തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവള നിര്‍മ്മാണത്തിന്റെ മറവില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മകനും കോടികള്‍ വാങ്ങിയെന്ന് സിബിഐയ്‌ക്ക് മൊഴി നല്‍കി പാലായിലെ എല്‍.ഡി.എഫ് എംഎല്‍എ മാണി സി കാപ്പന്‍. കണ്ണൂര്‍ വിമാനത്താവളം ഷെയര്‍ വില്‍ക്കുന്നത് സംബന്ധിച്ച വിഷയത്തിലാണ് മാണി സികാപ്പന്‍ കോടിയേരി കുടുംബത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. നേരത്തെ മാണി സി കാപ്പന്‍ 3.5 കോടി രൂപ തട്ടിയെടുത്തെന്ന് മുംബൈ മലയാളി വ്യവസായി ദിനേശ് മേനോന്‍ സി.ബി.ഐക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ സി.ബി.ഐക്ക് നല്‍കിയ മൊഴിയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
സി.ബി.ഐയുടെ ചോദ്യങ്ങള്‍ക്ക് മാണി സി കാപ്പന്‍ നല്‍കിയ മറുപടിയില്‍ കോടിയേരിയുടെ ഇളയ മകന്‍ ബിനീഷ് കോടിയേരിയെയും പ്രതിക്കൂട്ടിലാക്കുന്നുണ്ട്. കണ്ണൂര്‍ എയര്‍പോര്‍ട്ട് ഷെയറുകള്‍ വിതരണം ചെയ്യാന്‍ പോകുമ്പോള്‍, ദിനേശ് മേനോന് അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണനെയും അദ്ദേഹത്തിന്റെ മകന്‍ ബിനീഷിനെയും പരിചയപ്പെടണമെന്നാവശ്യപ്പെട്ടു. ഞാന്‍ അവരെ ദിനേശ് മേനോന് പരിചയപ്പെടുത്തി. പണം കൊടുക്കല്‍ നടത്തിയതിന് ശേഷം ദിനേശ് മേനോന്‍ എന്നോട് പറഞ്ഞപ്പോളാണ് ഇവരുമായി പണംകൈമാറ്റലുകള്‍ ദിനേശ് മേനോന്‍ നടത്തിയെന്ന് മനസിലാക്കിയതെന്ന് കാപ്പന്റെ മൊഴിയില്‍ പറയുന്നു. ദിനേശ് മേനോന് ആദ്യം ഷെയറുകള്‍ നല്‍കിയെങ്കിലും കിയാല്‍ പിന്നീട് പിന്‍വലിച്ചിരുന്നു.

ഇതോടെ താന്‍ നല്‍കിയ പണം തിരികെ നല്‍കാന്‍ ഇയാള്‍ കാപ്പനോട് ആവശ്യപ്പെട്ടു. എന്നാല്‍ മുഴുവന്‍ തുകയും കാപ്പന്‍ കൈമാറാതെ 25ലക്ഷം രൂപ മാത്രമാണ് കൈമാറിയത്. ഇതോടെ ദിനേശ് മേനോന്‍ സിബിഐയ്‌ക്ക് പരാതി നല്‍കിയത്. തുടര്‍ന്ന് സിബിഐ നടത്തിയ ചോദ്യം ചെയ്യലിലാണ് ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരിയും മകനും പണം വാങ്ങിച്ചിരുന്നെന്ന് മാണി സി. കാപ്പന്‍ പറയുന്നത്. കേരളത്തിന്റെ ആഭ്യന്തര മന്ത്രിയായിരുന്ന ഇപ്പോഴത്തെ സി.പി.എം സംസ്ഥാന സെക്രട്ടറിക്കും മകനും കൈക്കൂലി കൊടുത്തത് സംബന്ധിച്ച് സി.ബി.ഐക്ക് മൊഴി നല്‍കിയ മാണി സി കാപ്പന്‍ ഇപ്പോള്‍ എന്തുനിലപാട് എടുക്കുമെന്നാണ് എല്ലാവരും ചോദ്യം ഉയര്‍ത്തുന്നത്.
















