കൊച്ചി: പ്രളയ സമയത്ത് പോലീസിനെ സഹായിക്കാനായി കഠിന പാതകളിലൂടെ ഓടിയ ജീപ്പിനു പിഴ. വാഹനത്തിന്റെ മുന്നിലും പിന്നിലും അനധികൃതമായി എല്‍ഇഡി ലൈറ്റുകള്‍ ഫിറ്റ് ചെയ്തു എന്ന പേരിലാണ് 3000 രൂപ പിഴ നല്‍കിയത്.പ്രളയ കാലത്ത് കയറ്റിറക്കങ്ങളിലും ചതുപ്പുകളിലും മറ്റു വാഹനങ്ങള്‍ക്ക് അപ്രാപ്യമായ കൃത്യനിര്‍വഹണം നടത്താന്‍ പോലീസിനെ സഹായിച്ചിരുന്ന വാഹനങ്ങളായിരുന്നു മോഡിഫൈഡ് ജീപ്പുകള്‍. പോലീസുക്കാരെക്കാളും മറ്റു സന്നദ്ധപ്രവര്‍ത്തകരായിരുന്നു ഇത്തരം ജീപ്പുകളുമായി സജീവമായി ഭക്ഷണ സാധനങ്ങളും മരുന്നുകളുമായി വെള്ളത്താല്‍ ചുറ്റപ്പെട്ട പ്രദേശങ്ങളിലേക്ക് പോയിക്കൊണ്ടിരുന്നത്.അക്കൂട്ടത്തില്‍ പോലീസിന് വേണ്ടി ഉപയോഗിച്ച ഒരു വാഹനത്തിന്റെ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ നിറഞ്ഞു നില്‍ക്കുന്നത്.
ഒരുതരത്തിലുള്ള മോഡിഫിക്കേഷനുകളും അനുവദിക്കരുത് എന്ന സുപ്രീം കോടതി വിധി വന്നതോടെയാണ് വലിയ ടയറുകളും സ്നോര്‍ക്കലുമെല്ലാം ഫിറ്റ് ചെയ്ത മോഡിഫൈഡ് വാഹനങ്ങള്‍ക്കെതിരെ നടപടി എടുത്തു തുടങ്ങിയത്. എന്നാല്‍ നാലു വീല്‍ ഡ്രൈവ് വാഹനങ്ങളെ മോഡിഫിക്കേഷന്‍ കാറ്റഗറിയില്‍ ഉള്‍പെടുത്തരുതെന്നാണ് 4*4 ജീപ്പ് ഉടമകള്‍ പറയുന്നത്. സാധാരണയായി ഇത്തരം വാഹനങ്ങളില്‍ നടത്തുന്ന മാറ്റങ്ങളെ അപ്ഗ്രഡേഷന്‍ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. സുരക്ഷാ മാനദണ്ഡങ്ങള്‍ അനുസരിച്ച് ചെയ്യുന്ന മോഡിഫിക്കേഷനുകളാണ് അപ്ഗ്രഡേഷന്‍ വിഭാഗത്തില്‍ വരുന്നത്.
















