ആലപ്പുഴ: അരൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു. എരമല്ലൂര്‍-എഴുപുന്ന റോഡ് അറ്റകുറ്റപ്പണി തടസപ്പെടുത്തിയതിനാണ് കേസെടുത്തത്. ഷാനിമോള്‍ക്കെതിരെ ആലപ്പുഴ എസ്പിയ്‌ക്ക് പരാതി നല്‍കിയത് പൊതുമരാമത്ത് അസിസ്റ്റന്റ് എക്‌സി.എന്‍ജിനീയറാണ്. തുടര്‍ന്ന് അന്വേഷണം നടത്തുന്നതിന് അരൂര്‍ പോലീസിന് പരാതി കൈമാറി. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയതിനാണ് ഷാനിമോള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയിരിക്കുന്നത്.
സെപ്റ്റംബര്‍ 27ന് രാത്രി 11 മണിക്ക് ഷാനിമോള്‍ ഉസ്മാനും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചേര്‍ന്നെത്തി റോഡിന്റെ അറ്റകുറ്റപ്പണി തടസ്സപ്പെടുത്തിയെന്നാണ് പരാതി. ഉദ്യോഗസ്ഥരെ തടയുകയും പണി നടത്താന്‍ അനുവദിക്കില്ലെന്ന് നിലപാടെടുക്കുകയും ചെയ്‌തെന്നും പരാതിയില്‍ പറയുന്നു. ഇലക്ഷന്‍ പെരുമാറ്റച്ചട്ടം ലംഘിച്ചാണ് റോഡ് നിര്‍മ്മാണം നടത്തിയതെന്നാണ് യു.ഡി.എഫുകാര്‍ പറയുന്നത്. അതിനാലാണ് പൊതുമരാമത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സ്ഥാനാര്‍ത്ഥി തടഞ്ഞതെന്നും കോണ്‍ഗ്രസുകാര്‍ പറയുന്നു.
















