വാഷിങ്ടണ്‍ : മെക്‌സിക്കോ അതിര്‍ത്തി വഴി നുഴഞ്ഞുകയറുന്നവരുടെ കാലില്‍ വെടിവെച്ചു വീഴ്‌ത്താന്‍ യുഎസ് പ്രസിഡന്റ് ട്രംപ് നിര്‍ദ്ദേശം നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് വൈറ്റ്ഹൗസ് ഉപദേഷ്ടാക്കളുമായി ട്രംപ് കൂടിക്കാഴ്‌ച്ച നടത്തിയതായി ന്യൂയോര്‍ക്ക് ടൈംസാണ് വാര്‍ത്ത പുറത്തുവിട്ടത്.
അനധികൃത കുടിയേറ്റക്കാരെ തടയാന്‍ അതിര്‍ത്തി കടക്കും മുന്‍പേ ഇവരെ വെടിവച്ച് വീഴ്‌ത്താനാണ് ട്രംപ് ആദ്യം നിര്‍ദ്ദേശിച്ചത്. എന്നാല്‍ അത് നിയമപരമല്ലെന്ന് ഒരു ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടിയതിനു പിന്നാലെ കാലില്‍ വെടിവെയ്‌ക്കാന്‍ അറിയിക്കുകയായിരുന്നു. കൂടാതെ അതിര്‍ത്തിയില്‍ വൈദ്യുതീകരിച്ച വേലിയും അതു കഴിഞ്ഞാല്‍ വെള്ളം നിറച്ച കിടങ്ങും നിര്‍മിക്കാനും ട്രംപ് സ്വന്തം ആശയം മുന്നോട്ട് വെച്ചിട്ടുണ്ട്. അതില്‍ മുതലകളേയും പാമ്പുകളേയും നിക്ഷേപിക്കാനും നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
മാര്‍ച്ചില്‍ വൈറ്റ്ഹൗസിലെ ഓവല്‍ ഓഫീസ് യോഗത്തിലാണ് ട്രംപ് ഇത്തരത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ മൂന്നോട്ടുവെച്ചത്. അതേസമയം സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ, ആഭ്യന്തര സുരക്ഷാ സെക്രട്ടറി കിര്‍സ്റ്റ്ജന്‍ നീല്‍സന്‍ എന്നിവരടക്കം പങ്കെടുത്ത യോഗത്തില്‍, കുടിയേറ്റ വിഷയത്തില്‍ പോംപെയോയുടെയും നീല്‍സന്റെയും മെല്ലപ്പോക്കില്‍ ട്രംപ് ക്ഷുഭിതനായെന്നും റിപ്പോര്‍ട്ടുണ്ട്.
എന്നാല്‍ ഈ വാര്‍ത്തകളൊക്കെ കെട്ടിച്ചമച്ചതാണെന്ന് ട്രംപ് ആരോപിച്ചു. അതിര്‍ത്തി സുരക്ഷയില്‍ താന്‍ കര്‍ക്കശക്കാരനാണ്. എന്നാല്‍ ഇത്തരത്തില്‍ ചിന്തിച്ചിട്ടില്ല, ഇതൊക്കെ വ്യാജ വാര്‍ത്തകളാണെന്നും ട്രംപ് ട്വിറ്ററിലൂടെ അറിയിച്ചു.
















