുലം എന്ന പ്രസ്ഥാനം ആരംഭിച്ചപ്പോള്‍ ഉണ്ടാകാന്‍ ഇടയുള്ള എതിര്‍പ്പുകള്‍ ഇല്ലാതായത് ഭാസ്കര്‍ റാവുവിന്റെ ഇടപെടലിലൂടെയാണ്. പ്രാന്ത പ്രചാരക് പ്രോത്സാഹനവുമായി മുന്നില്‍ നിന്നപ്പോള്‍ സംഘത്തിന്റെ പിന്തുണയുണ്ടെന്ന് മറ്റുള്ളവര്‍ക്കും ബോധ്യമായി.
കേരളത്തില്‍ സംഘം വളര്‍ച്ച നേടണമെങ്കില്‍ ഈ നാട്ടുകാര്‍ തന്നെ പ്രവര്‍ത്തകര്‍ ആയിരിക്കണമെന്ന് ഭാസ്കര്‍ റാവുജി നിശ്ചയിച്ചിരുന്നു. രാ. വേണുഗോപാലും മാധവ്ജിയും മറ്റും ഇവിടെ പ്രചാരകരായതും അദ്ദേഹത്തിന്റെ പ്രത്യേക ശ്രദ്ധകൊണ്ടാണ്. കഴിവുള്ള നേതാക്കളെ വളര്‍ത്തിയെടുക്കാന്‍ നിശ്ശബ്ദം പ്രയത്നിച്ചു.
പി. പരമേശ്വര്‍ജിയും ടി.എന്‍. ഭരതനും രാ. വേണുഗോപാലിനും പുതിയ കര്‍മ്മക്ഷേത്രം കണ്ടെത്താന്‍ പ്രേരണ നല്കിയതും ഭാസ്കര്‍ റാവുജിയായിരുന്നു. അടിയന്തരാവസ്ഥകാലത്ത് സംഘം നിരോധിക്കപ്പെടുകയും സംഘപ്രവര്‍ത്തനം തടസ്സപ്പെടുകയും ചെയ്തു. അതിനെതിരെ വ്യാപകമായി സമരവും സത്യഗ്രഹവും നടന്നുകൊണ്ടിരുന്ന സമയം. പോലീസിന്റെ കണ്ണില്‍പ്പെടാതെ സംഘാദര്‍ശങ്ങള്‍ പ്രചരിപ്പിക്കാനും അടിയന്തരാവസ്ഥയ്ക്കെതിരെ ശക്തമായി നിലകൊള്ളാനും അദ്ദേഹത്തിന് കഴിഞ്ഞു.
ജാതിയുടെ പേരിലുള്ള ഉച്ചനീചത്വം വേണ്ടുവോളം കേരളത്തിലുണ്ടായിരുന്നു. ജാതിക്ക് അപ്പുറം ഹിന്ദുത്വ ചിന്താഗതി വളര്‍ത്തുകയെന്ന സന്ദേശമായിരുന്നു ഭാസ്കര്‍ റാവുവിന് നല്കാനുണ്ടായിരുന്നത്. നാട്ടിന്‍പുറങ്ങളില്‍ ഇറങ്ങി പ്രവര്‍ത്തിക്കുന്നതിനിടയില്‍ ഒരിക്കല്‍ ബസ് കാത്തുനില്‍ക്കുന്നവരോട് സംസാരിച്ചപ്പോള്‍, ഇവിടെ ഹിന്ദുക്കളില്ല; നായരും ചോവനും പറയനും പുലയനുമൊക്കെയാണ് ഉള്ളതെന്ന മറുപടിയാണ് കിട്ടിയതെന്നും അദ്ദേഹം വ്യസനത്തോടെ പറയുകയുണ്ടായി.
അദ്ദേഹത്തിന് ആത്മബന്ധം കേരളത്തോടായിരുന്നു. എറണാകുളത്തെ സംഘ പ്രവര്‍ത്തനത്തിന് ശേഷം അദ്ദേഹത്തിന്റെ പ്രവര്‍ത്തനം കോട്ടയം കേന്ദ്രീകരിച്ചായിരുന്നു. മറാത്തിയായിരുന്നു മാതൃഭാഷ. കോട്ടയത്ത് ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്‍കൊണ്ട് വലിയ പ്രയോജനമില്ല. ബൗദ്ധിക്കുകളില്‍ സംസാരിക്കേണ്ടി വരുന്ന സമയം അദ്ദേഹം എന്നെ വിളിക്കും. എംഎ സാര്‍ സംസാരിക്കണം എന്നുപറയും. അദ്ദേഹം പറയുന്ന കാര്യങ്ങള്‍ ശാഖയില്‍ വരുന്നവര്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുക്കുക എന്നതായിരുന്നു എന്റെ ചുമതല. എന്നാല്‍, പിന്നീട് അദ്ദേഹം മലയാളം നല്ലതുപോലെ സംസാരിക്കാന്‍ തുടങ്ങി. കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ എത്തിയ പ്രചാരകന്മാര്ക്കൊക്കെ അദ്ദേഹം ഒരു മാതൃകയാണ്.
സംഘപ്രവര്‍ത്തനം കേരളത്തില്‍ ഒരുവിധം ശക്തിപ്പെട്ടപ്പോള്‍ അദ്ദേഹത്തെ തിരിച്ചുവിളിച്ചു. വനവാസി കല്യാണാശ്രമത്തിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് അസമിലേക്ക് പോകേണ്ടി വന്നു. കേരളീയരെ അങ്ങേയറ്റം സ്നേഹിച്ചിരുന്ന ഭാസ്കര്‍ റാവുവിന് അതൊരു മനോവ്യഥയ്ക്ക് ഇടയാക്കി. പ്രചാരകനാണെങ്കിലും ഞങ്ങളുടെ രഹസ്യ സംഭാഷണത്തില്‍, എന്തിനാണ് ഇപ്പോള്‍ ഈ മാറ്റം. നമുക്ക് ഒരുപാട് കാര്യങ്ങള്‍ ഇവിടെ ചെയ്യാനുണ്ടല്ലോ എന്ന് പറഞ്ഞതോര്‍ക്കുന്നു. അദ്ദേഹം ഇവിടം വിട്ടു മറുനാട്ടിലേക്ക് പോയെങ്കിലും ഭാസ്കരന് എന്ന മലയാളപ്പേരാണ് എഴുത്തുകുത്തുകളിലും മറ്റും ഉപയോഗിച്ചിരുന്നത്.
വര്‍ഷങ്ങള്‍ക്ക് ശേഷം, അസുഖബാധിതനായപ്പോള്‍ വിശ്രമത്തിനായി കേരളത്തിലേക്ക് വരാന്‍ സംഘ അധികാരികള്‍ അനുവദിച്ചു. ഇവിടെ താമസിക്കുന്നതിനിടയിലാണ് ക്യാന്‍സര്‍ ശരീരം മുഴുവന്‍ ബാധിച്ചുവെന്ന് ഡോക്ടര്‍മാര്‍ വിധിച്ചത്. അതിന് ശേഷവും ആലുവയില്‍ നടന്ന സാംഘിക്കില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യപ്പെട്ടു. ആലവു മണപ്പുറം വരെ ആംബുലന്‍സില്‍ പോയി. ഗണവേഷത്തില്‍ പരിപാടിയില്‍ പങ്കെടുത്തു. സര്‍സംഘചാലക് പങ്കെടുത്ത ആ പരിപാടിയില്‍ അവസാനമായി സര്‍സംഘചാലക് പ്രണാം ചെയ്തു. അധികം താമസിക്കാതെ അദ്ദേഹത്തിന്റെ ഇച്ഛയനുസരിച്ച് പടുത്തുയര്‍ത്തിയ പ്രാന്തകാര്യാലയത്തില്‍ വച്ച് 2002 ജനുവരി 12ന് ഇഹലോകവാസം വെടിഞ്ഞു. കൊച്ചി എളമക്കരയില്‍ അദ്ദേഹത്തിന്റെ പേരിലുള്ള ഭാസ്കരീയം കണ്വെന്ഷന് സെന്ററില്‍ നാളെ അദ്ദേഹത്തിന്റെ ജന്മശതാബ്ദി ആഘോഷത്തിന്റെ സമാപനം കുറിക്കുകയാണ്. ആ ഓര്‍മകള്‍ക്ക് മുന്നില്‍ എന്റെ പ്രണാമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: