ഇടുക്കി: മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി വ്യാജമായി നിര്‍മിച്ച നാല് പട്ടയങ്ങള്‍ സ്ഥലം മാറുന്നതിന് മുമ്പ് റദ്ദാക്കി ദേവികുളം സബ്കളക്ടര്‍ രേണു രാജ്. ദേവികുളം അഡീഷണല്‍ തഹസീല്‍ദാറായിരുന്ന രവീന്ദ്രന്‍ 1999ല്‍ അനുവദിച്ച പട്ടയങ്ങളാണ് റദ്ദാക്കിയത്. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് സബ് കളക്ടറുടെ നടപടി. മൂന്നാര്‍ ടൗണ്‍ പ്ലാനിങ്ങിനും ഭവന നിര്‍മാണത്തിനുമായി സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയില്‍ സാമൂഹിക വനവത്കരണത്തിന് നിര്‍ദേശിക്കപ്പെട്ട സ്ഥലമാണ് മരിയ ദാസ് എന്നയാള്‍ തട്ടിയെടുത്തത്. പിഎം മാത്യുവെന്ന സ്വകാര്യ വ്യക്തിയില്‍ നിന്ന് ഏറ്റെടുത്ത ഭൂമി 15 പട്ടയങ്ങളിലായി മരിയാ ദാസ് സ്വന്തമാക്കുകയായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പിഎം മാത്യുവിന്റെ ബന്ധുക്കള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പട്ടയങ്ങള്‍ പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. നാല് പട്ടയ നമ്പറിലെ രണ്ടര ഏക്കര്‍ സ്ഥലം ഏറ്റെടുക്കാന്‍ തഹസീല്‍ദാര്‍ക്ക് നിര്‍ദേശവും രേണുരാജ് നല്‍കിയിട്ടുണ്ട്.
പരിശോധനയില്‍ പട്ടയം വ്യാജമാണെന്ന് തെളിഞ്ഞതിനാല്‍ പട്ടയം റദ്ദാക്കുന്നുവെന്നും പട്ടയത്തിന്റെ പേരില്‍ പിടിച്ചിട്ടുള്ള തണ്ടപ്പേരും ഉള്‍പ്പെടുന്ന വസ്തുക്കളും സര്‍ക്കാര്‍ അധീനതയില്‍ ഏറ്റെടുക്കുന്നതിന് തഹസില്‍ദാറെ ചുമതലപ്പെടുത്തിയതായും ഉത്തരവില്‍ പറയുന്നു. കഴിഞ്ഞ മാസം 24ആണ് പട്ടയം റദ്ദ് ചെയ്തുകൊണ്ടുള്ള ഉത്തരവിറക്കിയത്. ഇതിന് തൊട്ട് പിന്നാലെ രേണു രാജിനെ സ്ഥലം മാറ്റുകയായിരുന്നു.
















