തിരുവനന്തപുരം: കേരളത്തില്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതായ ജര്‍മ്മന്‍ യുവതി ലിസ വെയില്‍സിനു വേണ്ടിയുള്ള അന്വേഷണം എങ്ങുമെത്തിയില്ല. കാണാതായി ഏഴുമാസം കഴിഞ്ഞിട്ടും ചോദ്യം ചെയ്യല്‍ നടപടി ക്രമങ്ങള്‍ പോലും ഇതുവരെ പൂര്‍ത്തീകരിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ അന്വേഷണവുമായി ബന്ധപ്പെട്ട് ജര്‍മ്മന്‍ കോണ്‍സുലേറ്റിന്റെ നടപടികളും കര്‍ശ്ശനമാക്കുന്നു.
ഇതുമായി കോണ്‍സുലേറ്റ് മുഖ്യമന്ത്രി പിണറായി വിജയന് വീണ്ടും കത്തയച്ച് വിശദാംശങ്ങള്‍ തേടുമെന്നാണ് റിപ്പോര്‍ട്ട്. അന്വേഷണ വിവരങ്ങള്‍ കേന്ദ്രസര്‍ക്കാരിനോടും ആരാഞ്ഞിരുന്നു. ലിസയുടെ അമ്മയും സഹോദരിയും വീണ്ടും പരാതി നല്‍കിയതോടെയാണു ജര്‍മന്‍ കോണ്‍സുലേറ്റ് കടുത്ത നടപടികളിലേക്കു നീങ്ങാനൊരുങ്ങുന്നത്.
നിലവില്‍ ലിസ ഏതെങ്കിലും ഭീകര സംഘടനയുടെ ക്യാമ്പിലാകുമെന്ന നിഗമനത്തിലാണ് പോലീസ് ഇപ്പോള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. അതേസമയം ലിസയ്‌ക്കൊപ്പം കേരളത്തിലെത്തിയ സുഹൃത്ത് മുഹമ്മദ് അലി യുകെയിലേക്കു തിരിച്ചുപോയിരുന്നു. ഇയാളെ ചോദ്യം ചെയ്യുന്നതു സംബന്ധിച്ചുള്ള നടപടിക്രമങ്ങളും പൂര്‍ത്തിയായിട്ടില്ല. എന്‍ഐഎയും കേസില്‍ അന്വേഷണം നടത്തുന്നുണ്ട്.
അമൃത ആശ്രമത്തിലേക്കു പോകാന്‍ കഴിഞ്ഞ മാര്‍ച്ച് ഏഴിനാണു ലിസ യുകെ പൗരനായ സുഹൃത്ത് മുഹമ്മദ് അലിക്കൊപ്പം തിരുവനന്തപുരത്തെത്തിയത്. ഈ വിവരം മാര്‍ച്ച് 10ന് ലിസ സ്വന്തം അമ്മയെ അറിയിക്കുകയും ചെയ്തിരുന്നു. പിന്നീട് വിവരമൊന്നുമില്ലാതാവുകയായിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തില്‍ ലിസയുടെ സുഹൃത്തായ മുഹമ്മദ് അലി മാര്‍ച്ച് 10-നു തിരികെപ്പോയെന്നു മാത്രമാണു പോലീസിനു ലഭിച്ച വിവരം. ലിസയുടെ അമ്മ ജര്‍മ്മന്‍ കോണ്‍സുലേറ്റിനെ സമീപിക്കുകയും അവര്‍ മുഖ്യമന്ത്രിക്കു കത്തയയ്‌ക്കുകയും ചെയ്തതോടെയാണു സംഭവം വിവാദമായത്. ലിസ ആശ്രമത്തില്‍ എത്തിയിട്ടില്ലെന്നും ഇവര്‍ക്ക് ചില മുസ്ലിം ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.
















