തൃശൂര്‍: സംസ്ഥാനത്ത് വീണ്ടും കസ്റ്റഡി മരണം. കഞ്ചാവുമായി പിടികൂടിയ മലപ്പുറം സ്വദേശി രഞ്ജിത്താണ് എക്‌സൈസ് കസ്റ്റഡിയില്‍ മരിച്ചത്. ഇയാളെ മരണ ശേഷമാണ് ആശുപത്രിയിലെത്തിച്ചതെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് ഉച്ചയ്‌ക്ക് 12ഓടെ രഞ്ജിത്തിനെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. വൈകിട്ട് അഞ്ചോടെയാണ് അയാളെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തിക്കുന്നതിന് പത്തു മിനിറ്റ് മുന്‍പെങ്കിലും രഞ്ജിത്ത് മരണപ്പെട്ടിരുന്നുവെന്നാണ് അധികൃതര്‍ അറിയിച്ചത്. കസ്റ്റഡിയില്‍ എടുത്ത ശേഷം രഞ്ജിത്ത് അപസ്മാരത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നുവെന്നും അതിനാലാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നുമാണ് എക്‌സൈസ് അധികൃതരുടെ ന്യായീകരണം.
















